Connect with us

National

പിതാവിന്റെ പാത പിന്തുടർന്ന് രണ്ടാമൂഴത്തിലേക്ക്

Published

|

Last Updated

റാഞ്ചി | ഝാർഖണ്ഡിൽ 2016ലെ ഛോട്ടാ നാഗ്പൂർ കുടിയാൻ നിയമവും സാന്താൾ പർഗാന നിയമവും ഭേദഗതി ചെയ്യാൻ ശ്രമിച്ച ബി ജെ പി സർക്കാറിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തിയാണ് പ്രതിപക്ഷ നേതൃനിരയിലെ കരുത്തുറ്റ നേതാവായി ഹേമന്ത് സോറൻ ഉയർന്നു വന്നത്.

എൻജിനീയറിംഗ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച സോറൻ പിതാവിന്റെ പാത പിന്തുടർന്നാണ് രാഷ്ട്രീയത്തിൽ എത്തിയത്. 2009ൽ രാജ്യസഭാംഗമായതോടെ സംസ്ഥാനത്ത് നിന്ന് രാജ്യതലസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പ്രവർത്തനം വളർന്നു. 2013 ജനുവരിയില്‍ ജെ എം എം. ബി ജെ പി സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ചു. ഇതോടെ രാഷ്ട്രപതി ഭരണം നിലവില്‍വന്നു.

പിന്നീട് ജൂലൈ 13 ന് കോണ്‍ഗ്രസ്, ആർ ജെ ഡി പിന്തുണയോടെ ഹേമന്ത് സോറന്‍ 38ാം വയസ്സില്‍ ഝാർഖണ്ഡിന്റെ അഞ്ചാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റു. മുഖ്യമന്ത്രി പദത്തിലെത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു. പക്ഷേ, ഒന്നര വര്‍ഷത്തോളം മാത്രമേ സോറന്‍ സര്‍ക്കാറിന് ആയുസ്സ് ഉണ്ടായിരുന്നുള്ളു. പിന്നീട് 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പാർട്ടിയെ വിജയത്തിലെത്തിക്കാനായില്ല.തുടർന്ന് താഴേ തട്ട് മുതൽ നടത്തിയ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തിൽ രണ്ടാമൂഴം ഒരുക്കിയത്. ബി ജെ പിയെ തുരത്തിയെറിഞ്ഞ് ജെ എം എം – കോൺഗ്രസ് സഖ്യം ഭരണം പിടിക്കുമ്പോൾ മനസ്സ് നിറഞ്ഞു ചിരിക്കുകയാണ് 44കാരനായ ഈ ജെ എം എം നേതാവ്. 1975 ആഗസ്റ്റ് പത്തിന് രാംഗഢിലാണ് ജനനം. റാഞ്ചിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ മെക്കാനിക്കൽ എൻജിനീയറിംഗിന് ചേർന്നെങ്കിലും കോഴ്‌സ് പൂർത്തിയാക്കിയില്ല. സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി ഷിബു സോറന്റെ മകനാണ്. ഭാര്യ: കല്പന സോറൻ. മക്കൾ: ദുർഗ, അഞ്ജലി, ബസന്ത്.