Connect with us

National

പ്രതിഷേധം കത്തുന്നതിനിടെ മോദി പങ്കെടുക്കുന്ന റാലി ഇന്ന്; സംയുക്ത പ്രതിപക്ഷ പ്രക്ഷോഭം തിങ്കളാഴ്ച

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ ശക്തമായതിനിടെ, പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാവിലെ പതിനൊന്നിന് രാംലീല മൈതാനിയിലാണ് റാലി നടക്കുക. ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിശദീകരണത്തിനും പ്രചാരണത്തിനുമായാണ് റാലി സംഘടിപ്പിച്ചിട്ടുള്ളത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റാലിയില്‍ മോദി വിശദീകരിക്കും. കേന്ദ്രമന്ത്രിമാരും ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളും മറ്റും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. പരിപാടിക്ക് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, പ്രതിഷേധങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണത്തിന് ഡല്‍ഹിയില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ വിളിച്ച യോഗത്തില്‍ ധാരണയായി. നിയമം വിശദീകരിച്ച് അടുത്ത പത്തു ദിവസത്തില്‍ ആയിരം റാലികള്‍ നടത്താനും 250 വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കാനും പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യം നല്‍കാനും, വീടു കയറിയുള്ള പ്രചാരണം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം തീരുമാനിച്ചു. തിങ്കളാഴ്ച രാജ്ഘട്ടില്‍ നടക്കുന്ന സംയുക്ത പ്രതിപക്ഷ പ്രക്ഷോഭത്തില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും. പ്രക്ഷോഭം ഇന്ന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest