Connect with us

Alappuzha

ഇരുട്ടത്ത് വാഹന പരിശോധന; ചോദ്യം ചെയ്തയാളുടെ പല്ല് പോലീസ് അടിച്ചു കൊഴിച്ചു

Published

|

Last Updated

ചേര്‍ത്തല | ഇരുട്ടത്ത് വാഹന പരിശോധന നടത്തിയ പോലീസ് നടപടി ചോദ്യം ചെയ്തയാളുടെ പല്ല് പോലീസ് ഉദ്യോഗസ്ഥന്‍ അടിച്ചു കൊഴിച്ചു. ചേര്‍ത്തല സ്വദേശിയും തിരുവനന്തപുരം പി എസ് സി ഓഫീസിലെ ഉദ്യോഗസ്ഥനുമായ ഇല്ലിക്കല്‍ രമേഷ് എസ് കമ്മത്തിനാണ് (52) അടിയേറ്റത്. സംഭവത്തില്‍ പ്രാഥമിക നടപടിയെന്ന നിലയില്‍ പോലീസ് ഡ്രൈവര്‍ സുധീഷിനെ സസ്പെന്‍ഡ് ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ എം ടോമി അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പോലീസ് മര്‍ദിച്ചതെന്ന് രമേഷിന്റെ പരാതിയില്‍ പറയുന്നു. അടിയേറ്റ് രമേഷിന്റെ ഒരു പല്ല് കൊഴിയുകയും കണ്ണിനും കഴുത്തിനും ജനനേന്ദ്രിയത്തിനും പരുക്കേല്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇയാള്‍സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. സംഭവം നടന്ന് രണ്ടുദിവസത്തിനു ശേഷമാണ് രമേഷ് പരാതി നല്‍കിയത്.

റോഡിലെ വളവില്‍ വച്ച് രമേഷിന്റെ ബൈക്ക് തടഞ്ഞുവക്കുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ഇല്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ വിട്ടയക്കുകയും ചെയ്തു. എന്നാല്‍, മടങ്ങിവന്ന രമേഷ് വളവിലും ഇരുട്ടിലും വാഹന പരിശോധന പാടില്ലെന്ന് ഡി ജി പിയുടെ സര്‍ക്കുലര്‍ ഉണ്ടല്ലോയെന്ന് പറയുകയും പരിശോധനയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ പോലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിനു ശേഷം സ്റ്റേഷനിലെത്തിച്ചും കൈയേറ്റം ചെയ്തതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest