Connect with us

Kerala

ഒരു വിഭാഗത്തിന് മാത്രം പൗരത്വം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധം: ജിഫ്രി മുത്തുക്കോയ തങ്ങള്‍

Published

|

Last Updated

കോഴിക്കോട് | മതത്തിന്റെ പേരില്‍ പൗരത്വം ഒരു വിഭാഗത്തിന് മാത്രം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ നിരാകരിക്കുന്നതുമാണെന്ന് ഇ കെ വിഭാഗം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതും രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതുമായ നിയമം ഒരാള്‍ക്കും അംഗീകരിക്കാനാകില്ല. കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഗൃഹത്തില്‍ നിന്ന് അന്യരാക്കി ആട്ടിയോടിക്കാനുള്ള ഹിന്ദുത്വ ഫാസിസ ഭരണകൂടത്തോട് ജനാധിപത്യ മാര്‍ഗത്തില്‍ ഉറച്ചുനിന്ന് പൊരുതേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ പൊതുബാധ്യതയാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ഭരണഘടനയുടെ തകര്‍ച്ച മുസ്‌ലിം വിഭാഗത്തിന്റേതു മാത്രമായി പ്രശ്നവല്‍ക്കരിക്കുന്നത് അനുചിതമാണ്. ജനാധിപത്യത്തിന്റെ തകര്‍ച്ചയിലേക്കാണത്  കൊണ്ടെത്തിക്കുന്നതെന്ന് നാം മനസിലാക്കണം. അതുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഒരുമിച്ചു നിന്ന് പോരാടേണ്ടതുണ്ട്. കഴിഞ്ഞ കാലങ്ങളിലെ രാഷ്ട്രീയ തീരുമാനങ്ങള്‍ മറന്ന് മതേതര കക്ഷികള്‍ ഒറ്റക്കെട്ടാകണം. ഇന്നലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിഷയത്തിലെടുത്ത തീരുമാനം അഭനന്ദനീയമാണ്. ബാബരി വിഷയത്തിലും രാജ്യത്തെ മുസ്ലിംകള്‍ക്ക് നീതി ലഭിച്ചിട്ടില്ല. മതപരമായ വിവേചനം രാജ്യത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പൗരത്വ വിഭജനം ജനശ്രദ്ധ തിരിച്ചുവിടാനാണെന്നും ഭരണഘടനാ തത്വങ്ങള്‍ക്ക് നിരക്കാത്തതും രാജ്യത്തെ തകര്‍ക്കുന്നതുമാണെന്നും ഹൈദരലി തങ്ങള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു സമൂഹത്തിന് മതത്തിന്റെ പൗരത്വം നിഷേധിക്കുന്നത് ആദ്യമായാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിംകളെ മാത്രം ഒഴിവാക്കിയുള്ള പൗരത്വപട്ടിക കടുത്ത വിവേചനമാണെന്ന് ആര്‍ക്കും ബോധ്യമാകുമെന്നും ഹൈദരലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പി പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തി. കെ ശങ്കരനാരായണന്‍, സി കെ എം സ്വാദിഖ് മുസ്‌ലിയാര്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, പി കെ പി അബ്ദുസലാം മുസ്‌ലിയാര്‍, പി കെ കുഞ്ഞാലിക്കുട്ടി എം പി, എളംമരം കരീം എം പി, ബിനോയ് വിശ്വം എം പി, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, പി വി അബ്ദുല്‍ വഹാബ് എം പി, യു എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സി കെ നാണു എം എല്‍ എ, അഡ്വ. പി ടി എ റഹീം, ഇ കെ വിജയന്‍ എം എല്‍ എ, സമാജ്വാദി പാര്‍ട്ടി ദേശീയ സെക്രട്ടറി ജോ ആന്റണി. പി സുരേന്ദ്രന്‍, പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, വി കുഞ്ഞാലി, ഡോ. ബഹാവുദ്ധീന്‍ മുഹമ്മദ് നദവി, അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ സംസാരിച്ചു. മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍ സമാപന പ്രാര്‍ഥന നടത്തി. എം ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതവും ഉമര്‍ ഫൈസി മുക്കം നന്ദിയും പറഞ്ഞു.

Latest