Connect with us

Kerala

മഹാരാഷ്ട്രയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ധാരണ

Published

|

Last Updated

മുംബൈ |  മഹാരാഷ്ട്രാ നിയമസഭയുടെ ശൈത്യകാല സമ്മേളനം അടുത്തയാഴ്ച ആരംഭിക്കാനിരക്കെ സുപ്രധാന വകുപ്പുകള്‍ വീതിച്ചു നല്‍കി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സര്‍ക്കാര്‍ അധികാരമേറ്റ് രണ്ട് ആഴ്ച കഴിഞ്ഞതിന് ശേഷമാണ് വകുപ്പുകള്‍ സംബന്ധിച്ച ധാരണയായത്. പ്രധാന വകുപ്പുകള്‍ക്കായി തര്‍ക്കം നിലനിന്നതാണ് തീരുമാനം വൈകാന്‍ ഇടയാക്കിയത്. പുതിയ ധാരണ പ്രകാരം മുഖ്യമന്ത്രി പദത്തിന് പുറമെ ആഭ്യന്തര വകുപ്പും ശിവസേനക്ക് ലഭിക്കും. ധനകാര്യ വകുപ്പ് എന്‍ സി പിക്കും റെവന്യൂ, ഊര്‍ജം എന്നിവ കോണ്‍ഗ്രസിനും ലഭിക്കും.

ശിവസേനക്ക് ലഭിക്കുന്ന ആഭ്യന്തര മന്ത്രിസ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ എത്തിയേക്കും. ആഭ്യന്തരത്തിന് പുറമെ നഗര വികസനം, വനം പരിസ്ഥിതി, ജലവിതരണം, പാര്‍ലമെന്ററികാര്യം എന്നീ വകുപ്പുകളുടെ ചുമതലയും അദ്ദേഹത്തിനാവും. ശിവസേനയിലെ സുഭാഷ് ദേശായിക്കാവും വ്യവസായം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം, കൃഷി, ഗതാഗതം, തൊഴിലുറപ്പ് എന്നീ മന്ത്രാലയങ്ങളുടെ ചുമതല.

എന്‍ സി പി നേതാവ് ജയന്ത് പാട്ടീലാവും മഹാരാഷ്ട്രയിലെ ധനമന്ത്രി. ഭവന നിര്‍മാണം, ആരോഗ്യം, തൊഴില്‍, ന്യൂനപക്ഷ ക്ഷേമം എന്നിവയുടെ ചുമതലയും അദ്ദേഹത്തിനുണ്ടാവും. എന്‍ സി പിയുടെ ഛഗന്‍ ഭുജ്ബലിന് നഗര വികസനം, ജലവിഭവം, ഭക്ഷ്യ- സാമൂഹികക്ഷേമ വകുപ്പുകള്‍ ലഭിക്കും.

കോണ്‍ഗ്രസ് നേതാവ് ബാലസാഹെബ്തോറാട്ടാവും റെവന്യൂമന്ത്രി. മെഡിക്കല്‍ വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് എന്നീ മന്ത്രാലയങ്ങളും അദ്ദേഹത്തിന് ലഭിക്കും. കോണ്‍ഗ്രസിലെ നിതിന്‍ റാവത്താവും പൊതുമരാമത്ത്, ഗോത്രവര്‍ഗ ക്ഷേമം, വനിതാ ശിശുവികസനം, ടെക്‌സ്‌റ്റൈല്‍സ്, പിന്നാക്ക ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി.