Connect with us

National

ബാബരി ഭൂമി കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി | ബാബരി മസ്ജിദ് ഭൂമി കേസിലെ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച 18 ഹര്‍ജികള്‍ സുപ്രിം കോടതി തള്ളി. ബാബരി മസ്ജിദ് നില നിന്ന ഭൂമി ക്ഷേത്ര നിര്‍മാണത്തിന് വിട്ടുനല്‍കുകയും മുസ്ലിംകള്‍ക്ക് പള്ളി പണിയാന്‍ അയോധ്യയില്‍ അഞ്ചേക്കര്‍ അനുവദിക്കണമെന്നുമുള്ള സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിനെതിരായ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ച് തള്ളിയത്.

നവംബര്‍ 9 നാണ് ബാബരി ഭൂമി കേസില്‍ സുപ്രീം കോടതിയുടെ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഐകകണ്‌ഠ്യേന വിധി പ്രസ്താവിച്ചത്. ബാബരി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ ഭൂമി റാം ലല്ലയ്ക്ക് ക്ഷേത്ര നിര്‍മാണത്തിനായി വിട്ടു നല്‍കുകയും മുസ്ലിംകള്‍ക്ക് പള്ളി പണിയുന്നതിനായി സുന്നി വഖഫ് ബോര്‍ഡിന് അയോദ്ധ്യയിലെ അനുയോജ്യമായ സ്ഥലത്ത് അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണമെന്ന് ഉത്തരവിടുകയുമായിരുന്നു സുപ്രീം കോടതി ചെയ്തത്.

പള്ളി നിന്നിരുന്ന സ്ഥലത്ത് നേരത്തെ ഒരു നിര്‍മിതി ഉണ്ടായിരുന്നുവെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) യുടെ റിപ്പോര്‍ട്ടിനെ ജഡ്ജിമാര്‍ വിധിയില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് ഒരു ക്ഷേത്രമാണോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെന്നും കോടതി പറഞ്ഞിരുന്നു. 1,045 പേജുള്ള ഉത്തരവില്‍ ബാബരി മസ്ജിദ് പൊളിച്ച നടപടി തെറ്റാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.