കണ്ണിന് മുറിവേറ്റ എല്‍ കെ ജി വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്ന് പരാതി

Posted on: December 10, 2019 11:15 pm | Last updated: December 11, 2019 at 11:03 am

താമരശ്ശേരി: കണ്ണിന് മുറിവേറ്റ എല്‍ കെ ജി വിദ്യാര്‍ഥിയെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് പരാതി. സഹപാഠിയുടെ പേന കൊണ്ട് കണ്ണിന് മുറിവേറ്റ പുതുപ്പാടി മണല്‍വയല്‍ എ കെ ടി എം എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥി മണല്‍വയല്‍ കല്ലടിക്കുന്നുമ്മല്‍ മുഹമ്മദ് സ്വാലിഹിന്റെ മകന്‍ തന്‍വീര്‍ അസ്‌ലമിന്(4) ചികിത്സ ലഭ്യമാക്കിയില്ലെന്നാണ് പരാതി.

തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ക്ലാസില്‍ കളിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ കണ്ണിന് കുത്തേറ്റത്. വിവരം അറിഞ്ഞ അധ്യാപിക കുട്ടിയുടെ കണ്ണ് കഴുകിക്കൊടുത്തെങ്കിലും വിവരം മറ്റു അധ്യാപകരെയോ രക്ഷിതാക്കളെയോ അറിയിച്ചില്ല. കണ്ണിന് നിറ വ്യത്യാസമുണ്ടാവുകയും വിദ്യാര്‍ത്ഥി അവശനാവുകയും ചെയ്തതിനെ തുടര്‍ന്ന് രണ്ടരയോടെയാണ് മാതാവിനെ വിവരമറിയിച്ചത്. രക്ഷിതാവ് സ്‌കൂളിലെത്തി അവശനായ തന്‍വീര്‍ അസ്‌ലമിനെ ഈങ്ങാപ്പുഴയിലെ കണ്ണാശുപത്രിയില്‍ എത്തിച്ചു.

കണ്ണിന്റെ കൃഷ്ണമണിക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും ഉടന്‍ തന്നെ കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിക്കണമെന്നും അവിടെ നിന്ന് നിര്‍ദേശിച്ചു. ഇവിടെയെത്തിച്ച തന്‍വീര് അസ്‌ലമിന് ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സ ലഭ്യമാക്കാന്‍ വൈകിയതിനാല്‍ കണ്ണിന്റെ കാഴ്ച പൂര്‍ണമായും തിരിച്ചു കിട്ടില്ലെന്ന സൂചനയാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പൊതു പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.