ബസിന് മുകളിൽ കയറി പൂത്തിരി കത്തിച്ച് ജന്മദിനാഘോഷം; വിനോദയാത്ര പോയ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

Posted on: December 9, 2019 4:51 pm | Last updated: December 10, 2019 at 12:53 am
വിനോദ യാത്രക്കിടെ വിദ്യാർഥികൾ ജന്മദിനം ആഘോഷിക്കുന്നു

താമരശ്ശേരി | വിദ്യാർഥികളുടെ വിനോദ യാത്രക്കിടെയുള്ള ജന്മദിനാഘോഷം വിവാദത്തിൽ. താമരശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥികളുടെ വിനോദയാത്രക്കിടെ ബസ് ജീവനക്കാരൻ ബസിന് മുകളിൽ കയറി പൂത്തിരി കത്തിച്ചതും താഴെയുള്ള വിദ്യാർഥികൾ കേക്ക് മുറിച്ചതുമാണ് വിവാദമായത്. മൈസൂരിലേക്കുള്ള വിനോദയാത്രക്കിടെ ഈമാസം ഒന്നിന് കുടകിൽ വെച്ചായിരുന്നു സംഭവം. അഞ്ച് ബസുകളിലായാണ് വിദ്യാർഥികളും അധ്യാപകരും വിനോദയാത്ര പോയത്. ഇതിൽ ഒരു വിദ്യാർഥിനിയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബസിന് മുകളിൽ കയറി പൂത്തിരി കത്തിച്ചത് ഗതാഗത നിയമ ലംഘനമാണെന്നും അപകടം ക്ഷണിച്ചു വരുത്തുന്നതാണെന്നുമാണ് ആക്ഷേപം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെയാണ് ഗതാഗത നിയമ ലംഘനം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്. ബസ് ജീവനക്കാരൻ പകർത്തിയ ദൃശ്യം ടൂറിസ്റ്റ് ബസുടമകൾ തമ്മിലുള്ള പകയുടെ ഭാഗമായി എതിർ വിഭാഗം പുറത്തുവിടുകയായിരുന്നു. വിദ്യാർഥികൾ ബസിന് മുന്നിൽ നിന്ന് കേക്ക് മുറിക്കുന്നതും ഈ സമയം ഒരാൾ ബസിന് മുകളിൽ കയറി പൂത്തിരി കത്തിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
യാത്രക്കിടെ ഭക്ഷണം കഴിക്കാനായി നിർത്തിയപ്പോൾ സമീപത്തെ ബേക്കറിയിൽ നിന്ന് വാങ്ങിയ കേക്ക് ബസിന് മുന്നിൽ വെച്ച് മുറിക്കുകയും ഒരു ജീവനക്കാരൻ ബസിന് മുകളിൽ കയറി പൂത്തിരി കത്തിക്കുകയുമായിരുന്നുവെന്ന് ആഘോഷത്തിൽ പങ്കെടുത്ത വിദ്യാർഥികൾ പറഞ്ഞു. ബസിൽ ഉണ്ടായിരുന്ന പൂത്തിരിയാണ് കത്തിച്ചതെന്നും ഈ സമയം അധ്യാപകർ മറ്റു വിദ്യാർഥികൾക്ക് ഭക്ഷണം നൽകുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. വിദ്യാർഥികൾ ബസിന് മുന്നിൽ നിന്ന് കേക്ക് മുറിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും വിദ്യാർഥികൾ പോലും അറിയാതെ ജീവനക്കാരൻ ബസിന് മുകളിൽ കയറി പൂത്തിരി കത്തിക്കുകയായിരുന്നുവെന്നും പ്രിൻസിപ്പലിന്റെ ചുമതലയുള്ള ബിന്ദു വി ജോർജ് പറഞ്ഞു. പടക്കം പൊട്ടിച്ചുവെന്നും കരിമരുന്ന് പ്രയോഗം നടത്തിയെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അധ്യാപകർ പറഞ്ഞു.
സംഭവം വിവാദമായതോടെ പൂത്തിരി കത്തിച്ച കെ എൽ 35 ഡി 5858 നമ്പർ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടിച്ചെടുത്തു.