Connect with us

Book Review

നിത്യവസന്തമൊരുക്കും രചനാലോകം

Published

|

Last Updated

“മനുഷ്യൻ” എന്ന മനോഹരപദം! കേൾക്കാൻ ഇമ്പമുള്ള ശീർഷകം! കഴിഞ്ഞ ആറ് ദശാബ്ദങ്ങളായി സാഹിത്യ- സാമൂഹിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ ടി ആർ തിരുവിഴാംകുന്നിന്റെ മുപ്പത്തിമൂന്നാമത്തെ ഗ്രന്ഥമാണിത്. മതേതരത്വം, മാനവികത, സോഷ്യലിസം, സമദർശനം, സാർവലൗകികത്വം തുടങ്ങിയ ആധുനിക മനുഷ്യന്റെ നാനാമുഖമായ ഗുണവിശേഷങ്ങൾ ചർച്ചചെയ്യപ്പെടുന്ന കൃതിയാണിത്. ഒപ്പം സ്മരണാനദിയുടെ ശക്തമായ പ്രവാഹവും.

മനുഷ്യൻ, ഹാ! എത്ര സുന്ദരമായ പദം”എന്ന് പ്രസ്താവിച്ചത് മാക്‌സിം ഗോർക്കിയാണ്. പ്രസിദ്ധ റഷ്യൻ സാഹിത്യകാരനായിരുന്ന മാക്‌സിംഗോർക്കിയും ലക്ഷക്കണക്കിന് മനുഷ്യരും മരിച്ചു മണ്ണടിഞ്ഞു. പക്ഷേ, ഇന്നും മഹാനായ മാക്‌സിംഗോർക്കിയുടെ മഹദ്‌വാക്യം കാലാതിവർത്തിയായി നിലകൊള്ളുന്നു. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊള്ളുന്ന കാലം. ചോരയും കണ്ണീരും വിലാപങ്ങളും ദാരുണമാക്കിയ യുദ്ധരംഗം. ബ്രിട്ടനിലെ പ്രസിദ്ധമായ ഒരു ദിനപത്രം യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്യാൻ വേണ്ടി ഒരു പത്രപ്രവർത്തകയെ യുദ്ധമുഖത്തേക്ക് നിയോഗിച്ചു. പ്രശസ്തയായ പത്ര റിപ്പോർട്ടറാണവർ.

പത്ര റിപ്പോർട്ടർ വാർത്തകൾ ചൂടോടെ അയച്ചുകൊണ്ടിരുന്നു. ഒരു ദിവസം അവർ അയച്ച വാർത്തയുടെ ശീർഷകം ഇതായിരുന്നു: “ഞാൻ ഇന്ന് ദൈവത്തെ ദർശിച്ചു.”
വാർത്താ ശീർഷകം വായിച്ചപ്പോൾ പത്രാധിപർക്ക് അത്ഭുതം. യുദ്ധമുഖത്ത് ദൈവമോ? എന്താണ് സംഭവമെന്നറിയാനുള്ള ആകാംക്ഷയോടെ പത്രാധിപർ വാർത്ത വായിച്ചു.
യുദ്ധമേഖലയുടെ പരിസരങ്ങളിൽ ധാരാളം അഭയാർഥി ക്യാമ്പുകളുണ്ട്. ഭക്ഷണവും വെള്ളവും വസ്ത്രങ്ങളുമില്ലാതെ വിശന്നും രോഗപീഡകളാലും നരകിക്കുന്ന അഭയാർഥികൾക്കിടയിലേക്ക് ദിവസവും ഒരു പ്രാവശ്യം, ഭക്ഷണപ്പൊതികൾ വിമാനത്തിൽ കൊണ്ടുവന്ന് താഴോട്ടിട്ടുകൊടുക്കും. അന്നേരം അനുഭവപ്പെടുന്ന തിരക്ക് വിവരണാതീതമാണ്. ആവശ്യക്കാർക്ക് മുഴുവൻ ഭക്ഷണപ്പൊതികൾ ലഭിക്കുകയില്ല. എന്നാൽ കൈക്കരുത്തും തടിമിടുക്കും ഉള്ളവർക്ക് ഒന്നിലേറെ പൊതികൾ കിട്ടിയെന്നും വരും. അത്രയം”നാഥനില്ലാക്കളരി”യിൽ, ഭക്ഷണപ്പൊതി ലഭിക്കാനായി പന്ത്രണ്ട്/ പതിനാല് വയസ്സ് പ്രായം തോന്നിപ്പിക്കുന്ന ഒരു ബാലിക പണിപ്പെട്ട് ശ്രമിക്കുന്നതിനിടയിൽ ഒരു ഭക്ഷണപ്പൊതി അവളുടെ മുന്നിൽ വന്നുവീണു. അവൾ അത് കുനിഞ്ഞെടുക്കാൻ ശ്രമിച്ചപ്പോഴേക്കും ഒരു തടിമാടൻ അത് കൈക്കലാക്കി. ഒരരനിമിഷത്തെ ശ്രദ്ധക്കുറവുകൊണ്ടാകാം, ആ പൊതി അയാളുടെ കൈയിൽ നിന്ന് താഴെ വീണ് പൊട്ടി. ഒരു പഴം പുറത്തുചാടി. ബാലിക ആ പഴം പെട്ടെന്ന് കുനിഞ്ഞെടുത്തു. പഴവുമായി അവൾ അഭയാർഥി ക്യാമ്പിലേക്ക് ഓടി. അവിടെ അവളുടെ അനിയത്തി വിശന്നുകിടക്കുന്നു. സ്വന്തം അനിയത്തിയല്ല. അവളുടെ അമ്മയുടെ അനുജത്തിയുടെ മകൾ (അവളുടെ അമ്മയും അനിയത്തിയും യുദ്ധാരംഭത്തിൽ കൊല്ലപ്പെട്ടിരുന്നു). വിശപ്പുകൊണ്ട് പരവശയായ അവൾ ആ പഴം മുഴുവൻ അനിയത്തിക്ക് കഴിക്കാൻ നൽകി. പഴം തൊലിച്ചെടുത്തശേഷം, ആ തൊലിയിൽ അവശേഷിക്കുന്ന നേർത്ത പാട ആ ബാലിക നാവുകൊണ്ട് നക്കിയെടുത്തു രുചിച്ചു.

ഈ രംഗത്തിന് ദൃക്‌സാക്ഷിയായ പത്രപ്രവർത്തകയുടെ ഹൃദയം തുടിച്ചു; മനസ്സ് ആർദ്രമായി. ഫലമോ? ഒരു വിശിഷ്ട വാർത്ത ലോകമറിഞ്ഞു. യുദ്ധം അവസാനിച്ച് ഒരു വർഷത്തിനുള്ളിൽ ബെസ്റ്റ് റിപ്പോർട്ടിംഗിനുള്ള പുലിറ്റ്‌സർ പുരസ്‌കാരം ഈ പത്രപ്രവർത്തകക്ക് ലഭിച്ചു.
യുദ്ധമുഖത്ത് മാത്രമല്ല, ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത്.

നമ്മുടെയൊക്കെ നിത്യജീവിതത്തിൽ പലർക്കും ശ്ലാഘനീയമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും.
കോഴിക്കോട്, അഴുക്കുചാൽ (മാൻഹോൾ) ശുചീകരിക്കാനിറങ്ങിയ ഒരു അതിഥി തൊഴിലാളി ശ്വാസംമുട്ടി പിടഞ്ഞുമരിക്കാൻ തുടങ്ങുന്നതുകണ്ട മലയാളിയായ ഒരു ഓട്ടോ ഡ്രൈവർ, വണ്ടിനിർത്തി പെട്ടെന്ന് മാൻഹോളിലേക്ക് ചാടി. മരണാസന്നനായ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഡ്രൈവറും മരിച്ചു. മാൻഹോളിൽ കിടന്നു പിടയുന്ന തൊഴിലാളി മലയാളിയാണോ, തന്റെ മതവിശ്വാസിയാണോ, തന്റെ രാഷ്ട്രീയ ചിന്താഗതിക്കാരനാണോ എന്നൊന്നും ചിന്തിക്കാതെ മാൻഹോളിലേക്ക് എടുത്തുചാടിയ നൗഷാദ് എന്ന ഡ്രൈവർ, മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയാണ്. ഇത്തരം മഹത്തായ ആർജവമതികളായ ആയിരക്കണക്കിൽ മനുഷ്യരത്‌നങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരം ത്യാഗമതികളുടെ പുഷ്‌കലജീവിതത്തെക്കുറിച്ചോർക്കുമ്പോൾ, മനുഷ്യൻ എന്ന പദം എത്ര സുന്ദരമാണ്! മാനുഷികതയുടെ തിളക്കം ദർശിക്കാൻ വമ്പൻ സമ്പന്നരേയോ ഭരണാധികാരികളേയോ അല്ല നോക്കേണ്ടത്. മലതുരക്കൽ, മണലൂറ്റൽ, പുഴ കൈയേറ്റം, മദ്യവ്യാപനം, ബലാത്സംഗ/കൊലപാതക ശൃംഖലകൾ, മണ്ണ് – പെണ്ണ് – പൊന്ന് മാഫിയകൾ തുടങ്ങിയ കാട്ടുരാജാക്കൾ മാനവികതയുടെ കുഴലൂത്തുകാരാകുകയില്ല. അവർ ധനം കുന്നുകൂട്ടാനാണ് ശ്രമിക്കുക. മൊത്തം ലോക സമ്പത്തിന്റെ പകുതിയിലധികവും ലോകത്തെ കേവലം നൂറ് ധനാഢ്യരുടെ കൈവശമാണ്. ഇവർ മാനവികതയുടെ സന്ദേശവാഹകരാകുകയില്ല. സമൂഹത്തിലെ ദുരിതങ്ങൾ തന്റേതുകൂടിയാണെന്ന തിരിച്ചറിവും “എങ്ങും മനുഷ്യന് ചങ്ങല കൈകളിൽ അങ്ങെൻ കയ്യുകൾ നൊന്തീടുകയാണ് / എങ്ങോ മർദനമവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു എന്ന മനോഭാവവുമുള്ള അനേകം മഹദ്‌വ്യക്തികൾ ഈ ഭൂമിയിലുണ്ട്. അവർ എണ്ണത്തിൽ കുറവായിരിക്കാം. പക്ഷേ, അവരുടെ പ്രവർത്തനങ്ങളുടെ മഹത്വം അത്യുന്നതമാണ്. ഭൂമിയിൽ സ്വർഗം സൃഷ്ടിക്കുന്ന ഇത്തരം സദ്പുത്രന്മാരുടെ ജീവിതഗാഥയാണ്, മനുഷ്യൻ എന്ന മനോഹരപദമെന്ന കൃതി. ചിന്തയിൽ ഔന്നത്യവും ജീവിതത്തിൽ ലാളിത്യവും പുലർത്തിയ, കേരളത്തെ മുന്നിൽ നിന്ന് നയിച്ച ഇ എം എസ്, തനി ജനകീയനായ കുട്ടനധികാരി, ലാഭേച്ഛയില്ലാതെ നിഷ്പക്ഷമായി സാമൂഹികസേവനം നിർവഹിച്ച പൂളമണ്ണ കുഞ്ഞയമ്മു തുടങ്ങിയ ത്യാഗശീലരുടെ ധാരാളം നേർചിത്രങ്ങൾ. ഒപ്പംതന്നെ നമ്മുടെ സമൂഹഗാത്രത്തെ അർബുദതുല്യം ആക്രമിക്കുന്ന പരിസ്ഥിതിനാശം, കർഷക ആത്മഹത്യ, വിദ്യാഭ്യാസ വാണിജ്യം വ്യാപകമാകുന്ന കാമാർത്തി, ആതുരചികിത്സാരംഗത്തെ വൻ അഴിമതി മുതലായവയുടെ വ്യാപ്തിയെക്കുറിച്ചുള്ള ഉത്കണ്ഠാകുലമായ ചിന്തകൾ പുസ്തകംപങ്കുവെക്കുന്നു.

sramanan1962@gmail.com