Connect with us

Kerala

യാത്ര വന്‍ വിജയം; ജപ്പാനില്‍നിന്നും വന്‍ നിക്ഷേപം വരും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം| തന്റെ നേതൃത്വത്തിലുള്ള സംഘം ജപ്പാനിലും കൊറിയയിലും നടത്തിയ സന്ദര്‍ശനം വന്‍ വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജപ്പാനില്‍ നിന്ന് വന്‍ നിക്ഷേപം ഉറപ്പാക്കാന്‍ സന്ദര്‍ശനത്തിലൂടെ സാധിച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തിന്റെ തെളിവാണിത് . നീറ്റ ജലാറ്റിന്‍ കമ്പനി കേരളത്തില്‍ 200 കോടിയുടെ നിക്ഷേപം നടത്തും. തോഷിബ കമ്പനിയുമായി ഉടന്‍ കരാര്‍ ഒപ്പിടും. ടൊയോട്ട കമ്പനിയുമായും കരാറില്‍ എത്തുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കേരളത്തിന്റെ വളര്‍ച്ചയുടെ രണ്ടാം ഘട്ടത്തിലേക്ക് വിവിധ മേഖലകളിലെ വികസനത്തിന് സന്ദര്‍ശനം ഗുണം ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശ സന്ദര്‍ശനം നടത്തിയപ്പോഴൊക്കെ അത് ഗുണം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയാനില്ല. വിദേശ സന്ദര്‍ശനം നടത്തിയത് കേരളത്തിലെ യുവജനങ്ങളെ മുന്നില്‍ കണ്ടാണ്. കുടുംബാംഗത്തിന്റെ ചിലവ് സര്‍ക്കാര്‍ എടുത്തു എന്ന് പറയുന്നത് ശരിയല്ല. ഇതിന് മുന്‍പ് നടത്തിയ യാത്രയുടെ കാര്യം പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടും. ഉല്ലാസ യാത്രയാണോയെന്നത് ഒപ്പം വന്ന ഉദ്യോഗസ്ഥരോട് ചോദിച്ചാല്‍ മനസിലാകും. ജപ്പാനിലെ വ്യവസായികള്‍ക്ക് കേരളത്തെക്കുറിച്ച് നല്ല മതിപ്പാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നത് പോലീസിന്റെ കാര്യക്ഷമതക്ക് വേണ്ടിയാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് ഹെലികോപ്റ്റര്‍ നല്‍കുന്നതെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Latest