Connect with us

Ongoing News

കോലിക്കൊടുങ്കാറ്റില്‍ ഇന്ത്യക്ക് മിന്നും ജയം

Published

|

Last Updated

ഹൈദരാബാദ്: നായകന്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോള്‍ വിന്‍ഡീസിനെതിരായ ടി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. വെറും 50 പന്തില്‍ വിരാട് കോലി നേടിയ 94 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ ഏറ്റവും വലിയ മുതല്‍ക്കൂട്ടായത്. ആറു വീതം സിക്‌സറും ബൗണ്ടറിയും കോലിയുടെ കിടിലന്‍ ഇന്നിംഗ്‌സില്‍ പിറന്നു. കോലിയുടെ 23ാം അര്‍ധ ശതകത്തിനാണ് ഹൈദരാബാദിലെ രാജിവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയം സാക്ഷിയായത്. 208 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ എട്ടു പന്തുകള്‍ ശേഷിക്കെ ലക്ഷ്യം കണ്ടു. സ്‌കോര്‍: വെസ്റ്റിന്‍ഡീസ്-207/5, ഇന്ത്യ-209/4.

എട്ടു റണ്‍സ് മാത്രം അക്കൗണ്ടില്‍ കുറിച്ച് ഓപ്പണര്‍ രോഹിത് ശര്‍മ മടങ്ങിയെങ്കിലും 40 പന്തില്‍ 62 റണ്‍സ് അടിച്ചുകൂട്ടിയ കെ എല്‍ രാഹുല്‍ ഇന്ത്യക്ക് മിന്നുന്ന തുടക്കമേകി. തന്റെ ടി ട്വന്റി കരിയറിലെ ഏഴാം അര്‍ധ സെഞ്ച്വറിക്കു പുറമെ 1000 റണ്‍സ്് തികയ്ക്കാനും താരത്തിനായി. രാഹുല്‍ പുറത്തായ ശേഷം ക്രീസിലെത്തിയ കോലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ഇന്ത്യയെ വലിയ പ്രയാസം കൂടാതെ വിജയത്തിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ രാഹുലിനൊപ്പം ചേര്‍ന്ന് 100ഉം മൂന്നാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം (18) 48ഉം റണ്‍സ് കോലി പടുത്തുയര്‍ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ മോശം പ്രകടനം മുതലെടുത്ത് മികച്ച സ്‌കോറിലെത്തി. ക്യാച്ചുകളാകേണ്ട പന്തുകള്‍ പലതും ഫീല്‍ഡര്‍മാരുടെ കൈകളില്‍ നിന്ന് വഴുതി. 41 പന്തില്‍ നിന്ന് നാലു സിക്‌സറും രണ്ടു ബൗണ്ടറിയും പറത്തി 56 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മയറാണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 17 പന്തില്‍ നിന്ന് 40 റണ്‍സ് വാരിക്കൂട്ടിയ എവിന്‍ ലൂയിസാണ് വിന്‍ഡീസ് ബാറ്റിംഗിന് ഗംഭീര തുടക്കം നല്‍കിയത്. ബ്രണ്ടന്‍ കിങ് (23 പന്തില്‍ 31), കീറോണ്‍ പൊള്ളാര്‍ഡ് (19 പന്തില്‍ 37) എന്നിവരും മികച്ച് സംഭാവനയേകി. ജേസണ്‍ ഹോള്‍ഡര്‍ (ഒമ്പതു പന്തില്‍ 24), ദിനേഷ് രാംദിന്‍ (ഏഴു പന്തില്‍ 11) എന്നിവര്‍ പുറത്താകാതെ നിന്നു.

ഇന്ത്യക്കായി യുസ്വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപക് ചാഹര്‍, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. മൂന്നു മത്സര പരമ്പരയിലെ രണ്ടാം മത്സരം ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും.