Connect with us

National

വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കത്തുന്നു; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

ഹൈദരാബാദ്  | തെലങ്കാനയില്‍ വനിതാ മൃഗഡോക്ടറെ കൂട്ടബലാത്സംഗംചെയ്ത് കൊന്നശേഷം ചുട്ടെരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡോക്ടറെ കാണാതായെന്ന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കാലതാമസം വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. സബ് ഇന്‍സ്‌പെക്ടര്‍ രവി കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വേണു ഗോപാല്‍, സത്യനാരായണ ഗൗഡ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

അതേ സമയം പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന്‌കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിനടുത്തുള്ള ഷാഡ്‌നഗര്‍ പോലീസ് സ്റ്റേഷനുചുറ്റും തടിച്ചുകൂടിയ ആളുകള്‍ പോലീസിനുനേരെ അക്രമാസക്തരായി പ്രതിഷേധിച്ചിരുന്നു.ഇവരെ പിരിച്ചുവിടാനായി പോലീസ് പിന്നീട് ലാത്തിച്ചാര്‍ജ് നടത്തി. വിചാരണയില്ലാതെതന്നെ പ്രതികളെ തൂക്കിക്കൊല്ലണമെന്നായിരുന്നു ജനക്കൂട്ടത്തിന്റെ ആവശ്യം.ബെംഗളൂരു ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപം രംഗറെഡ്ഡി ജില്ലയിലെ ഷംഷാബാദിലുള്ള ടോള്‍ബൂത്തിന് സമീപമാണ് ബുധനാഴ്ച രാത്രി 26കാരിയായ ഡോക്ടറെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗംചെയ്ത് കൊന്നത്.

ശനിയാഴ്ച തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ യുവതിയുടെ വീട് സന്ദര്‍ശിച്ച് അച്ഛനമ്മമാരെ ആശ്വസിപ്പിച്ചു. ആഭ്യന്തരമന്ത്രി മഹമൂദ് അലി, മന്ത്രിമാരായ ശ്രീനിവാസ് യാദവ്, സബിത ഇന്ദ്ര റെഡ്ഡി തുടങ്ങിയവരും യുവതിയുടെ വീട്ടിലെത്തി.

Latest