Connect with us

Ongoing News

വിമാനത്തില്‍ അപ്പീലുമായി പറന്നെത്തി; ഒടുവില്‍ വിജയശ്രീലാളിതരായി മടക്കം

Published

|

Last Updated

കാഞ്ഞങ്ങാട് | വേദി നാല്. നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സമയം ഉച്ചക്ക് ഒരു മണിയായിക്കാണും. വേദിയില്‍ വട്ടപ്പാട്ട് മത്സരം അവസാന ലാപ്പിലേക്ക് കടക്കുന്നു. ഇനി വെറും നാല് ടീമുകള്‍ മാത്രം ബാക്കി. ഇതിനിടയിലാണ് ലോകായുക്തയില്‍ നിന്ന് അപ്പീലുമായി ഒരു ടീം പറന്നിറങ്ങിയത്. ക്ലൈാമാക്‌സിനൊടുവില്‍ ജില്ലയില്‍ നിന്ന് ഒന്നാം സ്ഥാനവുമായി എത്തിയ ടീമിനെ പിന്തള്ളി അവര്‍ എ ഗ്രേഡ് സ്വന്തമാക്കുന്നു. നാദാപുരം പേരോട് എം ഐ എം എച്ച് എസ് എസ് ടീമാണ് വിമാനമാര്‍ഗം അപ്പീലുമായി എത്തി ചരിത്രം സൃഷ്ടിച്ചത്.

കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് എം ഐ എം എച്ച് എസ് എസിലെ വിദ്യാര്‍ഥികള്‍ അപ്പീലിന് ശ്രമിച്ചത്. ആദ്യം ഡി ഡി ഇക്ക് അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. ഇതോടെ ലോകായുക്തയെ സമീപിച്ചു. വേദിയില്‍ മത്സരം തുടങ്ങിയ ശേഷമാണ് ലോകായുക്ത അപ്പീല്‍ അനുവദിച്ചത്. ഇതോടെ അപ്പീലുമായി എത്രയും പെട്ടെന്ന് വേദിയിലെത്തുവാനാണ് കൊച്ചിയില്‍ നിന്ന് വിമാന മാര്‍ഗം കണ്ണൂരിലേക്ക് തിരിച്ചത്. ആ യാത്ര സഫലമാകുകയും ചെയ്തു.

വട്ടപ്പാട്ടില്‍ ആദ്യമായാണ് ഇവരുടെ ടീം മത്സരിക്കുന്നത്. നേരത്തെ അറവനമുട്ടില്‍ സ്ഥിരം ജേതാക്കളായിരുന്ന ഇവര്‍ ഇത്തവണ കളി മാറ്റിപ്പിടിക്കുകയായിരുന്നു. വിജയിക്കുമെന്ന നിശ്ചയദാര്‍ഢ്യമാണ് അപ്പീലുമായി അവസാനം വരെ പൊരുതാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ടീം ലീഡര്‍ ആമിര്‍ അബ്ദുര്‍റഹ്മാന്‍ സിറാജ്‌ലൈവിനോട് പറഞ്ഞു. അറബിക് കലോത്സവത്തില്‍ അറബി പദ്യം ചൊല്ലലില്‍ കൂടി മത്സരിക്കുന്ന ആമിര്‍ സബ്ജില്ലയില്‍ നിന്ന് അപ്പീലുമായി ജില്ലയില്‍ എത്തി വിജയിച്ചാണ് സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്നത്. എസ് എസ് എഫ് സാഹിത്യോത്സവ് ജേതാവ് കൂടിയാണ് ആമിര്‍.

Latest