Connect with us

National

അജിത് പവാറിനെതിരായ അഴിമതി കേസ് അവസാനിപ്പിച്ചതിനെതിരെ ത്രികക്ഷി സഖ്യം സുപ്രീം കോടതിയിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | മുന്‍ മഹാരഷ്ട്ര മന്ത്രിയായിരുന്ന കാലത്ത് അജിത് പവാര്‍ 70,000 കോടിയുടെ അഴിമതി നടത്തിയതായ കേസുകള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അവസാനിപ്പിച്ചതിനെതിരെ ത്രികക്ഷി സഖ്യം. ബി ജെ പി പാളയത്തിലേക്ക് മാറിയതിനുള്ള പ്രത്യുപകാരമാണ് കേസ് ഒഴിവാക്കിയതെന്ന് ചൂണ്ടിക്കാട്ടി ശിവസേനയും എന്‍ സി പിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യമാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്.

അജിതിനെതിരായ ഒമ്പത് അഴിമതി കേസുകളാണ് നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നത്. നേരത്തെ കോണ്‍ഗ്രസ്- എന്‍ സി പി സഖ്യം മഹാരാഷ്ട്ര ഭരിക്കുന്ന കാലത്തായിരുന്നു അജിത് മന്ത്രിയായിരുന്നത്. ഈ സമയത്ത് ജലസേചന പദ്ധതികളില്‍ 70,000 കോടിയുടെ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. തുടര്‍ന്നാണ് വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഈ കേസുകളെല്ലാം ഇന്നലെ മുംബൈ പോലീസിന്റെ അഴിമതിവിരുദ്ധ ബ്യൂറോ (എ സി ബി) അവസാനിപ്പിക്കുകയായിരുന്നു.

സര്‍ക്കാറുണ്ടാക്കാന്‍ ദേവേന്ദ്ര ഫഡ്‌നവിസിനെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരേയും 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ത്രികക്ഷിസഖ്യം നല്‍കിയ ഹര്‍ജി ഇന്ന് കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. അജിത് പവാറിനെതിരെയുള്ള കേസുകള്‍ റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് ത്രികക്ഷികള്‍ പുതിയ ഹരജിനല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

Latest