സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാർക്ക്

Posted on: November 24, 2019 6:55 pm | Last updated: November 24, 2019 at 6:55 pm

മലപ്പുറം | ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച് മഅ്ദിൻ അക്കാദമി നൽകുന്ന സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാർക്ക്. അറബി ഭാഷക്ക് നൽകിയ സേവനവും സംഭാവനയും പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. മതഭൗതിക വിദ്യാഭ്യാസം പ്രായോഗിക തലത്തിൽ കൊണ്ടുവരുന്നതിന് അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ പ്രശംസനീയമാണ്. എസ് എസ് എഫ് രൂപീകരിക്കുന്നതിലും വിദ്യാഭ്യാസ കാഴ്ച്ചപ്പാടുകൾ നൽകുന്നതിലും പ്രധാന പങ്ക് വഹിച്ചു.

1947 ഡിസംബർ  മൂന്നിനാണ് ജനനം. സ്വാതന്ത്ര്യ സമര സേനാനി കൊട്ടോമ്പാറ മൊകാരിയുടെയും പാലക്കൽ ഫാത്തിമയുടെയും മകനാണ്. വേങ്ങര പറമ്പത്ത് കുഞ്ഞിമരക്കാർ മുസ്‌ലിയാരുടെയും കുമരംപുത്തൂർ എൻ അബ്ദുറഹ്മാൻ മുസ്‌ലിയാരുടെയും നേതൃത്വത്തിൽ പ്രാഥമിക പഠനം പൂർത്തിയാക്കി. 1973 ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് ഫൈസി ബിരുദം കരസ്ഥമാക്കി. കണ്ണിയ്യത്ത് അഹ്മദ് മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ശംസുൽ ഉലമാ ഇ കെ അബൂബക്കർ മുസ്‌ലിയാർ, അബ്ദുറഹ്മാൻ മുസ്‌ലിയാർ കുമരംപുത്തൂർ എന്നിവർ പ്രധാന ഉസ്താദുമാരായിരുന്നു.

എടേരം ജുമാ മസ്ജിദിൽ അധ്യാപനം നടത്തിയതിന് ശേഷം പൊട്ടച്ചിറ അൻവരിയ്യയിൽ അദ്ധ്യാപകനായും പിന്നീട് പ്രിൻസിപ്പാലായും സേവനം ചെയ്തു. അതിന് ശേഷം 1996 മുതൽ പാലക്കാട് ഹസനിയ്യയുടെ പ്രിൻസിപ്പാലായി സേവനം അനുഷ്ടിച്ച് വരുന്നു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പർ, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് വൈസ് ചെയർമാൻ, സുന്നി ജംഇയ്യത്തുൽ ഉലമാ പാലക്കാട് ജില്ലാ പ്രസിഡന്റ്, ഒറ്റപ്പാലം ഇശാഅത്ത്, കരിമ്പ ദാറുൽ ഹസനാത്ത്, മണ്ണാർക്കാട് മർകസുൽ അബ്റാർ എന്നീ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, കൊമ്പം ഹിദായ ജനറൽ സെക്രട്ടറി, ആൾ ഇന്ത്യാ മുസ്ലിം മൈനോരിറ്റി എജ്യുക്കേഷൻ വൈസ് ചെയർമാൻ, ഫറൂഖ് റെഡ് ക്രസന്റ് ഹോസ്പിറ്റൽ ചെയർമാൻ എന്നീ പദവികൾ വഹിച്ച് വരുന്നു.

കേരളത്തിലെ മത കലാലയങ്ങളിൽ പഠിപ്പിക്കപ്പെടുന്ന ഗ്രന്ഥങ്ങളുടെ രചയിതാക്കളുടെ ചരിത്രം വിവരിക്കുന്ന താരീഖുൽ അബ്‌റാർ, മർജാനുൽ ഹദായ  ഫീ മനാഖിബി മീറാനിൽ ഔലിയാ, അദ്ദുററുൽ നളീദ് ഫീ മനാഖിബി ശൈഖി ഫരീദ്, തുഹ്ഫതുൽ ആഷിഖീൻ ഫി മനാഖിബി ശൈഖി ജലാലുദ്ധീൻ, ഇബ്‌നുഹജർ അസ്ഖലാനിയുടെ അൽ മുനബ്ബിഹാത്തിന്റെ വിവർത്തനം ഉണർത്തു മൊഴികൾ, പ്രശസ്ത അറബി കാവ്യമായ ഖസ്വീദത്തുൽ ബുർദ പരിഭാഷ എന്നിവ പ്രധാന കൃതികളാണ്. ഖുർആൻ സമ്പൂർണ്ണ വ്യാഖ്യാനം പണിപ്പുരയിലാണ്.

ഫലസ്തീൻ, ഈജിപ്ത്, ഇറാൻ, ഇറാഖ്, ജോർദാൻ, ഉസ്ബക്കിസ്ഥാൻ, സമർഖന്ദ്, എന്നീ സ്ഥലങ്ങളും മറ്റു ജി.സി.സി രാഷ്ട്രങ്ങളും സന്ദർശിച്ചിട്ടുണ്ട്. മത അദ്ധ്യാപന രംഗത്ത് അമ്പത് വർഷത്തോളമയി സേവനമനുഷ്ടിച്ച് കൊണ്ടിരിക്കു അദ്ദേഹത്തിന് ആയിരക്കണക്കിന് ശിഷ്യൻമാരുണ്ട്. കെ കെ അബൂബക്കർ മുസ്‌ലിയാർ താഴെക്കോട്, പി എം കെ ഫൈസി, ഐ എം കെ ഫൈസി, എൻ കെ സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ, യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴ, അബൂബക്കർ ഇരിങ്ങാട്ടിരി, ഉമർ കല്ലൂർ, പി എ കെ മുഴപ്പാല, സ്വദിഖ് അൻവരി തുടങ്ങിയവർ പ്രധാന ശിഷ്യരിൽ ചിലരാണ്.

ഡിസംബർ 26 ന് സ്വലാത്ത് നഗറിൽ നടക്കുന്ന ഫിയസ്ത അറബിയ്യ സമാപന സംഗമത്തിൽ ആയിരങ്ങളുടെ സാന്നിധ്യത്തിൽ അവാർഡ് ദാനം നടത്തും. പ്രമുഖ സാദാത്തുക്കൾ, പണ്ഡിതർ, ഉമറാക്കൾ സംബന്ധിക്കും.