Connect with us

Thrissur

തീവ്രവാദത്തെ മതവുമായി കൂട്ടിക്കെട്ടരുത്: കാന്തപുരം

Published

|

Last Updated

തൃശൂരിൽ നടന്ന മീലാദ് കോൺഫറൻസിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മദ്ഹുർറസൂൽ പ്രഭാഷണം നടത്തുന്നു

തൃശൂർ | ഏതെങ്കിലും ഒരു മത വിഭാഗത്തിന് മേൽ ഒന്നാകെ തീവ്രവാദം ആരോപിക്കുന്നത് സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. തൃശൂരിൽ നടന്ന മീലാദ് കോൺഫറൻസിൽ മദ്ഹുർറസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യരെയാണ് പ്രവാചകൻ പരിഗണിച്ചത്. ന്യൂനപക്ഷങ്ങളും സ്ത്രീകളും കുട്ടികളും പ്രത്യേകം പരിഗണിക്കപ്പെട്ടു.

അധ്വാനത്തിലും ദാരിദ്ര്യത്തിലും നബി ജനതയോടൊപ്പം നിന്നു. പൊതുമുതൽ വ്യവഹാരങ്ങളിൽ സൂഷ്മതയും സുതാര്യതയും പുലർത്തി. ചുറ്റും ജീവിച്ച മനുഷ്യരെ സ്‌നേഹം കൊണ്ടാണ് പ്രവാചകർ സാംസ്‌കാരികമായി ഉണർത്തിയത്. സാമ്പത്തിക മാന്ദ്യം നേരിടാൻ ജാഗ്രത പുലർത്തി. സകാത്ത് നീതിയുക്തമായി വിതരണം ചെയ്തപ്പോൾ ദരിദ്രർ ഇല്ലാതായി. പ്രവാചകന്റെ ജീവിതം സർവകാല രാഷ്ടീയ, സാമൂഹികാവസ്ഥകൾക്കും പരിഹാരവും മാതൃകയുമാണെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ സർക്കാർ സ്‌കൂളിൽ അഞ്ചാംക്ലാസുകാരി ഷഹല പാമ്പുകടിയേറ്റ് മരണപ്പെട്ട സംഭവം അതീവ ദുഖകരമാണ്. അധ്യാപകർ വിദ്യാർഥികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ സുന്നി സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച മീലാദ് കോൺഫറൻസിന്റെ ഉദ്ഘാടനം സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽബുഖാരി നിർവഹിച്ചു. വെന്മേനാട് അബൂബക്കർ മുസ്‌ലിയാർ പ്രാർഥന നിർവഹിച്ചു. സയ്യിദ് ഫസൽ തങ്ങൾ ആമുഖ ഭാഷണം നടത്തി. പി എസ് കെ മൊയ്തു ബാഖവി മാടവന പ്രമയേ പ്രഭാഷണം നടത്തി. കേരള ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസൽ മെഗാദഫ് അവാർഡ് ദാനം നിർവഹിച്ചു. താഴപ്ര മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ, ഉസ്മാൻ സഖാഫി തിരുവത്ര, മുഹമ്മദലി സഅ്ദി, സിറാജുദ്ധ്ഹീൻ സഖാഫി, സയ്യിദ് പി എം എസ് തങ്ങൾ ബ്രാലം, വരവൂർ മുഹ്‌യദ്ധീൻ കുട്ടി സഖാഫി,എം കെ അബ്ദുൾ ഗഫൂർ, അബ്ദുൾ സത്താർ പഴുവിൽ, അഡ്വ. പി യു അലി, പി എ മുഹമ്മദ് ഹാജി, എം എ ജഅ്ഫർ, നൗഷാദ് പട്ടിക്കര, ഷെമീർ എറിയാട് തുടങ്ങിയവർ സംബന്ധിച്ചു.