Connect with us

National

ബിപിസിഎല്‍ സ്വകാര്യവത്കരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി; കൊച്ചിന്‍ റിഫൈനറിയും വില്‍ക്കും

Published

|

Last Updated

ന്യൂഡല്‍ഹി | പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബ്ലൂചിപ്പ് ഓയില്‍ കമ്പനിയായ ബിപിസിഎല്‍, ഷിപ്പിംഗ് കമ്പനിയായ എസ്‌സിഐ, ഓണ്‍ലാന്‍ഡ് കാര്‍ഗോ മൂവര്‍ കോണ്‍കോര്‍ എന്നിവയിലെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കുന്നതിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. കൊച്ചിൻ റിഫെെനറിയുടെത് ഉൾപ്പെടെ ഒാഹരികൾ വിറ്റഴിക്കും. തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍ താഴെയാക്കാനും യോഗം അനുമതി നല്‍കി. മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുന്നതിന് വരുമാനം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടാണ് നീക്കം.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള, രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ റിഫൈനറിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (ബിപിസിഎല്‍) മാനേജ്‌മെന്റ് നിയന്ത്രണം കൈമാറുന്നതിനൊപ്പം സര്‍ക്കാരിന്റെ 53.29 ശതമാനം ഓഹരികള്‍ വില്‍ക്കാനും സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി അനുമതി നല്‍കിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്‌സിഐ) യുടെ 63.75 ശതമാനം ഓഹരിയില്‍ 53.75 ശതമാനവും കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (കോണ്‍കോര്‍) യുടെ 30.9 ശതമാനം ഓഹരികളും വില്‍ക്കും. നിലവില്‍ 54.80 ശതമാനം ഓഹരിയാണ് കോണ്‍കോറില്‍ സര്‍ക്കാറിനുള്ളത്. ടിഎച്ച്ഡിസി ഇന്ത്യ, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (നീപ്‌കോ) എന്നിവിടങ്ങളിലെ മുഴുവന്‍ കൈവശവും സംസ്ഥാന വൈദ്യുതി കമ്പനിയായ എന്‍ടിപിസി ലിമിറ്റഡിന് വില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

മാനേജ്‌മെന്റ് നിയന്ത്രണം നിലനിര്‍ത്തുന്നതിനൊപ്പം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) പോലുള്ള തിരഞ്ഞെടുത്ത പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരി 51 ശതമാനത്തില്‍ താഴെയാക്കാനും കാബിനറ്റ് അംഗീകാരം നല്‍കി.

ഐഒസിയില്‍ നിലവില്‍ സര്‍ക്കാറിന് 51.5 ശതമാനവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി), ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി), ഓയില്‍ ഇന്ത്യ ലിമിറ്റഡ് (ഒഐഎല്‍), എന്നിവ വഴി 25.9 ശതമാനവും ഓഹരിയുണ്ട്. ഇതില്‍ 26.4 ശതമാനം ഓഹരികള്‍ 33,000 കോടി രൂപക്ക് വില്‍പന നടത്താന്‍ സര്‍ക്കാറിന് സാധിക്കും.

വിപണിയിലെ ഉള്ളി ക്ഷാമം പരിഹരിക്കാന്‍ 1,20,000
മെട്രിക് ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.