Connect with us

National

ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്: ലീഗ് കോൺഗ്രസ് വിരുദ്ധ സഖ്യത്തിൽ

Published

|

Last Updated

ന്യൂഡൽഹി| ഝാർഖണ്ഡിൽ മതേതര സഖ്യത്തെ ഉപേക്ഷിച്ച് പ്രാദേശിക പാർട്ടികളുമായി ചേർന്ന് മത്സരിക്കാൻ മുസ്‌ലിം ലീഗ്. കോൺഗ്രസില്ലാതെ മറ്റു മൂന്ന് പാർട്ടികളുമായി ചേർന്ന് പുതിയ സഖ്യം രൂപവത്കരിച്ചിരിക്കുകയാണ് പാർട്ടി. ഝാർഖണ്ഡ് പാർട്ടി, രാഷ്ട്രീയ സമന്താ ദൾ, ബഹുജൻ മുക്തി പാർട്ടി എന്നിവരുമായി ചേർന്ന് സഖ്യം രൂപവത്കരിച്ചാണ് ആറ് മണ്ഡലങ്ങളിലേക്ക് ലീഗ് മത്സരിക്കുന്നത്. ബി ജെ പിയുടെ മുഖ്യ എതിരാളിയായി കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിലുൾപ്പെടെയാണ് ലീഗ് മത്സരത്തിന് തയ്യാറെടുക്കുന്നത്.

ജംഷെഡ്പൂർ വെസ്റ്റ്, ഗാൻണ്ടെ, മാൻഡു, റാഞ്ചി, ഹതിയ, ഗിരിഡിഹ് മണ്ഡലങ്ങളിലേക്കാണ് മുസ്‌ലിം ലീഗ് ദേശീയ നേതൃത്വം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ ജംഷെഡ്പൂർ വെസ്റ്റിൽ ബി ജെ പിയുടെ മുഖ്യ എതിരാളി കോൺഗ്രസായിരുന്നു. 44 ശതമാനം വോട്ടാണ് കോൺഗ്രസ് ഈ മണ്ഡലത്തിൽ നേടിയത്. മറ്റൊരു മണ്ഡലമായ മാൻഡു കോൺഗ്രസ് സഖ്യകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ചയുടെ സിറ്റിംഗ് സീറ്റാണ്. റാഞ്ചിയും ഹതിയ, ഗിരിഡിഹ് മണ്ഡലങ്ങളും ഝാർഖണ്ഡ് മുക്തി മോർച്ചക്ക് സ്വാധീനമുള്ള മണ്ഡലങ്ങളാണ്.

ബി ജെ പിയെ തോൽപ്പിക്കാൻ കോൺഗ്രസിനെ പിന്തുണക്കുകയല്ലാതെ വഴിയില്ലെന്ന് അവകാശപ്പെടുന്ന ലീഗ് ഝാർഖണ്ഡ് തിരഞ്ഞെടുപ്പിൽ പാർട്ടി പ്രചാരണത്തിന് വേണ്ടി മാത്രമായി ബി ജെ പി വിരുദ്ധ വോട്ടുകൾ വിഭജിപ്പിക്കുകയാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ലീഗ് ഒരു പ്രാദേശിക പാർട്ടിയുടെ സ്വഭാവത്തിലേക്ക് പോലും ഉയരാത്ത സംസ്ഥാനമാണ് ഝാർഖണ്ഡ്. കോൺഗ്രസുമായി സഖ്യത്തിനുള്ള സാധ്യതകൾ പാർട്ടി ആരാഞ്ഞിരുന്നോ എന്ന ചോദ്യത്തിന് അത്തരം ചർച്ചകൾ നടത്തിയിട്ടില്ലെന്ന് ലീഗ് ദേശീയ നേതാക്കൾ വ്യക്തമാക്കി.

സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തിന് വിധേയമായാണ് മത്സരിക്കുന്നതെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. ദേശീയ പ്രസിഡന്റ് കെ എം ഖാദർ മൊയ്തീൻ, നേതാക്കളായ ഇ ടി മുഹമ്മദ് ബശീർ, ഖുറം അനീസ് ഉമർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ബാബരി: ലോ ബോർഡ് തീരുമാനത്തെ മാനിക്കുന്നു

ന്യൂഡൽഹി | ബാബരി വിധി, കശ്മീർ നിയന്ത്രണ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് മുസ്്ലിം ലീഗ് വിളിച്ചു ചേർത്ത മുസ് ലിം സംഘടനാ നേതാക്കളുടെ യോഗം ഇന്ന് ഡൽഹിയിൽ നടക്കും. വിഷയത്തിൽ ലീഗ് വിവിധ മുസ്‌ലിം സംഘടനകളുമായി ചർച്ച നടത്തി നിലപാട് കൈക്കൊള്ളുന്നതിനാണ് യോഗം വിളിച്ചത്. ഇതു സംബന്ധിച്ച് ലീഗ് നേതാക്കൾ കോൺഗ്രസ് ഉൾപ്പെടെയുള്ള വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളുമായി സംസാരിക്കും. ബാബരി വിധിക്കെതിരേ പുനഃപരിശോധനാ ഹരജി നൽകാനുള്ള ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സനൽ ലോ ബോർഡിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.

കശ്മീരിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്. ലീഗിന്റെ പ്രതിനിധി സംഘത്തിന് അനുമതി ലഭിച്ചാൽ കശ്മീർ സന്ദർശിക്കും. രാജ്യത്ത് നിന്നുള്ള എം പിമാർക്ക് കശ്മീർ സന്ദർശിക്കാൻ അനുമതി നിഷേധിക്കുമ്പോൾ യൂറോപ്യൻ പാർലിമെന്റിൽ നിന്നുള്ള വലതുപക്ഷ എം പിമാർക്ക് അവിടെ സന്ദർശിക്കാൻ അനുമതി നൽകുന്ന സാഹചര്യമാണുള്ളത്. ഇത് എങ്ങനെ സംഘടിപ്പിച്ചുവെന്നത് ദുരൂഹമാണ്. അസമിൽ പൗരത്വ പട്ടികയിൽ നിന്ന് പുറത്തായവർക്ക് നിയമസഹായം നൽകാൻ ലീഗിന്റെ ലോയേഴ്സ് ഫോറം 500 അഭിഭാഷകരെ ഉൾപ്പെടുത്തി ക്യാമ്പുകൾ സംഘടിപ്പിക്കുകയാണെന്നും നേതാക്കൾ വ്യക്തമാക്കി.

Latest