Connect with us

Gulf

മഞ്ഞുരുകി; ഗള്‍ഫ് കപ്പിലേക്ക് മുഴുവന്‍ ജി സി സി രാജ്യങ്ങളും, അറബ് ഫുട്‌ബോള്‍ ലോകം ആഹ്ലാദത്തില്‍

Published

|

Last Updated

ദമാം: ഖത്വറില്‍ അറബ് ലോകത്തെ ഏറ്റവും വലിയ ഫുട്ബാള്‍ മേളയായ ഇരുപത്തിനാലാമത് ഗള്‍ഫ് കപ്പില്‍ മുഴുവന്‍ ജി സി സി രാജ്യങ്ങളും മത്സരിക്കുമെന്ന വാര്‍ത്ത വന്നതോടെ ഫുട്ബാള്‍ പ്രേമികള്‍ ആഹ്ലാദത്തില്‍. ഖത്വറിനെതിരെ ജി സി സി രാജ്യങ്ങളിലെ സഊദി അറേബ്യ, യു എ ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ഗള്‍ഫ് കപ്പിന് ആദ്യമായാണ് ഖത്വര്‍ ആതിഥ്യമരുളുന്നത്. അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്റെ അഭ്യര്‍ഥന മാനിച്ചാണ് മൂന്നു രാജ്യങ്ങളും മത്സരത്തില്‍ പങ്കെടുക്കുന്നത്. ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയില്‍ ഖത്വര്‍, യു എ ഇ, യമന്‍, ഇറാഖ്, ഗ്രൂപ്പ് ബിയില്‍ സഊദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവയാണ് മാറ്റുരക്കുന്നത്.
ഈ മാസം 26 മുതല്‍ ഡിസംബര്‍ എട്ടു വരെയാണ് മത്സരങ്ങള്‍ നടക്കുക.

ആദ്യ ദിനത്തില്‍ രണ്ടു മത്സരങ്ങളാണ് നടക്കുന്നത്. വൈകിട്ട് 7.30ന് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ ആതിഥേയരായ ഖത്വര്‍ ഇറാഖിനെയും വൈകിട്ട് 9:30 ന് ദുഹെയ്ല്‍ സ്റ്റേഡിയത്തില്‍ യു എ ഇ യമനിനെയും നേരിടും. 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്കും ഈ രണ്ട് സ്റ്റേഡിയങ്ങളാണ് ഉപയോഗിക്കുക. ഡിസംബര്‍ അഞ്ചിന് സെമി ഫൈനല്‍ മത്സരങ്ങളും ഡിസംബര്‍ എട്ടിന് ഫൈനലും നടക്കും.

ടിക്കറ്റുകളുടെ വില്‍പന ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ടിക്കറ്റുകള്‍ www.gulfcup2019.qa എന്ന വെബ്സൈറ്റ് വഴിയും രാവിലെ മുതല്‍ വൈകിട്ട് നാലുമണി വരെ മാള്‍ ഓഫ് ഖത്വര്‍, സൂഖ് വാഖിഫ്, കത്താറ, വില്ലാജിയോ മാള്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളില്‍ നിന്നും വാങ്ങാന്‍ സൗകര്യമുണ്ട്.
തീവ്രവാദ സംഘടനകളെ പിന്തുണക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് സഊദി അറേബ്യ, യു എ ഇ, ബഹ്റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ള ഏഴു രാജ്യങ്ങള്‍ 2017ല്‍ ഖത്വറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നത്.

Latest