യാത്രക്കിടെ വയോധികയുടെ മാല മോഷ്ടിച്ചു; യുവതി പിടിയില്‍

Posted on: November 16, 2019 8:38 pm | Last updated: November 16, 2019 at 8:38 pm
പോലീസ് പിടിയിലായ കാളിയമ്മ

ചേര്‍ത്തല: വയോധികയുടെ മാല മോഷ്ടിച്ച യുവതിയെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശിയായ കാളിയമ്മ (32) ആണ് പിടിയിലായത്. വൈക്കം അംബികാ മാര്‍ക്കറ്റ് കുന്നത്തില്‍ കോളനി രാമകൃഷ്ണന്റെ ഭാര്യ പത്മിനി (63) യുടെ രണ്ടരപവനോളം വരുന്ന സ്വര്‍ണമാലയാണ് അപഹരിച്ചത്. രാവിലെ 11 ഓടെ ചേര്‍ത്തല മുനിസിപ്പല്‍ ബസ് സ്റ്റാന്റിലാണ് സംഭവം.

കോട്ടയത്തുനിന്നും ചേര്‍ത്തലയിലേക്കുള്ള ബസിലായിരുന്നു പത്മിനിയും കാളിയമ്മയും യാത്ര ചെയ്തിരുന്നത്. ചേര്‍ത്തല സ്റ്റാന്റിലെത്തിയപ്പോള്‍ ബസില്‍ നിന്നും ഇറങ്ങുകയായിരുന്ന പത്മിനിയുടെ മാല കാണാതാകുയായിരുന്നു. മാല നഷ്ടപ്പെട്ട വിവരം മനസിലാക്കിയ പത്മിനി ബഹളം വച്ചതോടെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് സംശയം തോന്നിയ കാളിയമ്മയെ തടഞ്ഞുവെക്കുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇവരില്‍ നിന്നും മാല കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ കാളിയമ്മയെ റിമാന്‍ഡ് ചെയ്തു.