കര്‍ണാടകയില്‍ 16 വിമത എം എല്‍ എമാര്‍ ബി ജെ പിയില്‍

Posted on: November 14, 2019 1:11 pm | Last updated: November 14, 2019 at 7:16 pm

ബെംഗളൂരു: കര്‍ണാടകയിലെ 16 കോണ്‍ഗ്രസ്-ജനതാദള്‍ എസ് വിമത എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേര്‍ന്നു. തങ്ങളെ അയോഗ്യരാക്കിയ കര്‍ണാടക നിയമസഭാ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവച്ചതിനു പിന്നാലെയാണ് ഇവര്‍ ബി ജെ പിയിലേക്ക് കൂടുമാറിയത്. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, സംസ്ഥാന ബി ജെ പി തലവന്‍ നളിന്‍ കുമാര്‍ കാട്ടീല്‍, ദേശീയ ജനറല്‍ സെക്രട്ടറിയുടെ ചുമതല മഹിക്കുന്ന പി മുരളീധര്‍ റാവു തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിമത എം എല്‍ എമാരുടെ പുതിയ പാര്‍ട്ടി പ്രവേശം.

പ്രതാപ് ഗൗഢ പാട്ടീല്‍ (മസ്‌കി), ബി സി പാട്ടീല്‍ (ഹയറെകെറൂര്‍), ശിവറാം ഹെബ്ബാര്‍ (യെല്ലാപൂര്‍), എസ് ടി സോമശേഖര്‍ (യശ്വന്ത്പൂര്‍), ബൈരതി ബസവരാജ് (കെ ആര്‍ പുരം), ആനന്ദ് സിംഗ് (വിജയനഗര), എന്‍ മുനിരത്‌ന (ആര്‍ ആര്‍ നഗര്‍), കെ സുധാകര്‍ (ചിക്കബല്ലപുര), എം ടി ബി നാഗരാജ് (ഹോസ്‌കോട്ട്), ശ്രീമന്ത് പാട്ടീല്‍ (കഗ്വാദ്), രമേഷ് ജര്‍കിഹോലി (ഗോകക്), മഹേഷ് കുമതല്ലി (അത്താനി), ആര്‍ ശങ്കര്‍ (റാണിബെന്നൂര്‍) എന്നിവരാണ് ബി ജെ പിയിലേക്ക് ചേക്കേറിയ കോണ്‍ഗ്രസ് വിമത എം എല്‍ എമാര്‍. കെ ഗോപാലൈ (മഹാലക്ഷ്മി ലേഔട്ട്), എ എച്ച് വിശ്വനാഥ് (ഹുന്‍സൂര്‍), കെ സി നാരായണ ഗൗഢ (കെ ആര്‍ പേട്ട്) എന്നിവരാണ് ജനതാദളില്‍ നിന്ന് ബി ജെ പിയിലെത്തിയത്. എന്നാല്‍, ബി ജെ പിയില്‍ ചേരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ആര്‍ റോഷന്‍ ബെയ്ഗിന്റെ പാര്‍ട്ടി പ്രവേശം ഇന്ന് നടന്നിട്ടില്ല. ശിവജി നഗറിലെ അയോഗ്യനാക്കപ്പെട്ട എം എല്‍ എയാണ് ബെയ്ഗ്. ഏഴു തവണ അദ്ദേഹം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഡിസംബര്‍ അഞ്ചിന് 15 സീറ്റുകളിലേക്ക് നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിക്കുന്നതിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. രാജി വെക്കുകയും വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്ത എം എല്‍ എമാര്‍ പ്രതിനിധീകരിച്ച 17ല്‍ 15 മണ്ഡലങ്ങളിലാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. വിമത എം എല്‍ എമാരുടെ നിലപാടാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ എസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിക്കാന്‍ ഇടയാക്കിയത്. 15 സീറ്റുകളില്‍ 12 എണ്ണം കോണ്‍ഗ്രസും മൂന്നെണ്ണം ജെ ഡി എസുമാണ് പ്രതിനിധീകരിച്ചിരുന്നത്.