ഫാത്വിമ ലത്വീഫിന്റെ മരണം: കുടുംബം ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കും

Posted on: November 14, 2019 10:27 am | Last updated: November 14, 2019 at 11:45 am

ചെന്നൈ: മദ്രാസ് ഐ ഐ ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥിനി ഫാത്വിമ ലത്വീഫിന്റെ കുടുംബം ഇന്ന് ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കും. മരണത്തിലേക്ക് വഴിതെളിച്ച കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുക.

അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ മാനസിക പീഡനമാണ് താന്‍ ജീവനൊടുക്കാന്‍ കാരണമെന്ന് ഫാത്വിമയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെതിരെ സഹപാഠികളാരും മൊഴി നല്‍കിയിട്ടില്ലെന്ന് ചെന്നൈ പോലീസ് വ്യക്തമാക്കി. ഫാത്വിമയുടെ മരണത്തിന് ശേഷം സുദര്‍ശന്‍ പത്മനാഭന്‍ കാമ്പസില്‍ വന്നിട്ടില്ല. ഇയാള്‍ ഒളിവിലാണ് എന്നാണ് വിവരം. ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെയും സഹപാഠികളെയും ഉള്‍പ്പടെ പതിമൂന്ന് പേരെ പോലീസ് ഇതുവരെ ചോദ്യം ചെയ്തു.