കെഎം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനെ മദ്യം മണത്തതായി മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടെന്ന് മുഖ്യമന്ത്രി

Posted on: November 13, 2019 12:21 pm | Last updated: November 13, 2019 at 9:21 pm

ശ്രീറാം വെങ്കിട്ടറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്
തിരുവനന്തപും: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനിമിടിച്ച കൊന്ന സംഭവത്തില്‍ ബഷീറിന്റെ മരണത്തിനിടയാക്കി വാഹനം ഓടിച്ചിരുന്ന ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് മദ്യത്തിന്റെ മണമുണ്ടായിരുന്നതായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ കുറിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

തിരുവനന്തപുരം ആശുപ ത്രിയില്‍ നിന്ന് മെഡിക്കല്‍ പരിശോധനക്ക് ശേഷം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്‌തെങ്കിലുംഇത് മറികടന്ന് ശ്രീറാം വെങ്കിട്ടരാമന്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോയത് സംബന്ധിച്ചും അവിടെ നിന്ന് ഡോക്ടര്‍മാരുടെ സഹായത്തോടെ മദ്യപിച്ചതിന്റെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ചും അന്വേഷണ സംഘം വിശദമായി പരിശോധിച്ചിട്ടുണ്ട്. ഇതോടൊപ്പം അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികളും സഹയാത്രികയും മൊഴി നല്‍കിയതുള്‍പ്പെടെയുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്.
എന്നാല്‍ സംഭവം നടന്ന് 10 മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്ത സാംപിള്‍ പരിശോധനക്കെടുത്തതെന്ന് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇതുള്‍പ്പെടെ കേസ് തെളിയിക്കുന്നതിനായുള്ള തെളിവുകള്‍ പ്രോക്‌സിക്യൂഷന്‍ ശേഖരിച്ചിട്ടുണ്ട്. അതേസമയം അപകടത്തിന് ഇടയാക്കിയ വാഹനം അമിതവേഗത്തിലായിരുന്നോ എന്ന ചോദ്യത്തിന് ഇത് കണ്ടെത്തുന്നതിനുള്ള തെളിവുകള്‍ ശേഖരിച്ചു വരുകയാണെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

ഇത് സംബന്ധിച്ച പാറക്കല്‍ അബ്ദുല്ല, വി ഡി സതീശന്‍, എം വിന്‍സന്റ് എന്നിവരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.