ശിവസേന- എന്‍ സി പി സര്‍ക്കാറിനെ കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണച്ചേക്കും

Posted on: November 11, 2019 1:42 pm | Last updated: November 11, 2019 at 6:47 pm

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേന- എന്‍ സി പി സഖ്യത്തെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണക്കാന്‍ സാധ്യത. ന്യൂഡല്‍ഹിയിലെ വസതിയില്‍ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത കോര്‍ കമ്മറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയുണ്ടായതായാണ് റിപ്പോര്‍ട്ട്. ശിവസേന നേതൃത്വം നല്‍കുന്ന സര്‍ക്കാറിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ 40 എം എല്‍ എമാര്‍ ഒപ്പിട്ട കത്ത് ഹൈക്കമാന്‍ഡിന് മുമ്പിലെത്തി. ഇതില്‍ 37 പേരും ആവശ്യപ്പെട്ടിരിക്കുന്നത് സര്‍ക്കാറിന്റെ ഭാഗമാകാണമെന്നാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്പീക്കര്‍ പദവിയും കോണ്‍ഗ്രസ് ആവശ്യപ്പെടണമെന്നും എം എല്‍ എമാര്‍ കത്തില്‍ പറയുന്നു. ഇന്ന് രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ സോണിയക്ക് കത്ത് സമര്‍പ്പിച്ചതായാണ് വിവരം.

ഇന്ന് വൈകിട്ട് നാലിന് മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തും. സോണിയാഗാന്ധിയുടെ വസതിയിലാണ് യോഗം. ബാലാസാഹബ് തൊറാട്ട്, പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍, സുശീല്‍ കുമാര്‍ ഷിന്‍ഡെ, കെ സി പദ്‌വി, വിജയ് വഡേട്ടിവാര്‍ തുടങ്ങിയ മറാത്ത കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തിനെത്തും. സോണിയക്ക് പുറമെ എ കെ ആന്റണി, അഹമ്മദ് പട്ടേല്‍, കെ സി വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഖെ തുടങ്ങിയ ദേശീയ നേതാക്കളും യോഗത്തില്‍ സംബന്ധിക്കും. ഈ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുമ്പായി എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറുമായി സോണിയ ചര്‍ച്ച നടത്തിയേക്കും.

ചില ദേശീയ നേതാക്കളും മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും ശിവസേന- എന്‍ സി പി സഖ്യത്തെ പൂര്‍ണമായും പിന്തുണക്കുന്ന നിലപാടിലാണുള്ളത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ സോണിയക്ക് മുമ്പില്‍ വിയോജിപ്പ് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്് പൂര്‍ണ പിന്തുണ കോണ്‍ഗ്രസിന്റെ എം എല്‍ എമാര്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാണ് ഇക്കാര്യത്തില്‍ അവസാന വാക്ക് പറയേണ്ടതെന്നും എന്‍ സി പി നേതാവ് നവാബ് മാലിക് പറഞ്ഞു.