കിഫ്ബിയെ ഏല്‍പ്പിച്ച റോഡുകളുടെ ഉത്തരവാദിത്തം പി ഡബ്ല്യു ഡിക്കില്ല: മന്ത്രി ജി സുധാകരന്‍

Posted on: November 10, 2019 12:49 pm | Last updated: November 10, 2019 at 4:27 pm

തിരുവനന്തപുരം: കിഫ്ബിയെ ഏല്‍പ്പിച്ച റോഡുകളുടെ ഉത്തരവാദിത്തം പി ഡബ്ല്യു ഡിക്കില്ലെന്ന് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഈ റോഡുകളുമായി ബന്ധപ്പെട്ട പദ്ധതികളുടെ പണം ചെലവഴിക്കല്‍, ടെന്‍ഡര്‍ ക്ഷണിക്കല്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്നത് കിഫ്ബിയാണ്. കിഫ്ബി പ്രവര്‍ത്തനങ്ങളില്‍ പൊതു മരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനില്ല. പി ഡബ്ല്യു ഡി എന്‍ജിനീയര്‍മാര്‍ എന്തു റിപ്പോര്‍ട്ട് കൊടുത്താലും കിഫ്ബി അതു വെട്ടും. കിഫ്ബിയുടെ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ രാക്ഷസനാണെന്നും സുധാകരന്‍ ആരോപിച്ചു.

അധിക ജോലി ഏറ്റെടുക്കുന്നതിനാല്‍ കിഫ്ബിയുടെ പേരില്‍ പൊതുമരാമത്തു വകുപ്പിന് പഴി കേള്‍ക്കേണ്ടി വരികയാണ്. ഇതിന്റെ ആവശ്യമില്ല. ബന്ധപ്പെട്ട വകുപ്പുകള്‍ എഴുതി നല്‍കിയാല്‍ മാത്രം മറ്റു പണികള്‍ ഏറ്റെടുത്താല്‍ മതി. പൊതു മരാമത്ത് വകുപ്പിന്റെ കൈവശമുള്ള റോഡുകള്‍ കിഫ്ബി ഏറ്റെടുത്ത് നിര്‍മാണ പ്രവൃത്തികള്‍ നടത്തിക്കോട്ടെ. നിലവില്‍ കെ എസ് ഇ ബിക്കു റോഡുകള്‍ നല്‍കുന്നതു പോലെ കിഫ്ബിയും റോഡുകള്‍ ഏറ്റെടുക്കണം. റോഡ് പണിക്ക് ആവശ്യമായ പണം പി ഡബ്ല്യു ഡിക്ക് ധനവകുപ്പില്‍ നിന്ന് ലഭിക്കാത്ത സ്ഥിതിയുണ്ടെന്നും ഇക്കാര്യം ധനവകുപ്പു മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.