Connect with us

Kerala

മദ്‌റസാധ്യാപക ക്ഷേമനിധി തുക വർധിപ്പിക്കും: മന്ത്രി ഡോ. കെ ടി ജലീൽ

Published

|

Last Updated

മദ്‌റസാധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നുള്ള 2019-20 വർഷത്തെ ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാല ഇസ്‌ലാമിക് ചെയറിൽ മന്ത്രി ഡോ. കെ ടി ജലീൽ നിർവഹിക്കുന്നു

തേഞ്ഞിപ്പലം | മദ്‌റസാധ്യാപക ക്ഷേമനിധി ആനുകൂല്യങ്ങൾ അടുത്ത സാമ്പത്തിക വർഷത്തോടെ വർധിപ്പിക്കുമെന്ന് മന്ത്രി ഡോ. കെ ടി ജലീൽ. മദ്‌റസാധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നുള്ള 2019-20 വർഷത്തെ ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാല ഇസ്‌ലാമിക് ചെയറിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത പത്ത് മാസത്തിനുള്ളിൽ മദ്‌റസാധ്യാപക ക്ഷേമനിധിയിൽ അന്പതിനായിരത്തിലധികം അംഗങ്ങളെ ചേർക്കലാണ് ലക്ഷ്യം. അൻപതിനായിരത്തിലധികം അംഗങ്ങളായാൽ ക്ഷേമനിധി ആനുകൂല്യം സർക്കാർ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിമാസ പെൻഷൻ ആയിരത്തിൽ നിന്ന് 1200 ആയും വിവാഹ ധനസഹായം പതിനായിരത്തിൽ നിന്ന് ഇരുപത്തയ്യായിരം രൂപയായും ഉയർത്താനാണ് തീരുമാനം. ചികിത്സാ സഹായം, മരണാനന്തര സഹായം, വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് എന്നിവയിലും വർധനവ് വരുത്തും. നിലവിൽ അർഹരായ 230 പേർക്കാണ് പെൻഷൻ നൽകുന്നത്. പതിനായിരം രൂപ വീതം 210 പേർക്ക് ഇതിനകം വിവാഹ ധനസഹായവും നൽകി. 4.5 ലക്ഷം രൂപ ചികിത്സ ധനസഹായമായും അനുവദിച്ചു. അഞ്ച് പേർക്ക് പതിനയ്യായിരം രൂപ വീതം പ്രസവ ആനുകൂല്യവും നൽകി. ഈയിനത്തിലുള്ള ആനുകൂല്യം അടുത്ത വർഷം ഇരുപത്തയ്യായിരം രൂപയായി വർധിപ്പിക്കും.

62 വിദ്യാർഥികൾക്ക് രണ്ടായിരം രൂപ വീതവും സ്‌കോളർഷിപ്പായും നൽകുന്നുണ്ട്. ഇത് സംസ്ഥാന സർക്കാറിന്റെ മറ്റ് ആനുകൂല്യങ്ങൾക്ക് സമാനമായി നൽകും. എട്ട് മദ്‌റസാ അധ്യാപകരുടെ കുടുംബങ്ങൾക്ക് മരണാനന്തര സഹായമായി പതിനായിരം രൂപ വീതവും നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് മദ്‌റസാ അധ്യാപക ക്ഷേമനിധി ഓഫീസ് 34 ലക്ഷം രൂപ ചെലവഴിച്ചാണ് സർക്കാർ നവീകരിച്ചത്.
“ഇന്ത്യയെ അറിയാൻ” എന്ന പദ്ധതിയിലൂടെ സംസ്ഥാനത്ത് ആദ്യമായി ന്യൂനപക്ഷ വിഭാഗത്തിൽപെടുന്ന മിടുക്കരായ 125 വിദ്യാർഥികളെ വിമാനത്തിലും ട്രെയിനിലുമായി ഡൽഹിയിലേക്ക് യാത്ര കൊണ്ടുപോകുമെന്നും പാർലിമെന്റ് ഉൾപ്പെടെയുള്ള രാജ്യത്തെ സുപ്രധാന ഭരണ കേന്ദ്രങ്ങളും ജവഹർലാൽ നെഹ്‌റു സർവ്വകലാശാല അടക്കമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും സന്ദർശിക്കാൻ അവസരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം പി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീർ മുഖ്യാതിഥിയായി. പി അബ്ദുൽ ഹമീദ് എം എൽ എ, സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാൻ പ്രൊഫ. എ പി അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തി.

തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡൻറ് സഫിയ റസാഖ്, പള്ളിക്കൽ, തേഞ്ഞിപ്പലം പഞ്ചായത്തംഗങ്ങളായ കെ സാബിറ, കെ ഷിജു, ഉമർ ഫൈസി മുക്കം, ഹാജി പി കെ മുഹമ്മദ്, അഡ്വ. എ കെ ഇസ്മാഈൽ വഫ, സിദ്ദീഖ് മൗലവി അയിലകാട്, എ ഖമറുദ്ദീൻ മൗലവി, പി സി സഫിയ ടീച്ചർ, ഒ പി ഐ കോയ, ഒ ഒ ശംസു സംസാരിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എ ബി മൊയ്തീൻ കുട്ടി സ്വാഗതവും മദ്‌റസാധ്യാപക ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി എം ഹമീദ് നന്ദിയും പറഞ്ഞു.