കര്‍ണാടകയിലെ അധികാര അട്ടിമറിക്ക് പിന്നില്‍ അമിത് ഷാ; യെദ്യൂരപ്പയുടെ ശബ്ദരേഖ പുറത്ത്

Posted on: November 2, 2019 6:58 pm | Last updated: November 3, 2019 at 12:21 pm

ബെംഗളൂരു: എം എല്‍ എമാരെ ചാക്കിട്ടുപിടിച്ച് കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിനെ അട്ടിമറിച്ചതിന് പിന്നില്‍ ആഭ്യന്തരമന്ത്രി അമിത് ഷായെന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി യെദ്യൂരപ്പ. അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ കോലാഹലങ്ങളാണ് ബി ജെ പിയെ അധികാരത്തിലെത്തിച്ചതെന്ന് വിവരിക്കുന്ന യെദ്യൂരപ്പയുടെ ശബ്ദ രേഖയാണ് പുറത്തായിരിക്കുന്നത്.

കര്‍ണാടകയിലെങ്ങും യെദയൂരപ്പയുടെ ശബ്ദരേഖ സോഷ്യല്‍ മീഡയ വഴി പ്രചരിക്കുകയാണ്. സംഭവം വിവാദമായതിന് പിന്നാലെ കര്‍ണാടകയിലെ സര്‍ക്കാറിനെ പിരിച്ചുവിടണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിയെ സമീപിച്ചു.

കോണ്‍ഗ്രസ്, ജെ ഡി എസ് പാര്‍ട്ടികളില്‍ നിന്ന് 17 എം എല്‍ എമാരെ മറുകണ്ടം ചാടിച്ചാണ് കര്‍ണാടകയില്‍ ബി ജെ പി ഭരണം പിടിച്ചത്. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ എത്തിയ എം എല്‍ എമാരോട് മാന്യമായി പെരുമാറണമെന്ന് വിവരിക്കുന്നതാണ് യെദ്യൂരപ്പയുടെ ഫോണ്‍ ശബ്ദരേഖ. പ്രതിപക്ഷത്തിരിക്കേണ്ട നമ്മളെ അവരാണ് സഹായിച്ചത്. ഭരണ കക്ഷിയാകാന്‍ അവര്‍ നമ്മളെ സഹായിച്ചു. അവര്‍ അവരുടെ എം എല്‍ എ സ്ഥാനം രാജിവച്ചു. സുപ്രീംകോടതിവരെ പോയി. ഇതെല്ലാം അറിഞ്ഞുതന്നെ എന്ത് സംഭവിച്ചാലും നമ്മള്‍ അവരുടെ കൂടെ നില്‍ക്കണമെന്നും ശബ്ദരേഖയിലുണ്ട്..

‘നിങ്ങള്‍ക്കറിയാമോ, ആ തീരുമാനമെടുത്തത് യെദ്യൂരപ്പയല്ല. ദേശീയ അധ്യക്ഷന് അതിനെക്കുറിച്ച് അറിയാമായിരുന്നു. അദ്ദേഹമാണ് എല്ലാത്തിനും നേതൃത്വം നല്‍കിയതും എല്ലാ ഏര്‍പ്പാടുകള്‍ നടത്തിയതും ചുക്കാന്‍ പിടിച്ചതും. നിങ്ങള്‍ക്കറിയാമോ?, മുംബൈയിലേക്ക് കൊണ്ടുപോയ ആ 17 പേര്‍ക്കും മൂന്ന് നാല് മാസത്തേക്ക് അവരുടെ മണ്ഡലങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നില്ല. അക്കാലയളവില്‍ അവര്‍ അവരുടെ കുടുംബത്തെപ്പോലും കണ്ടിട്ടില്ല. നിങ്ങള്‍ക്കതെന്തെങ്കിലും അറിയുമോ? ഇല്ലല്ലോ?’- ഇതാണ് യെദ്യൂരപ്പയുടെ ഫോണ്‍ സംഭാഷണത്തിലെ പ്രധാനം.

എനിക്ക് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമൊന്നുമില്ല. ഞാന്‍ മൂന്നോ നാലോ തവണ മുഖ്യമന്ത്രിയായിരുന്ന ആളാണ്. അവര്‍ എന്നില്‍ വിശ്വസിച്ചതുകൊണ്ടാണ് ഞാന്‍ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയായത് ഒരു തെറ്റായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നതായും ശബ്ദരേഖയിലുണ്ട്.

ഫോണ്‍ ശബ്ദം പുറത്തുവന്നതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാറിനെയും അമിത് ഷായേയും നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവവര്‍ണര്‍ വഴി രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിച്ചത്. ജനാധിപത്യ സംരക്ഷണത്തിനാണ് രാഷ്ട്രപതിക്ക് മുമ്പാകെ പരാതി നല്‍കുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വത്തെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.