ഡല്‍ഹിയില്‍ കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മില്‍ വന്‍ സംഘര്‍ഷം

Posted on: November 2, 2019 6:04 pm | Last updated: November 3, 2019 at 9:55 am

ന്യൂഡല്‍ഹി: വാഹന പാര്‍ക്കിംഗ് ഏരിയയിലുണ്ടായ ചെറിയ തര്‍ക്കം കോടതി പരിസരം യുദ്ധക്കളമാക്കി. ഓള്‍ഡ് ഡല്‍ഹിയിലെ തിസ് ഹസാരി കോടതി പരിസരത്ത് പോലീസുകാരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷമാണ് വലിയ ഏറ്റുമുട്ടലിലെത്തിച്ചത്. നിരവധി പോലീസ് വാഹനങ്ങള്‍ അഗ്നിക്കിരയായി. പോലീസിന്റെ വെടിയേറ്റ് ഗുരുതര പരുക്കുകളോടെ ഒരു അഭിഭാഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു അഭിഭാഷകനും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. കോടതി പരിസരത്ത് ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുകയണ്. പോലീസ് വാഹനങ്ങള്‍ കത്തിയെരിയുന്ന പുകപടലങ്ങള്‍ മൂലം കോടതി പരിസരത്ത് ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയാണ്. നിരവധി അഗ്നിശമന വാഹനങ്ങള്‍ ചേര്‍ന്ന് തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

പാര്‍ക്കിംഗ് ഏരിയയില്‍വെച്ച് അിഭാഷകന്റെ കാറില്‍ പോലീസ് വാഹനമിടിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയക്കായിത്. തന്റെ വാഹനത്തില്‍ പോലീസ് വാഹനം ഇടിച്ചതില്‍ ചോദ്യം ചെയ്തചയ്ത അഭിഭാഷകനെ പോലീസ് മര്‍ദിക്കുകയായിരുന്നു. ഇതോടെ അഭിഭാഷകര്‍ സംഘടിച്ചെത്തി പോലീസിന് എതിരെ തിരിഞ്ഞു. കൂടുതല്‍ പോലീസുകാരെത്തി ഇവരെ നേരിട്ടു. ഇതിനിടെ പ്രകോപിതരായ അഭിഭാഷകര്‍ പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയായിരുന്നു. കോടതി പരിസരത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്. കോടതിയിലേക്കുള്ള കവാടങ്ങളെല്ലാം പോലീസ് അടച്ചിരിക്കുകയാണ്.