Connect with us

National

ദീപാവലി: ഡല്‍ഹിയില്‍ വായു ഗുണനിലവാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തേക്കാള്‍ ഭേദപ്പെട്ട നിലയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ ഡല്‍ഹിയിലെ അന്തരീക്ഷവായുവിന്റെ ഗുണനിലവാരം മോശമായ നിലയിലേക്ക് താഴ്ന്നു. ഇതോടെ ദേശീയ തലസ്ഥാനത്ത് പുകമഞ്ഞ് രൂപപ്പെട്ടു. അതേസമയം വായു ഗുണനിലവാരം വളരെ മോശം അവസ്ഥയില്‍ എത്തിയെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ടതായി വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് (സഫാര്‍) അനുസരിച്ച്, നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) തിങ്കളാഴ്ച പുലര്‍ച്ചെ 1 നും 6 നും ഇടയില്‍ “കടുത്ത” വിഭാഗത്തില്‍ എത്തുമെന്നാണ് പ്രവചിക്കപ്പെട്ടിരുന്നത്. പടക്കം പൊട്ടിക്കലും പ്രതികൂല കാലാവസ്ഥയുമാണ് വായു ഗുണനിലവാരം താഴ്ന്ന നിലയിലെത്താന്‍ കാരണം.

ദീപാവലി ആഘോഷം നടന്ന ഞായറാഴ്ച രാത്രി 11 ന് ദേശീയ തലസ്ഥാനത്തെ എക്യുഐ 327 (പിഎം 2.5) ല്‍ എത്തി. പുലര്‍ച്ചെ 3: 30 ന് ഇത് 323 ആയി കുറഞ്ഞു. സഫാര്‍ അനുസരിച്ച് “കടുത്ത” വിഭാഗത്തില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് താരതമ്യേന മെച്ചപ്പെട്ട നിലവാരം രേഖപ്പെടുത്തിയത്. അതേസമയം, അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ മൊത്തത്തിലുള്ള എക്യുഐ ക്രമേണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കനത്ത മൂടല്‍ മഞ്ഞ് ഉണ്ടായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 8:30 ന് എക്യുഐ 340 ആയി ഉയര്‍ന്നു. തലസ്ഥാന നഗരത്തിലെ 33 എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളില്‍ 25 എണ്ണവും എക്യുഐ “വളരെ മോശം” വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്.

അതേസമയം, ഗാസിയാബാദ് (375), ഗ്രേറ്റര്‍ നോയിഡ (356), ഗുഡ്ഗാവ് (352), നോയിഡ (375) എന്നീ നഗരങ്ങളേക്കാള്‍ മികച്ചതാണ് ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം. കഴിഞ്ഞ വര്‍ഷത്തെ ദീപാവലിക്ക് ശേഷം ഡല്‍ഹിയിലെ എക്യുഐ 600 കടന്നിരുന്നു. ഇത് സുരക്ഷിത പരിധിയുടെ 12 ഇരട്ടിയാണ്. ദീപാവലിക്ക് ശേഷമുള്ള എക്യുഐ 2017 ല്‍ 367 ഉം 2016 ല്‍ 425 ഉം ആയിരുന്നു.

0-50 വരെ “നല്ലത്”, 51-100 “തൃപ്തികരമായത്”, 101-200 “മിതത്വം”, 201-300 “മോശം”, 301-400 “വളരെ മോശം”, 401-500 “കഠിനം” എന്നിങ്ങനെയാണ് ഐക്യുഐ കണക്കാക്കുന്നത്. 500 ന് മുകളില്‍ “അതികഠിനം” വിഭാഗമാണ്.

ശ്വാസകോശത്തിലേക്ക് ആഴത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന 10 അല്ലെങ്കില്‍ 10 മൈക്രോണില്‍ താഴെയുള്ള വ്യാസമുള്ള ഒരു ചെറിയ കണികയായ പിഎം 10 ന്റെ അളവ് ഞായറാഴ്ച ആനന്ദ് വിഹാറില്‍ ഒരു ക്യൂബിക് മീറ്ററിന് 515 മൈക്രോഗ്രാം വരെ ഉയര്‍ന്നിരുന്നു. വസീര്‍പൂരിലും ബവാനയിലും പിഎം 2.5 ലെവലുകള്‍ 400 കടന്നിരിക്കുന്നു.

Latest