Connect with us

International

പ്രക്ഷോഭത്തിന്റെ വിജയം; കുറ്റവാളികളെ ചൈനക്ക് കൈമാറാനുള്ള ബില്‍ പിന്‍വലിച്ച് ഹോങ്കോങ്

Published

|

Last Updated

ഹോങ്കോങ്: കുറ്റവാളികളെ ചൈനക്ക് കൈമാറുന്നതിനായി തയാറാക്കിയ വിവാദ ബില്‍ ഹോങ്കോങ് പിന്‍വലിച്ചു. ബില്‍ പിന്‍വലിക്കുകയാണെന്ന് ഹോങ്കോങ് സുരക്ഷാ സെക്രട്ടറി ജോണ്‍ ലീ പാര്‍ലിമെന്റില്‍ പ്രഖ്യാപിച്ചു.

ബില്‍ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ വന്‍ പ്രക്ഷോഭമാണ് രാജ്യത്ത് അരങ്ങേറിയിരുന്നത്. ജനാധിപത്യ വാദികളായ പ്രക്ഷോഭകര്‍ പോലീസ് സ്‌റ്റേഷനുകള്‍ക്ക് നേരെ ബോംബാക്രമണം നടത്തുകയും പൊതു സ്ഥാപനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. മാസങ്ങളോളമാണ് പ്രക്ഷോഭം നീണ്ടുനിന്നത്. ഏപ്രിലിലാണ് വിവാദ ബില്‍ അവതരിപ്പിക്കപ്പെട്ടത്. ആയിരങ്ങള്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് ബില്‍ താത്കാലികമായി റദ്ദാക്കിയിരുന്നു. എന്നാല്‍, പ്രക്ഷോഭകര്‍ പ്രതിഷേധം തുടരുകയും സര്‍ക്കാറിനെതിരായ വന്‍ ജനാധിപത്യ മുന്നേറ്റമായി അത് മാറുകയും ചെയ്തു.

ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങിനെ 1997ലാണ് ചൈനക്ക് കൈമാറിയത്. ഇതിനുശേഷം ഹോങ്കോങ് ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ബില്ലുമായി ബന്ധപ്പെട്ടുണ്ടായത്. ചൈനയുടെ ഭരണ നേതൃത്വത്തിനും പ്രക്ഷോഭം വലിയ വെല്ലുവിളിയായി. അപകടകാരികളായ വിഘടനവാദികളാണ് പ്രതിഷേധക്കാരെന്ന് മുദ്ര കുത്തിയ ചൈനീസ് നേതാക്കള്‍ ഇവര്‍ക്ക് വിദേശ പിന്തുണയുണ്ടെന്നും ആരോപിച്ചിരുന്നു.