Connect with us

Sports

ഒഡീഷ വീണു; ജംഷെഡ്പൂരിന് ജയം

Published

|

Last Updated

ജംഷെഡ്പൂര്‍: ഐ എസ് എല്ലിൽ പേരുമാറ്റിയെത്തിയ ഒഡീഷ എഫ് സിക്ക് തോൽവിത്തുടക്കം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആതിഥേയരായ ജംഷെഡ്പൂര്‍ എഫ് സി ഒഡീഷയെ കീഴടക്കിയത്.
16ാം മിനുട്ടിൽ ഒഡീഷയുടെ റാണ ഗറാമി നേടിയ സെൽഫ് ഗോളാണ് ജംഷെഡ്പൂരിനെ മുന്നിലെത്തിച്ചത്. 35ാം മിനുട്ടിൽ ബികാഷ് ജെയ്്രു ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായി കളിച്ച ജംഷെഡ്പൂരിന് വൈകാതെ തന്നെ ഒഡീഷ മറുപടി നൽകി.

40ാം മിനുട്ടില്‍ പെനാൽട്ടി ബോക്‌സിന് അകത്ത് നിന്ന് അരിഡെയ്ന്‍ സാൻതാന തൊടുത്ത അളന്നുമുറിച്ച ഷോട്ട് ജംഷെഡ്പൂര്‍ ഗോള്‍ കീപ്പര്‍ സുബ്രതോ പോളിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. വലതു വിംഗില്‍ നിന്ന് ജെറി തട്ടിനൽകിയ ക്രോസ് ഗോൾ ഗോളിയെ കാഴ്ചക്കാരനാക്കി പോസ്റ്റിന്റെ മുകൾ ഭാഗത്തേക്ക് ഉയർത്തിക്കൊടുക്കുകയായിരുന്നു സാൻതാന. ഈ സമനില അവസാനം വരെ പൊളിക്കാൻ കഴിയാത്ത സ്ഥിതിയിൽ ജംഷെഡ്പൂരിന് വേണ്ടി സെര്‍ജിയോ കാസ്റ്റൽ രക്ഷകനായി. രണ്ടാം പകുതിയുടെ 85ാം മിനുട്ടിലായിരുന്നു ആ ഗോൾ പിറന്നത്. ഒഡീഷ കീപ്പര്‍ ഫ്രാന്‍സിസ്‌കോ ഡൊറോന്‍സോറയെ കബളിപ്പിച്ചാണ് കാസ്റ്റൽ ഗോൾ നേടിയത്. ഇത് ടീമിന്റെ വിജയ ഗോളായി മാറുകയും ചെയ്തു.

സെൽഫ് ഗോൾ വഴങ്ങിയതാണ് മത്സരത്തിൽ ഒഡീഷക്ക് വലിയ തിരിച്ചടിയായത്. വലത് വിംഗല്‍ നിന്ന് ഫറൂഖ് ചൗധരി നടത്തിയ ലോ ക്രോസ് തടയാന്‍ ശ്രമിച്ച റാണയുടെ ഡൈവ് പിഴക്കുകയായിരുന്നു. പന്ത് സ്വന്തം ഗോള്‍ പോസ്റ്റില്‍ ചെന്നുകയറി.

60ാം മിനുട്ടിലും 77ാം മിനുട്ടിലും ജംഷെഡ്പൂരിന് മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. മലയാളി താരം സി കെ വിനീത് ഇല്ലാതെയാണ് ഇന്നലെ ജംഷ്ഡപൂര്‍ എഫ് സി സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങിയത്.