Connect with us

National

ഓക്‌സിജന്‍ കിട്ടാതെ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവം: ഖഫീല്‍ ഖാനെതിരെ പുതിയ അന്വേഷണം

Published

|

Last Updated

ലഖ്‌നൗ: ഓക്‌സിജന്‍ ലഭ്യമാകാതെ വന്നതിനെ തുടര്‍ന്ന് ബി ആര്‍ ഡി ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ശിശുരോഗ വിദഗ്ധന്‍ ഖഫീല്‍ ഖാനെതിരെ പുതിയ അന്വേഷണത്തിന് ഉത്തരവ്. ഖഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കി അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് അച്ചടക്കരാഹിത്യം, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യു പി സര്‍ക്കാര്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചത്. ഖഫീല്‍ ഖാനെതിരായ ഏഴ് ആരോപണങ്ങളാണ് അന്വേഷിക്കുകയെന്ന് യു പി മെഡിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രജ്‌നീഷ് ദുബേ പറഞ്ഞു. കേസില്‍ നിന്നും ഖഫീല്‍ ഖാന്‍ ഇതുവരെ കുറ്റവിമുക്തനായിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ നല്‍കുകയാണെന്നും അദ്ദേഹം വിശദമാക്കി.

എന്നാല്‍, സത്യാവസ്ഥ മറച്ചുവെക്കാനാണ് പുതിയ അന്വേഷണമെന്ന് ഖഫീല്‍ ഖാന്‍ പറഞ്ഞു. ശിശുമരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെയാണ് അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നത്. കുട്ടികള്‍ മരിച്ചതെങ്ങനെയാണെന്ന് കൃത്യമായി വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഖഫീല്‍ ഖാന്‍ ആവശ്യപ്പെട്ടു.

2017 ആഗസ്റ്റ് 10 നാണ് ബി ആര്‍ ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 60 കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചത്. ആശുപത്രിയില്‍ ഓക്‌സിജന്‍ കുറവാണെന്ന കാര്യം ഖഫീല്‍ ഖാന്‍ അറിയിക്കാതിരുന്നതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ചാണ് പ്രത്യേക അന്വേഷണ സംഘം ഖഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, എ ഇ എസ് വാര്‍ഡിന്റെ നോഡല്‍ ഓഫീസര്‍ സ്ഥാനത്തു നിന്ന് ഖഫീല്‍ ഖാനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ മൂന്നാം പ്രതി ചേര്‍ത്തപ്പെട്ട ഖഫീല്‍ ഖാന് എട്ടു മാസത്തെ തടവു ശിക്ഷക്കു ശേഷം ഏപ്രില്‍ 25ന് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു.