Connect with us

Articles

ആമസോണില്‍ കറുത്ത മഴ പെയ്യുന്നു

Published

|

Last Updated

ആമസോണ്‍ കാടുകള്‍ കത്തുന്നതിന്റെ ദൃശ്യം.

ബ്രസീലിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം 2019 സെപ്തംബറില്‍ ആമസോണ്‍ മഴക്കാടിന്റെ 80,000 ഇടങ്ങളില്‍ തീ കണ്ടെത്തിയിട്ടുണ്ട്. മൂവായിരത്തിലധികം കിലോമീറ്റര്‍ അകലെയുള്ള അര്‍ജന്റീനയില്‍ നിന്ന് വരെ തീ കാണാനാകുമായിരുന്നു. ഉദ്ദേശ്യം 1,700 മൈല്‍ ചുറ്റളവില്‍ കാട് കത്തുന്ന പുക വ്യാപിച്ചു കഴിഞ്ഞു. ആമസോണ്‍ മഴക്കാടുകള്‍ ലോകത്തിന്റെ ശ്വാസകോശമായിട്ടാണ് അറിയപ്പെടുന്നത്. അതിനാല്‍ തന്നെ ലോക രാഷ്ട്രങ്ങള്‍ ഭീതിയിലാണ്. ആഗോള താപനത്തിലേക്ക് നയിക്കുന്ന അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈഓക്‌സൈഡിന്റെ മൂന്നിലൊന്ന് ആഗീരണം ചെയ്ത് പ്രാണവായു നല്‍കുന്നത് ആമസോണ്‍ മഴക്കാടുകളാണത്രെ. 86 ശതകോടി ടണ്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ് ഈ കാടുകളില്‍ ശേഖരിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. അതായത് ഹരിതഗൃഹ വാതക മലിനീകരണം കുറച്ച് ലോകത്തിന് പ്രാണവായു നല്‍കുന്നതില്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് വലിയ പങ്കാണുള്ളതെന്ന് ചുരുക്കം. അതുകൊണ്ട് തന്നെ ആഗോള താപനം ചെറുക്കുന്നതിലും കാലാവസ്ഥാ വ്യതിയാനം തടയുന്നതിലും ഈ കാടുകള്‍ക്ക് ഗണ്യമായ പങ്കുണ്ട്.

ജൈവ വൈവിധ്യം

5.5 ദശലക്ഷം കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ആമസോണ്‍ കാടുകള്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളേക്കാള്‍ വലുതാണ്. ഈ കാടുകളില്‍ 400 ശതകോടി മരങ്ങളുണ്ട്. 6,600 കിലോമീറ്റര്‍ നീളമുള്ള ആമസോണ്‍ നദി ഉത്ഭവിക്കുന്നത് ഈ കാടുകളില്‍ നിന്നാണ്. എല്ലാ തരം ജൈവ വൈവിധ്യങ്ങളും ഈ കാടുകളിലുണ്ട്. ആമസോണ്‍ മേഖലയിലെ 50 ശതമാനം മഴക്കും കാരണം ഈ കാടുകളാണ്. ലോകത്തിലെ 30 ശതമാനം ജന്തുജാലങ്ങളും ആമസോണ്‍ വനങ്ങളിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ലോകത്തിലെ പത്ത് ശതമാനം ജൈവ വൈവിധ്യങ്ങളും ആമസോണ്‍ വനത്തിലാണുള്ളത്. ഈ കാടുകള്‍ 30 ദശലക്ഷം ആളുകള്‍ക്ക് അഭയം നല്‍കുന്നുണ്ട്. 1.6 ദശലക്ഷം ആളുകള്‍ തികച്ചും തദ്ദേശീയ ജനവിഭാഗങ്ങളാണ്. യാനോമാമോ, മെസ്റ്റിസോസ്, കോബോ ക്ലോസ് എന്നീ വനവാസി വിഭാഗങ്ങള്‍ ആമസോണ്‍ മഴക്കാടുകളില്‍ മാത്രം കണ്ടുവരുന്നവരാണ്. മരങ്ങളുടെ രാസ വസ്തുക്കളില്‍ നിന്ന് ശേഖരിക്കുന്ന ഔഷധങ്ങള്‍ ഇവര്‍ ഉപയോഗിക്കുന്നതിനാല്‍ നൂറ്റാണ്ടുകളായി ഇവര്‍ക്ക് രോഗ പ്രതിരോധ ശേഷിയുണ്ട്. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള രോഗങ്ങളും ഇവരെ അലട്ടാറേയില്ല.
ആമസോണ്‍ കാടുകളില്‍ 40,000 തരം സസ്യങ്ങളും 427 തരം സസ്തനികളും 2.5 ലക്ഷം തരം ഷഡ്പദങ്ങളും 2,200 തരം മീനുകളും 2000 തരം പക്ഷികളും 428 തരം ഉഭയ ജീവികളും 378 തരം ഉരഗങ്ങളുമുണ്ട്. കറുത്ത ചീങ്കണ്ണി, പച്ച അനാകോണ്ട, ജഗ്വോര്‍(കാട്ടുപൂച്ച), പ്യൂമകള്‍, നരഭോജികളായ മലമ്പാമ്പുകള്‍, വിവിധ നിറത്തിലുള്ള തത്തകള്‍, വിഷത്തവളകള്‍, വിഷ ചിലന്തികള്‍, ചുവന്ന കപ്യൂചിന്‍ കുരങ്ങുകള്‍, ബുള്ളറ്റ് ഉറുമ്പുകള്‍, വൈദ്യുതി മല്‍ഞ്ഞീന്‍, പിങ്ക് ഡോള്‍ഫിനുകള്‍, ചില്ലുപോലെ തൊലിയുള്ള സുതാര്യ തവളകള്‍ എന്നിവ ആമസോണ്‍ വനാന്തരത്തിന്റെ മാത്രം പ്രത്യേകതയാണ്. ഏറ്റവും വലിയ പൂവുണ്ടാകുന്ന റെഫ്‌ളീസിയ ചെടി ഈ വനത്തിലുണ്ട്.

ആമസോണ്‍ മഴക്കാടുകള്‍ കത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ മുയല്‍. ഈ ചിത്രം വൈറലായിരുന്നു.

ആമസോണ്‍
വനാതിര്‍ത്തികള്‍

ആമസോണ്‍ കാടുകളുടെ 60 ശതമാനം അതിര്‍ത്തികളും ബ്രസീലിലാണ്. പെറു, ബൊളീവിയ, പരഗ്വാ, കൊളംബിയ, ഇക്വാഡോര്‍ എന്നീ രാജ്യങ്ങളെല്ലാം ആമസോണ്‍ കാടുകളുമായി അതിര്‍ത്തി പങ്കിടുന്നു.

ആമസോണ്‍ നേരിടുന്ന
പ്രതിസന്ധി

2019 സെപ്തംബര്‍ ആദ്യവാരം ആമസോണ്‍ കാടുകളില്‍ 80,000 ഇടങ്ങളില്‍ വനം കത്തുന്നുണ്ടായിരുന്നു. വനവുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള ഈ തീപിടിത്തം ഈ ലോകത്തിന്റെ ശ്വാസകോശത്തെ ഇല്ലാതാക്കുന്ന തലത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കൃഷി വ്യാപിപ്പിക്കുന്നതിനും റോഡുകള്‍ വെട്ടുന്നതിനും മരത്തടികള്‍ കടത്തുന്നതിനും വന്യജീവി ഉത്പന്നങ്ങള്‍ ശേഖരിക്കുന്നതിനും വനം കൊള്ളക്കുമാണ് അറിഞ്ഞു കൊണ്ടുള്ള ഈ തിപിടിത്തം എന്നാണ് ലോകം മനസ്സിലാക്കുന്നത്. സോയാബീന്‍, ധാന്യങ്ങള്‍ എന്നിവയുടെ കൃഷിയാണ് കത്തിനശിച്ച വനമേഖലയില്‍ ചെയ്യാന്‍ ലക്ഷ്യമിടുന്നത്. താത്കാലിക നേട്ടത്തിന് വേണ്ടി ആമസോണിനെ തകര്‍ക്കുകയും ഇല്ലാതാക്കുകയും ചെയ്യുമ്പോള്‍ ലോകം നേരിടാനിരിക്കുന്നത് രൂക്ഷമായ കാലാവസ്ഥാ വ്യതിയാനവും മഴക്കുറവും വരള്‍ച്ചയും മലിനീകരണവും ആയിരിക്കും. ആമസോണ്‍ കാടുകള്‍ ഇല്ലാതാക്കി കൃഷിയിടമാക്കിയാല്‍ പത്തോ പതിനഞ്ചോ വര്‍ഷത്തിന് ശേഷം ഈ പ്രദേശം മരുഭൂമിയായി മാറുമെന്ന് ലോക ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നു. മഞ്ഞുരുകി സമുദ്ര നിരപ്പുയരുന്നതിന്റെ വേഗത വര്‍ധിക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോക രാജ്യങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഭൂമിയുടെ ശ്വാസകോശം എന്നെന്നേക്കുമായി ഇല്ലാതാകുമെന്നത് തീര്‍ച്ചയാണ്.
(ലേഖകന്റെ ഫോണ്‍: 9447391905)

Latest