കിയാല്‍ ഓഹരി: കോടിയേരിക്കെതിരെ കാപ്പന്‍ സി ബി ഐക്ക് നല്‍കിയതായി സംശയിക്കുന്ന മൊഴിരേഖ പുറത്ത്

Posted on: October 3, 2019 3:05 pm | Last updated: October 3, 2019 at 8:01 pm

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാലായിലെ ഇടത് എം എല്‍ എ മാണി സി കാപ്പന്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെ സി ബി ഐക്ക് നല്‍കിയ മൊഴി പുറത്ത്. ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണാണ് കാപ്പന്റെ മൊഴി രേഖകള്‍ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടത്.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കും മുംബൈ മലയാളി ദിനേശ് മേനോന്‍ പണം നല്‍കിയെന്നു സൂചിപ്പിക്കുന്നതാണ് കാപ്പന്റെ മൊഴി. മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ സി ബി ഐക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ കാപ്പന്‍ നല്‍കിയ മറുപടിയിലാണ് കോടിയേരിക്കെതിരെ ആരോപണമുള്ളത്.

കണ്ണൂര്‍ വിമാനത്താവള ഓഹരികള്‍ വിതരണം ചെയ്യാന്‍ പോകുമ്പോള്‍, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകന്‍ ബിനീഷിനെയും പരിചയപ്പെടണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ തന്‍ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കല്‍ നടത്തിയതിന് ശേഷം ദിനേശ് മേനോന്‍ എന്നോട് പറഞ്ഞപ്പോഴാണ് ചില പേയ്‌മെന്റുകള്‍ ദിനേശ് മേനോന്‍ നടത്തിയെന്ന് ഞാന്‍ മനസ്സിലാക്കിയതെന്നും കാപ്പന്റെ മൊഴി രേഖ പറയുന്നു.

ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരോടു സംസാരിക്കാമെന്നു പറഞ്ഞുവെന്നും മാണി സി കാപ്പന്‍ സി ബി ഐക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നു. ഇനി അറിയാന്‍ താല്‍പര്യം, ഈ വിഷയത്തില്‍ ഇപ്പോള്‍ എല്‍ എല്‍ ഡി എഫ് എം എല്‍ എയായ കാപ്പന്‍ കോടിയേരി ബാലകൃഷ്ണന്റെ പേരു പരാമര്‍ശിച്ച് സി ബി ഐക്ക് എഴുതി നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നാണെന്നും ഷിബു ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. വിഷയത്തില്‍ കോടിയേരി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം താനുമായി ബന്ധപ്പെട്ട് ഒരു ആരോപണവും ഇല്ലെന്ന് കാപ്പന്‍ പ്രതികരിച്ചു. കോടിയേരിക്കെതിരെ താന്‍ മൊഴി നല്‍കിയിട്ടില്ല. മൊഴി പകര്‍പ്പായി കാണിച്ച രേഖയില്‍ തന്റെ ഒപ്പില്ല. ഇത് വ്യാജമാണ്. ദുരുദ്ദേശത്തോടെയാണ് ഇത്തരം ഒരു രേഖ പ്രസിദ്ധീകരിച്ചതെന്നും കാപ്പന്‍ പറഞ്ഞു. ഷിബു ബേബി ജോണിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.