Connect with us

Ongoing News

താക്കോല്‍ സ്ഥാനം കൈയില്‍ കിട്ടിയ ഉടന്‍ ചെന്നിത്തല തനിക്കിട്ട് പണി തന്നു: വെള്ളാപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കടന്നാക്രമിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉമ്മന്‍ചാണ്ടിയോടും എ കെ ആന്റണിയോടും സ്‌നേഹമുണ്ട്. രമേശ് ചെന്നിത്തലയില്‍ നിന്നും നീതിപരമായ സമീപനം ഒരിക്കലും ലഭിച്ചിട്ടില്ല. അദ്ദേഹത്തിന് താക്കോല്‍സ്ഥാനം കൈയില്‍ കിട്ടിയപ്പോള്‍ ആദ്യം പണി തന്നത് തനിക്കിട്ടാണെന്നും ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷ സമുദായമെന്ന ഐക്യം ഉണ്ടാക്കിയത് ഞാനാണ്. അതിന് വേണ്ടി ഞാനെന്റെ പണവും പ്രയത്‌നവും എല്ലാം നടത്തി സംഘടിപ്പിച്ചു വന്നപ്പോള്‍ സുകുമാരന്‍ നായര്‍ ഭൂരിപക്ഷ സമുദായത്തിന് താക്കോല്‍ സ്ഥാനം നല്‍കണമെന്ന് പറഞ്ഞ് വന്നു. അങ്ങനെ രമേശിന് താക്കോല്‍ സ്ഥാനം കിട്ടി. ഉടന്‍ അദ്ദേഹം തന്റെ
തലക്കിട്ടല്ലേ അടിച്ചത്. എന്നെ പ്രതിയാക്കി കേസെടുത്തില്ലേ.

രമേശ് കുടുംബ സുഹൃത്ത് പോലെ അഭിനയിക്കുന്നുണ്ട്. തുഷാറിന്റെ കേസുണ്ടായപ്പോള്‍ രമേശ് എന്താണ് പറഞ്ഞത്. അവിടെ കുറേ പാവപ്പെട്ടവര്‍ കിടപ്പുണ്ടായിരുന്നു എന്ന്. അത് അദ്ദേഹം ഞങ്ങള്‍ക്ക് ഇന്‍ഡയരക്ട് ആയിട്ട് പണി തരികയല്ലേ ഉണ്ടായത്.

ബി ഡി ജെ എസിനെ എങ്ങനെ ഞെക്കിക്കൊല്ലാമെന്നാണ് കേരളത്തിലെ ബി ജെ പി നോക്കിനടക്കുന്നത്. – ബി ഡി ജെ എസിന് എന്തെങ്കിലും കൊടുക്കണമെങ്കില്‍ അവര്‍ കേന്ദ്രത്തില്‍ പോയി മേടിച്ചോട്ടെ ഞങ്ങള്‍ക്ക് അതില്‍ കാര്യമൊന്നും ഇല്ല എന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്. പാലാ ഉപതിരഞ്ഞെടുപ്പ് വരുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.