പോരാട്ടം ഇഞ്ചോടിഞ്ച്‌; രാമപുരത്തെ യു ഡി എഫ് കോട്ട പിളര്‍ത്തി കാപ്പന്‍

Posted on: September 27, 2019 9:12 am | Last updated: September 27, 2019 at 1:39 pm

പാലാ: പാലയിലെ വോട്ടണ്ണല്‍ ആരംഭിച്ചപ്പോള്‍ യു ഡി എഫിന്റെ ശക്തികേന്ദ്രമായ രാമപുരം, കടനാട് പഞ്ചായത്തുകളില്‍ അപ്രതീക്ഷിത ലീഡ് പിടിച്ച് എല്‍ ഡി എഫ്. രാമപുരം ,കടനാട് പഞ്ചായത്തുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്‍ ഡി എഫ് തുടക്കത്തില്‍ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ എം മാണി കടുത്ത മത്സരം നേരിട്ടപ്പോള്‍ പോലും രാമപുരത്ത് യു ഡി എഫ് ഒരിക്കല്‍ പോലും പിന്നില്‍ പോയിരുന്നില്ല. 751 വോട്ടുകള്‍ക്കാണ് കാപ്പന്‍ ലീഡ് ചെയ്യുന്നത്‌
യു ഡി എഫിന്റെ അടിസ്ഥാന വോട്ടുകളില്‍ വലിയ ചോര്‍ച്ച സംഭവിച്ചതായാണ് ആദ്യ ഫലം സൂചന നല്‍കുന്നത്.

കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ രാമപുരത്ത
നാലായിരത്തിന് മുകളില്‍ വോട്ടിന്റെ ലീഡ് യു ഡി എഫ് നേടിയിരുന്നു. 2014ലെ ലോക്‌സഭ, 2016ലെ നിയമസഭ, 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ രാമപുരത്ത് യു ഡി എഫ് വ്യക്തമായ ലീഡ് നേടിയിരുന്നു. കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും പുറമെ ബി ജെ പിക്കും ശക്തമായ വേരോട്ടമുള്ള പഞ്ചായത്തിലാണ് എല്‍ ഡി എഫ് അപ്രതീക്ഷിത ലീഡ് പിടിച്ചത്.

ബി ജെ പി വോട്ടുകള്‍ രാമപുരത്ത് യു ഡി എഫിന് മറിഞ്ഞതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ബി ജെ പി ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും എത്തിയ എട്ടോളം വാര്‍ഡുകള്‍ രാമപുരത്തുണ്ട്. എന്നിട്ടും എല്‍ ഡി എഫ് ലീഡ് പിടിച്ചത് യു ഡി എഫിനെയും ബി ജെ പിയെയും ഞെട്ടിപ്പിക്കുന്നതാണ്.