കര്‍ണാടകയിലെ 15 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പ് നീട്ടി

Posted on: September 26, 2019 5:26 pm | Last updated: September 26, 2019 at 10:06 pm

ബെംഗളുരു: കര്‍ണാടകയിലെ 15 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍. വിമത എം എല്‍ എമാരെ അയോഗ്യരാക്കിയതിനെതിരായ ഹരജി കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് ഒക്ടോബര്‍ 21 നടക്കേണ്ട വോട്ടെടുപ്പ് നീട്ടിവച്ചതെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. അന്തിമ വിധി വന്നതിന് ശേഷം മാത്രമേ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

അയോഗ്യത റദ്ദാക്കണമെന്ന വിമതരുടെ ഹരജിയില്‍ ഒക്ടോബർ 22 മുതൽ വാദം കേൾക്കൽ തുടരും. ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് 17 വിമത എം എല്‍ എമാരുടെ അയോഗ്യതക്കെതിരായ ഹരജി പരിഗണിക്കുന്നത്. ഹരജിയില്‍ തീരുമാനമെടുക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ചപ്പോഴായിരുന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ വോട്ടെടുപ്പ് സ്റ്റേ ചെയ്തതായി അറിയിച്ചത്. തിരഞ്ഞെടുപ്പ് തിയ്യതി മാറ്റിയതിനെതിരെ  കോണ്‍ഗ്രസ് – ജെ ഡി എസ് രംഗത്തെത്തി.