മാതൃഭാഷയോടുള്ള ഈ വിമുഖത മാറ്റണം

Posted on: September 19, 2019 12:24 pm | Last updated: September 20, 2019 at 12:25 pm

ഉദ്യോഗാര്‍ഥികളുടെ കാലങ്ങളായുള്ള ആവശ്യമാണ് പി എസ് സി പരീക്ഷകളെല്ലാം മലയാളത്തിലാക്കണമെന്നത്. ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുകയാണിപ്പോള്‍ പി എസ് സി. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയും മാതൃഭാഷയും മലയാളമായിരുന്നിട്ടു കൂടി പി എസ് സി ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ മാത്രം നല്‍കുന്നതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചോദ്യങ്ങള്‍ മലയാളത്തില്‍ കൂടി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പട്ടത്തെ പി എസ് സി ഓഫീസിനു മുന്നില്‍ ഐക്യമലയാള പ്രസ്ഥാനം രണ്ടാഴ്ചയിലേറെ നീണ്ട നിരാഹാര സമരവും നടത്തി. എം ടി വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, സുഗതകുമാരി തുടങ്ങി സാഹിത്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് പി എസ് സി തത്വത്തില്‍ വിഷയം അംഗീകരിച്ചത്. സാങ്കേതിക പദങ്ങള്‍ക്കായി വിജ്ഞാന ഭാഷാ നിഘണ്ടു നിര്‍മിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാനും തീരുമാനമായി. കന്നഡയിലും തമിഴിലും ചോദ്യ പേപ്പര്‍ നല്‍കുന്ന കാര്യവും ഭാവിയില്‍ പരിഗണിക്കും.
ഹയര്‍ സെക്കന്‍ഡറി യോഗ്യതയുള്ള പരീക്ഷകള്‍ മലയാളത്തില്‍ നടത്താന്‍ കഴിഞ്ഞ ഡിസംബറില്‍ തീരുമാനിച്ചതാണ്. ഈ വര്‍ഷം ഡിസംബര്‍ മുതല്‍ അത് നടപ്പാക്കുമെന്ന് പി എസ് സി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് സിവില്‍ പോലീസ്, എക്‌സൈസ് ഓഫീസര്‍, ഫയര്‍മാന്‍ തുടങ്ങിയ പരീക്ഷകളാണ് മലയാളത്തിലാക്കുക. അതേസമയം, എം ബി ബി എസ്, ബി ടെക്, എം ടെക് തുടങ്ങിയ പരീക്ഷകള്‍ക്ക് മലയാളത്തില്‍ ചോദ്യം നല്‍കുന്നതില്‍ പി എസ് സിക്ക് വിയോജിപ്പുണ്ട്. സംസ്ഥാനത്തും പുറത്തും കോളജ് തലത്തില്‍ ഇംഗ്ലീഷ് ഒന്നാം ഭാഷയായി പഠിച്ചവരാണ് പി എസ് സിയുടെ ബിരുദതല പരീക്ഷകള്‍ എഴുതുന്നതെന്നതിനാല്‍ അവര്‍ക്ക് മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കുന്നത് അനുചിതമാണെന്നാണ് അവരുടെ നിലപാട്. ഉയര്‍ന്ന യോഗ്യത അടിസ്ഥാനമായ പരീക്ഷകളില്‍ സാങ്കേതിക പദങ്ങള്‍ക്കുള്ള പകരം പദങ്ങള്‍ കണ്ടെത്തുന്നതിന്റെ പ്രയാസവും പി എസ് സി ചൂണ്ടിക്കാട്ടി. എന്നാല്‍ എല്ലാ പരീക്ഷകളും മലയാളത്തിലാക്കണമെന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടത്. ഇതടിസ്ഥാനത്തില്‍ ബിരുദതല പരീക്ഷകള്‍ മലയാളത്തിലാക്കുന്നതിന്റെ പ്രായോഗിക വശങ്ങള്‍ പരിശോധിക്കാനായി സര്‍വകലാശാല അധ്യാപകര്‍ കൂടി ഉള്‍പ്പെട്ട സമിതി രൂപവത്കരിക്കാന്‍ തീരുമാനമുണ്ട്.

രണ്ട് വര്‍ഷത്തിലേറെയായി സംസ്ഥാന സര്‍ക്കാര്‍ മലയാളത്തെ ഔദ്യോഗിക ഭാഷയായി സ്വീകരിച്ചിട്ട.് 2017 മെയ് ഒന്ന് മുതല്‍ ഭരണഭാഷ മലയാളമായിരിക്കണമെന്നത് നിയമമാണ്. മലയാളം മാത്രമറിയാവുന്ന സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും എളുപ്പത്തിലും സുതാര്യതയോടെയും സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. എന്നിട്ടും സര്‍ക്കാര്‍ തൊഴിലുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനത്തിന് ചോദ്യങ്ങള്‍ മലയാളത്തില്‍ നല്‍കാന്‍ എന്താണിത്ര വിമുഖത. ഇംഗ്ലീഷ് ഭാഷയില്‍ മാത്രം വിദ്യാഭ്യാസം നേടിയ, സി ബി എസ് ഇ തുടങ്ങി ഉന്നത യോഗ്യതയുള്ളവര്‍ക്ക് ഇതു പ്രയാസം സൃഷ്ടിക്കുമെന്നാണ് പി എസ് സി വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, ഉയര്‍ന്ന ഉദ്യോഗങ്ങളായ ഐ എ എസും ഐ പി എസുമടക്കമുള്ള സ്ഥാനങ്ങളിലേക്കുള്ള സിവില്‍ സര്‍വീസ് പരീക്ഷ മാതൃഭാഷയില്‍ എഴുതാന്‍ അനുവാദമുണ്ട്. യു പി എസ് സി നടത്തുന്ന പരീക്ഷകളിലും മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്)കളിലുമൊക്കെ പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാന്‍ അവസരം നല്‍കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവുമുണ്ട്. ഇത്തവണ നിരവധി തമിഴ് വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷ എഴുതിയത് മാതൃഭാഷയിലാണ്. അവരൊന്നും കാണാത്ത എന്തു പ്രയാസവും ബുദ്ധിമുട്ടുമാണ് മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കുന്നതില്‍ പി എസ് സി കാണുന്നത്? ഭരണഭാഷാ നയം നടപ്പാക്കാനുള്ള ഉദ്യോഗസ്ഥരെ നിയമിക്കാനാണ് തൊഴില്‍ പരീക്ഷകള്‍ നടത്തുന്നതെന്ന കാര്യം പി എസ് സി വൃത്തങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.

പി എസ് സി ഇപ്പോള്‍ നടത്തുന്ന സെലക്ഷന്‍ സമ്പ്രദായമനുസരിച്ച് പരീക്ഷകളിലെല്ലാം ഇംഗ്ലീഷില്‍ ഉത്തരമെഴുതുന്നവര്‍ നിഷ്പ്രയാസം വിജയിച്ച് സര്‍ക്കാര്‍ സര്‍വീസിലെത്തുന്നു. അല്ലാത്തവര്‍ തഴയപ്പെടുകയും ചെയ്യുന്നു. ഇംഗ്ലീഷ് പ്രാവീണ്യം കൂടുതലുണ്ടാകാന്‍ സാധ്യത സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ക്കാണ്. ഗ്രാമങ്ങളില്‍ നിന്ന് പഠിച്ചെത്തി പരീക്ഷയെഴുതുന്ന സാധാരണക്കാരായ കേരളീയ യുവാക്കളുടെ അവസരമാണ് ഇതുമൂലം നഷ്ടമാകുന്നത്. ഈ സ്ഥിതി മാറണം. മലയാളത്തില്‍ പരീക്ഷ എഴുതുന്നവര്‍ക്കും സെലക്ഷനില്‍ വിജയിക്കാനും സര്‍വീസിലെത്താനും സാധിക്കുന്ന വിധം പരീക്ഷയും ചോദ്യഘടനയും മാറേണ്ടതുണ്ട്. ഭരണഘടന അനുശാസിക്കുന്ന 22 ഭാഷകളില്‍ ഉള്‍പ്പെട്ടതും ശ്രേഷ്ടഭാഷാ പദവി ലഭിച്ച ആറ് ഭാഷകളില്‍ ഇടം നേടിയതുമാണ് മലയാളമെന്ന ബോധം പി എസ് സിയുടെ തലപ്പത്തുള്ളവര്‍ക്കുണ്ടാകണം.

“വിവരവും വിദ്യാഭ്യാസവുമില്ലാത്ത അംഗത്തിന് ഇംഗ്ലീഷ് അറിയില്ലെന്നു വെച്ച് മറ്റുള്ളവരെല്ലാം അങ്ങനെയാണെന്നു കരുതരുത്. ബിരുദ യോഗ്യതയുള്ളവരെല്ലാം മലയാളമില്ലെങ്കിലും പരീക്ഷയെഴുതും’. പി എസ് സിയുടെ ഒരു മുന്‍ ചെയര്‍മാന്റെതാണ് മലയാളത്തോട് പരമപുച്ഛം പ്രകടിപ്പിക്കുന്ന ഈ വാക്കുകള്‍. പരീക്ഷകളില്‍ മലയാളം ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന ഒരു യോഗത്തിലായിരുന്നു ഈ പരാമര്‍ശം. പരീക്ഷ മലയാളത്തിലാക്കാന്‍ എന്തുകൊണ്ട് പി എസ് സി വിമുഖത കാണിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരം ഈ വാക്കുകളിലുണ്ട്. ഇംഗ്ലീഷ് പഠിച്ചാല്‍ തികഞ്ഞവനായെന്നും മറ്റുള്ളവരെല്ലാം വിവരം കെട്ടവരാണെന്നുമുള്ള ഈ മനോഭാവം തനി വിവരക്കേടിന്റെതാണ്. ഈ വികല മനോഭാവമാണ് യഥാര്‍ഥത്തില്‍ പരീക്ഷകള്‍ മലയാളത്തിലാക്കുന്നതിനുള്ള തടസ്സം.