Connect with us

Kerala

അഴിമതി കാണിക്കുന്നവര്‍ക്ക് സംസ്ഥാനത്ത് ഇന്ന് ശിക്ഷ ഉറപ്പ്: മുഖ്യമന്ത്രി

Published

|

Last Updated

പാലാ: മൂന്നേകാല്‍ വര്‍ഷം മുമ്പുള്ള കേരളമല്ല ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേട്ടുകേള്‍വിയില്ലാത്തതരം അഴിമതി നടന്ന ഭരണത്തില്‍ നിന്ന് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാക്കി കേരളത്തെ മാറ്റി. ഇന്ന് ആര് അഴിമതി കാണിച്ചാലും ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലായിലെ ഇടത് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേലുകാവ്മറ്റത്ത് നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കിഫ്ബി വഴി 50,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടു. ഇതില്‍ 45,000 കോടിയിലധികം രൂപയുടെ പദ്ധതി ഇതിനകം ആരംഭിച്ചു. എന്നാല്‍ കിഫ്ബിയെ എങ്ങനെയെങ്കിലും തകര്‍ക്കണം എന്ന മനോഭാവമാണ് ചിലര്‍ക്ക്. നിങ്ങളിവിടെ ഒരു വികസനവും നടത്താന്‍ പാടില്ല എന്നതാണ് ചിലരുടെ മനോഭാവം. അവര്‍ ഒന്നും നടത്തിയില്ല എന്നു കരുതി നാടിനു ഗുണമുണ്ടാകുന്ന പദ്ധതികള്‍ നടപ്പാക്കുന്നവരെ തടയണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

സര്‍വമേഖലയിലും കേരളം വികസിക്കുമ്പോള്‍ അതിനൊപ്പം പാലായും നില്‍ക്കേണ്ടതല്ലെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനൊപ്പം നിന്നില്ല എന്നതുകൊണ്ട് പാലായുടെ നേരെ ഒരു വിവേചനവും സര്‍ക്കാര്‍ കാണിച്ചില്ല. എന്നാല്‍ ഈ കാര്യങ്ങളെല്ലാം നടപ്പിലാക്കാന്‍ എല്‍ ഡി എഫിന്റെ തന്നെ ഒരു പ്രതിനിധി പാലായില്‍ നിന്ന് വന്നാല്‍ സഹായകമാകും.

കേരളത്തിലെ നിക്ഷേപ അന്തരീക്ഷം മാറി. പുതിയ സംരഭങ്ങളുമായി വരുന്നവര്‍ക്ക് നല്ലതേ പറയാനുള്ളൂ. നിസാനെ പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളാണ് വരുന്നത്. കേരളത്തിലെ 600 കി.മീ നടപ്പാത അടുത്തവര്‍ഷം പൂര്‍ത്തിയാകും. ശബരിമലയില്‍ വിമാനത്താവളം സംബന്ധിച്ച നടപടികള്‍ നടന്നുവരുന്നു.

മൂന്നേകാല്‍ വര്‍ഷം മുമ്പ് 1800 കോടി രൂപ യു ഡി എഫ് സര്‍ക്കാര്‍ പെന്‍ഷന്‍ ഇനത്തില്‍ കൊടുക്കാനുണ്ടായിരുന്നു. എല്‍ ഡി എഫ് ഇത് കൊടുത്തു തീര്‍ത്തു. പെന്‍ഷന്‍ 600 ല്‍ നിന്ന് 1200 വര്‍ധിപ്പിച്ചു. ഇന്ന് എല്ലാവര്‍ക്കും ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നു. പത്ത് ലക്ഷത്തിലേറെ പേര്‍ക്കാണ് പുതുതായി പെന്‍ഷന്‍ നല്‍കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് യു ഡി എഫ് സര്‍ക്കാര്‍ നാല്‍പ്പതിനായിരം പേര്‍ക്ക് പട്ടയം നല്‍കിയപ്പോള്‍, എല്‍ ഡി എഫ് സര്‍ക്കാര്‍ മൂന്ന് വര്‍ഷം കൊണ്ട് ഒരു ലക്ഷത്തിലേറെ ആളുകള്‍ക്കാണ് നല്‍കിയത്.

ഈ സര്‍ക്കാര്‍ വന്ന ശേഷം 1.20 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. 22,500 പുതിയ തസ്തിക സൃഷ്ടിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം 453 കോടി രൂപമാത്രം കൊടുത്തപ്പോള്‍ മൂന്നു വര്‍ഷംകെണ്ട് എല്‍ ഡി എഫ് കൊടുത്തത് 1294 കോടി രൂപ. 3.70 ലക്ഷം പേര്‍ക്കായാണ് ഈ തുക നല്‍കിയത്.

ലൈഫ് മിഷന്‍ വഴി കഴിഞ്ഞ ഓണത്തിന് 1.25 ലക്ഷത്തിലധികം കുടുംബങ്ങള്‍ സ്വന്തം വീട്ടില്‍ ഓണമുണ്ടു. പ്രളയത്തില്‍ വീടുനഷ്ടപ്പെട്ട 8,000ല്‍ അധികം കുടുംബങ്ങള്‍ ഈ വര്‍ഷം പുതിയ വീട്ടില്‍ ഓണമുണ്ടു. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം വഴി ലോകത്തിലെ ഏത് വിദ്യാഭ്യാസ സമ്പ്രദായവുമായി കിടപിടിക്കാന്‍ നമുക്കു കഴിഞ്ഞു. മൂന്നുവര്‍ഷം കൊണ്ട് പൊതുവിദ്യാലയങ്ങളില്‍ അഞ്ചുലക്ഷത്തില്‍ പരം കുട്ടികള്‍ പുതുതായി ചേര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.