രാജഭരണം സേവനഹരിതം

Posted on: September 15, 2019 10:38 am | Last updated: September 14, 2019 at 12:52 pm

തികഞ്ഞ വിനയാന്വിതനായിരുന്നു ചക്രവർത്തി. ലളിത ജീവിതം നയിച്ച അദ്ദേഹം ഉമർ (റ) നെപ്പോലെ കഷ്ണം വെച്ച വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. സാധാരണ ഭക്ഷണവും വസ്ത്രവും ധരിച്ചിരുന്ന അദ്ദേഹം മറ്റു മുഗളരിൽ നിന്ന് തീർത്തും വ്യത്യസ്തനായിരുന്നു. രാജ്യം ഭരിക്കുന്നത് തന്റെ കർത്തവ്യമായി കണ്ട ചക്രവർത്തി ഖജനാവിൽ നിന്ന് ഒരു ചില്ലിക്കാശും കൂലിയായി കൈപ്പറ്റിയിരുന്നില്ല. പകരം തൊപ്പി തുന്നിയും ഖുർആൻ പകർത്തിയെഴുതിയും സ്വരൂപിച്ച പണം കൊണ്ടായിരുന്നു സ്വന്തം കാര്യങ്ങൾ നോക്കിയിരുന്നത്. കൈയെഴുത്തിൽ നിപുണനായിരുന്ന ചക്രവർത്തി ഖുർആൻ പകർത്തിയെഴുതി മക്കയിലേക്കും മദീനയിലേക്കും അയച്ചുകൊടുത്തിരുന്നു. സർക്കാറിന്റെ സമ്പത്ത് ജനങ്ങളുടെതായതിനാൽ സ്വന്തം ആവശ്യത്തിന് ചെലവഴിച്ചിരുന്നില്ല. പ്രജകളിൽ നിന്ന് നികുതിയായി പിരിച്ചെടുത്ത ധനം അവർക്കുവേണ്ടിത്തന്നെ ചെലവഴിച്ചു. അവ സ്വന്തം സുഖാഡംബരങ്ങൾക്കോ ശവകുടീരങ്ങളുടെ നിർമാണത്തിനോ ചെലവഴിക്കുന്നത് തെറ്റായിട്ടാണ് അദ്ദേഹം മനസ്സിലാക്കിയത്. ജനോപകാരപ്രദമല്ലാത്ത ധാരാളം രമ്യഹർമ്യങ്ങൾ നിർമിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന പിതാവിൽ നിന്ന് മകൻ തികച്ചും വ്യത്യസ്തനായിരുന്നു.

യമുനയുടെ മറുകരയിൽ താജ്മഹലിനെ പോലെ മറ്റൊരു നിർമിതി കൂടി ഷാജഹാൻ ചക്രവർത്തി ആഗ്രഹിച്ചിരുന്നു. അതിന്റെ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ഇരു നിർമിതികളെയും തമ്മിൽ ബന്ധിപ്പിക്കാനുള്ള പാലത്തിന്റെ നിർമാണം നടന്നുകൊണ്ടിരിക്കെയാണ് ഔറംഗസീബ് അധികാരത്തിലേറിയത്. ജനോപകാരപ്രദമല്ലാത്ത ഇത്തരം കാര്യങ്ങൾക്കു വേണ്ടി പൊതുധനം ചെലവഴിക്കുന്നത് വിലക്കി അദ്ദേഹം ഉത്തരവിട്ടു. പാലത്തിന്റെ പാർശ്വങ്ങളിൽ പതിച്ചിരുന്ന വെള്ളി ഇളക്കിയെടുത്ത് നാണയങ്ങൾ അടിക്കാനും ആ സംഖ്യ കൊണ്ട് റോഡുകളും പാലങ്ങളും നിർമിക്കാനും അദ്ദേഹം കൽപ്പനയിറക്കി. ഇതേ കാഴ്ചപ്പാടോടു കൂടിയാണ് അമ്പത് വർഷവും അദ്ദേഹം ഭരണം നടത്തിയത്. ഒരു ചരിത്രകാരൻ എഴുതുന്നു: “ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികളിൽ അലാവുദ്ദീൻ ഖിൽജി, ഫിറോസ് ഷാ, ഷേർഷാ തുടങ്ങി പലരും ധാരാളം ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, താൻ ജനങ്ങൾക്കൊരു ഭാരമാവരുതെന്ന് കരുതി കഷ്ണം വെച്ച വസ്ത്രങ്ങൾ ധരിക്കുകയും ജനങ്ങൾ രണ്ട് നേരം വയറു നിറക്കട്ടെയെന്നാഗ്രഹിച്ച് ഉണക്കറൊട്ടികൾ കഴിച്ച് ജീവിക്കുകയും ചെയ്ത ഭരണാധികാരി ഔറംഗസീബ് മാത്രമാണ്.’

ഉദാരതയും
സാന്ത്വനവും

ചക്രവർത്തി ഉദാരനും ധർമിഷ്ഠനുമായിരുന്നു. മറ്റു മുഗൾ രാജാക്കന്മാർ മൊത്തം നൽകിയ ധർമത്തേക്കാൾ അനേകം മടങ്ങ് വരും ഔറംഗസീബ് തനിച്ച് നൽകിയത്. ആണ്ടുതോറും റമസാൻ മാസത്തിൽ അറുപതിനായിരം പണം വിതരണം ചെയ്യാറുണ്ടായിരുന്നു. അനാഥകളെയും അഗതികളെയും സംരക്ഷിക്കുന്നതിന് രാജ്യത്തെമ്പാടും മന്ദിരങ്ങൾ സ്ഥാപിച്ചിരുന്നു. വഴിയാത്രക്കാർക്ക് സൗജന്യ താമസവും ഭക്ഷണവും നൽകുന്നതിന് സംവിധാനങ്ങളൊരുക്കി. പള്ളികൾ പുനരുദ്ധരിക്കുകയും പരിപാലകരെ നിയമിക്കുകയും ചെയ്തു. പണ്ഡിതർക്ക് പാരിതോഷികങ്ങൾ നൽകി. മുഗൾ രാജാക്കന്മാരിൽ ഏറ്റവും വിദ്യാസമ്പന്നനായിരുന്ന ചക്രവർത്തി കൊട്ടാരങ്ങളിൽ നിലനിന്നിരുന്ന പല അനാചാരങ്ങളും നിർത്തലാക്കി. രാജകുടുംബാംഗങ്ങൾക്ക് നിയമങ്ങളോ നിയന്ത്രണങ്ങളോ ബാധകമല്ലെന്നുള്ളതാണ് രാജവാഴ്ചയുടെ ഒരു പ്രധാന ദോഷം. അവർക്ക് തോന്നിയവരെ അക്രമിക്കാം, കൊല്ലാം. രാജാവിന്റെ ഉറ്റവരാകയാൽ അവരെ ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെടില്ല. ഈ അനീതിയെ ഔറംഗസീബ് തടഞ്ഞു. തന്മൂലം അദ്ദേഹത്തിന്റെ ഏതെങ്കിലും രാജകുമാരനോ സുബേദാറോ ഉന്നത ഉദ്യോഗസ്ഥനോ അന്യായമായി ജനങ്ങളെ ദ്രോഹിക്കാൻ ധൈര്യപ്പെട്ടില്ല.
ചക്രവർത്തിമാരെ ചുറ്റിപ്പറ്റി നിന്ന് സ്തുതി പാടിയിരുന്ന കവികൾക്ക് ഔറംഗസീബ് സംരക്ഷണം നൽകിയിരുന്നില്ല. അവ കേൾക്കാൻ തന്നെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. കൊട്ടാര നർത്തകികൾക്ക് അടുത്തൂൺ നൽകി പിരിച്ചുവിട്ടു. നല്ല തത്വങ്ങളും പാഠങ്ങളുമുള്ള കവിതകൾ മാത്രമേ അദ്ദേഹം ശ്രവിച്ചിരുന്നുള്ളൂ. അവർക്കൊക്കെ വേണ്ടത് നൽകി അദ്ദേഹം പിരിച്ചുവിട്ടു. മാത്രമല്ല, അവരുടെ വിവാഹങ്ങൾക്ക് അദ്ദേഹം പ്രോത്സാഹനം നൽകുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു. അതുപോലെ വർണശബളവും രത്‌നഖചിതവുമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് കൊട്ടാരവാസികൾക്ക് അദ്ദേഹം കൽപ്പന നൽകി. വിലകൂടിയ വസ്ത്രങ്ങളോ സ്വർണ- വെള്ളി പാത്രങ്ങളോ അദ്ദേഹം ഉപയോഗിച്ചിരുന്നില്ല.

ഇസ്‌ലാമിക അനുശാസനകൾക്ക് വിരുദ്ധമായ എല്ലാ ആചാരങ്ങളും നിർത്തി. പേർഷ്യൻ ആചാരമായ പുതുവത്സരാഘോഷം നൗറോസ് ഉപേക്ഷിച്ചു. ദീപാവലിയും ഹോളിയും കൊട്ടാരത്തിൽ വേണ്ടെന്നു വെച്ചു. ശിയാക്കളുടെ കൂടാരമെഴുന്നള്ളത്ത്, തസിയ നിരോധിച്ചു. രാജാവിനെ ദൈവസമാനമാക്കുന്ന ജരോഗ ദർശൻ നിർത്തലാക്കി. പ്രഭാതത്തിൽ മട്ടുപ്പാവിലിരുന്ന് പ്രജകൾക്ക് ദർശനം നൽകുന്ന പതിവാണ് ജരോഗ ദർശൻ. കൊട്ടാര ചരിത്രം എഴുതിവെക്കുന്ന പതിവും ഔറംഗസീബ് നിർത്തി.
ഔറംഗസീബിന്റെ കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന വിദേശ കച്ചവടക്കാർ അദ്ദേഹത്തിന്റെ നീതിനിഷ്ഠയെ പ്രശംസിക്കുന്നതായി കാണാം. സാധാരണക്കാർക്ക് ചക്രവർത്തിയോട് നേരിട്ട് പരാതികൾ ബോധിപ്പിക്കാൻ അവസരം ലഭിച്ചിരുന്നു. പരാതിക്കാർക്ക് തടസ്സം നിന്നിരുന്ന കൊട്ടാര വേലക്കാരെ പിരിച്ചുവിട്ടു. കൊട്ടാര ജീവിതത്തിന്റെ ആഡംബരവും സുഖലോലുപതയും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സുഖവും അലസതയും സാമ്രാജ്യത്തിന്റെ പതനത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹത്തിന്റെ മകനായ മുഅസ്സം രാജകുമാരനയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജാവിനും വെള്ളത്തിനും നിശ്ചലാവസ്ഥ നല്ലതല്ല. കെട്ടിക്കിടക്കുന്ന വെള്ളം ചീത്തയാകുന്നത്‌പോലെ നിശ്ചലനാകുന്ന രാജാവിന് ശക്തിക്ഷയം സംഭവിക്കും. നശ്വര ജീവിതത്തിന്റെ അവസാന ശ്വാസം വരെയും ഞാൻ ജോലി ചെയ്തുകൊണ്ടിരിക്കുമെന്നും അദ്ദേഹം രേഖപ്പെടുത്തി.

അന്ത്യം

1706 മുഗൾ രാജകുടുംബത്തിന് ദുഃഖ വർഷമായിരുന്നു. രാജകുടുംബത്തിലെ പലരും മരണപ്പെട്ടു. ഔറംഗസീബിന്റെ പുത്രി, ജാമാതാവ്, പ്രായപൂർത്തിയായ മൂന്ന് പേരമക്കൾ, സഹോദരി ജഹാനാരാ ബീഗം എന്നിവരെല്ലാം ഒരു വർഷത്തിനുള്ളിൽ മരണം വരിച്ചു. 1705ന്റെ അവസാന സമയത്ത് രോഗബാധിതനായ ചക്രവർത്തി 1707 ഫെബ്രുവരി 20ന് (1118 ദുൽഖഅദ് 28) മരണത്തിന് കീഴടങ്ങി. തൊപ്പി തുന്നി വിറ്റുണ്ടാക്കിയ നാലര പണം കൊണ്ട് മയ്യിത്ത് സംസ്‌കരണം നടത്തണമെന്നും ഖുർആൻ പകർത്തിക്കിട്ടിയ 305 പണം പണ്ഡിതന്മാർക്കും സച്ചരിതർക്കും വിതരണം ചെയ്യണമെന്നും മരണ സമയത്തുള്ള വസ്വിയ്യത്തിൽ പ്രത്യേകം നിർദേശിച്ചിരുന്നു. ഖബറിടം ലളിതമാക്കണമെന്നും മുകളിൽ ഒന്നും നിർമിക്കരുതെന്നും നിർദേശിച്ച ചക്രവർത്തിയുടെ വിനയവും സൂക്ഷ്മതയുമെത്രയാണ്. ദൗലത്താബാദിലുള്ള ഖുൽദാബാദിലാണ് ഖബറടക്കം നടത്തിയത്. ഖബറിന്റെ ലാളിത്യവും ഇതര മുഗളരിൽ നിന്നും ഔറംഗസീബിന്റെ സ്വഭാവ വ്യത്യാസം പ്രകടമാക്കുന്നു.
നടേയുദ്ധരിച്ച കാര്യങ്ങളാണ് അദ്ദേഹത്തെ പിശുക്കനെന്ന് ആക്ഷേപിക്കാൻ കാരണമെങ്കിൽ തീർച്ച. അദ്ദേഹമൊരു ‘പിശുക്കനായിരുന്നു’.!
(അവസാനിച്ചു)

വി എം സുഹൈൽ മോങ്ങം
[email protected]