ഷെഹ്‌ല റാഷിദിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം

Posted on: September 12, 2019 7:28 pm | Last updated: September 12, 2019 at 10:05 pm

ന്യൂഡല്‍ഹി: കശ്മീരിലെ പൊതുപ്രവര്‍ത്തക ഷെഹ്ല റാഷിദിന്റെ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങള്‍ വഴി പ്രതിഷേധിച്ചവര്‍ക്കെതിരെ വ്യാപക പ്രതിഷേധം. ഷെഹ്ലയുടെ മുഖം ജോണി സിന്‍സ് എന്ന പ്രസിദ്ധ പോണ്‍സ്റ്റാറിന്റെ ഒരു സിനിമയിലെ സ്റ്റില്‍ ചിത്രത്തിലേക്ക് മോര്‍ഫ് ചെയ്താണ് പ്രചരിപ്പിച്ചത്. സംഭവത്തിന് ബി ജെ പി നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണെന്ന് ഷെഹ്ല ആരോപിച്ചു.  കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ വരെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ആളാണ് എന്നും ഷെഹ്ല ആരോപിച്ചു. സംഭവത്തില്‍ ഷെഹ്ല ഡല്‍ഹി പോലീസിന് പരാതി നല്‍കി.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്ത ശേഷം കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഷെഹ്ല പ്രതികരിച്ചിരുന്നു. സൈന്യത്തിനെ വിമര്‍ശിച്ചെന്ന് കാണിച്ച ഷെഹ്ലക്കെതിരെ രാജ്യദ്രോഹ കേസും നിലവിലുണ്ട്. ബി ജെ പിക്കും സംഘ്പരിവാറിനുമെതിരായ നിലപാട് എടുക്കുന്നതിനാല്‍ ഷെഹ്ലക്കെതിരെ നേരത്തെ തന്നെ പ്രതിഷേധങ്ങള്‍ ശക്തമാണ്.

ഇതിന്റെ തുടര്‍ച്ചയായാണ് ജോണി സിന്‍സിന്റെ ഒരു ചിത്രത്തിലെ രംഗത്തില്‍ ഷെഹ്ലയുടെ മുഖം മോര്‍ഫു ചെയ്തു കയറ്റിക്കൊണ്ടുള്ള ട്രോള്‍ പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. ഒരു ഡോക്ടറുടെ വേഷത്തിലാണ് ജോണി സിന്‍സ്. രോഗിയായി കാണിച്ചിരിക്കുന്ന യുവതിയുടെ മുഖത്ത് ഷെഹ്ലയുടെ മുഖം ഫോട്ടോഷോപ്പ് ഉപയോഗിച്ച് ചേര്‍ത്തിരിക്കുന്നു. കശ്മീരില്‍ പെല്ലറ്റ് കൊണ്ട് പരിക്കുപറ്റിയ ഷെഹ്‌ലാ റാഷിദിനെ അമേരിക്കയിലെ പ്രസിദ്ധനായ നേത്ര രോഗ വിദഗ്ദ്ധനായ ജനാര്‍ദ്ദന്‍ സിന്‍ഹ പരിശോധിക്കുന്നു എന്നതായിരുന്നു ഫോട്ടോയുടെ ക്യാപ്ഷന്‍.

പോസ്റ്റ് വന്ന് അധികം താമസിയാതെ ഷെഹ്ല പ്രതികരിച്ചതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.