ചെന്നിത്തലയും മുനീറും പരസ്യമായി മാപ്പ് പറയണമെന്ന് ഇ കെ വിഭാഗം

Posted on: September 12, 2019 4:10 pm | Last updated: September 12, 2019 at 4:10 pm

കോഴിക്കോട്: സൗജന്യമായി വിദ്യാഭ്യാസം ലഭിക്കുമെന്നറിഞ്ഞ് കേരളത്തിലെ യതീംഖാനകളിലേക്ക് വന്ന നൂറുകണക്കിന് അനാഥ കുഞ്ഞുങ്ങളെ കണ്ണീരു കുടിപ്പിക്കുകയും അവരുടെ അറിവും അന്നവും മുടക്കുകയും ചെയ്ത ഗൂഢാലോചകരെ കയറൂരി വിട്ട അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വകുപ്പ് മന്ത്രി എം കെ മുനീറും പരസ്യമായി മാപ്പ് പറയമമെന്ന് ഇ കെ വിഭാഗം.

അനാഥ കുട്ടികളെ മനുഷ്യക്കടത്ത് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കേരള പോലീസ് നടപടി വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ബീഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലൂടെ വ്യക്തമായിരിക്കുന്ന സാഹചര്യത്തില്‍ ചെന്നിത്തലക്കും മുനീറിനും മാപ്പ് പറയലാണ് മാന്യതയെന്ന് വിദ്യാര്‍ഥി വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

‘2014 മെയ് 24, 25 തിയ്യതികളിലാണ് പാലക്കാട് റെയില്‍വെ സ്‌റ്റേഷനിലെത്തിയ 606 കുട്ടികളെ കുട്ടിക്കടത്ത് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. ബീഹാര്‍, ഝാര്‍ഖണ്ട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഇവരെ മാധ്യമങ്ങള്‍ക്ക് മസാല ചേര്‍ത്ത് ആഘോഷിക്കാന്‍ മരുന്ന് നല്‍കിയത് അന്നത്തെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പാലക്കാട് ജില്ലാ ചെയര്‍മാനായ ‘പിതാവും’ ചില ഉദ്യോഗസ്ഥരുമായിരുന്നു. ഇന്നത്തെ പ്രതിപക്ഷ നേതാവായ അന്നത്തെ ആഭ്യന്തര മന്ത്രി അനാഥ കുട്ടിയുടെ വിശക്കുന്ന വയറ്റില്‍ അതിര്‍ത്തി വരച്ച് കടുത്ത വംശീയതയാണ് ചര്‍ദ്ദിച്ചത്! ഇപ്പോഴിതാ എല്ലാ കള്ളക്കളിയും വെളിച്ചത്തായിരിക്കുന്നു.”- അദ്ദേഹം പറഞ്ഞു.

ദരിദ്ര സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാഭ്യാസത്തിനെത്തിയ അനാഥ മക്കളെ കുട്ടിക്കടത്ത് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ബീഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നു. തങ്ങളുടെ ഉദ്യോഗസ്ഥര്‍ കേരളത്തിലടക്കം നടത്തിയ പരിശോധനയുടേയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ ഇത് വ്യക്തമായതായും സര്‍ക്കാര്‍ ബോധിപ്പിച്ചു. കുട്ടികള്‍ക്ക് ജീവനക്കാരില്‍ നിന്ന് മോശമായ പെരുമാറ്റമോ അവഹേളനമോ നേരിടേണ്ടി വന്നിട്ടില്ലെന്ന് പട്‌നയിലെ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതായും സത്യവാങ്മൂലത്തില്‍ പറഞ്ഞു. സത്താര്‍ പന്തല്ലൂര്‍ വിശദീകരിച്ചു.

അനാഥകളെ പഠിപ്പിക്കണമെന്ന് താത്പര്യമുള്ളവര്‍ അവിടങ്ങളില്‍ പോയി പഠിപ്പിക്കട്ടെയെന്നായിരുന്നു രമേശ് ചെന്നിത്തല അന്ന് പറഞ്ഞിരുന്നത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഇടപെടലും ഏറെ വിവാദമായിരുന്നു. കുട്ടികളെ മൂന്നാഴ്ചക്കകം തിരിച്ചയക്കണമെന്നും മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സമഗ്ര അന്വേഷണം വേണമെന്നും നീലാഗംഗാധരന്‍ ചെയര്‍പേഴ്‌സനായ കമ്മീഷന്‍ ഉത്തരവിറക്കി. ആഭ്യന്തര മന്ത്രിയുടെ അഭിപ്രായത്തോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു അന്നത്തെ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീറിന്റെ നിലപാട്. സംഭവം മനുഷ്യക്കടത്താണെന്നും സംഭവവുമായി ബന്ധപ്പെട്ടവരെ 370 ചുമത്തി കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.