സുന്നി വിദ്യാഭ്യാസ ബോർഡ്: മദ്‌റസാധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു

Posted on: September 11, 2019 12:56 pm | Last updated: September 11, 2019 at 1:12 pm

കോഴിേക്കാട്: മികവിന്റെ കേന്ദ്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ട മദ്‌റസകൾക്കും അധ്യാപന രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്ത് വരുന്ന മദ്‌റസാ അധ്യാപകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കുമുള്ള 2018-2019ലെ അവാർഡുകൾ പ്രഖ്യാപിച്ചു. താജുൽ ഉലമാ സയ്യിദ് അബ്ദുർറഹ്‌മാൻ അൽ ബുഖാരിയുടെ പേരിലുള്ള താജുൽ ഉലമാ അവാർഡാണ് മദ്‌റസകൾക്ക് നൽകുന്നത്. നൂറുൽ ഉലമാ എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ നാമധേയത്തിലുള്ള നൂറുൽ ഉലമാ അവാർഡാണ് മദ്‌റസാ അധ്യാപകർക്ക് നൽകുന്നത്.

പ്രശംസാ പത്രവും മെമന്റോയും ക്യാഷും അടങ്ങുന്നതാണ് അവാർഡ്. കോഴിക്കോട് ജില്ലയിലെ ചാലിയം റെയ്ഞ്ചിലെ ഹയാത്തുൽ ഇസ്‌ലാം മദ്‌റസ ചാലിയം, മലപ്പുറം ജില്ലയിലെ എടരിക്കോട് റെയ്ഞ്ചിലെ അൽ മദ്‌റസത്തുസ്സുന്നിയ്യ കുറുക, മലപ്പുറം ജില്ലയിലെ മൂന്നിയൂർ റെയ്ഞ്ചിലെ ചിനക്കൽ ഇസ്സത്തുൽ ഇസ്‌ലാം സുന്നി ഹയർ സെക്കൻഡറി മദ്‌റസകളാണ് അവാർഡിനർഹരായത്.

മദ്‌റസാ മുഅല്ലിംകളിൽ നിന്ന് കെ സി അലവി ഫൈസി (ഉബയ്യുബ്‌നു കഅ്ബ് (റ) സുന്നി മദ്‌റസ വിളയിൽ-മലപ്പുറം), ഉമറലി സഖാഫി (ഹയാത്തുൽ ഇസ്‌ലാം മദ്‌റസ ചാലിയം-കോഴിക്കോട്) മുഹിയിദ്ദീൻ കോയ സഖാഫി (റഫീഖുൽ ഇസ്‌ലാം മദ്‌റസ കൂമണ്ണ-മലപ്പുറം), സയ്യിദ് അബ്ദുർറഹ്‌മാൻ ജമലുല്ലൈലി സഖാഫി (സയ്യിദ് ഫള്ൽ സുന്നി ഹയർ സെക്കൻഡറി മദ്‌റസ മമ്പുറം-മലപ്പുറം), ടി ഉബൈദുല്ല മുസ്‌ലിയാർ (നൂറുൽ ഹുദാ കേന്ദ്ര മദ്‌റസ തിരൂരങ്ങാടി, മലപ്പുറം), കെ എം കോയ ഫൈസി (സുനനുൽ ഹുദാ മദ്‌റസ കരീറ്റിപറമ്പ്-കോഴിക്കോട്), എ എ സിദ്ദീഖ് അഹ്‌സനി (ഇൽഫത്തുൽ ഇസ്‌ലാം മദ്‌റസ പാണാവള്ളി, ആലപ്പുഴ ), എസ് മുഹമ്മദ് സഖാഫി (സ്വിറാത്തുൽ മുസ്തഖീം കരുവംന്പൊയിൽ-കോഴിക്കോട്), കെ ടി മുഹമ്മദ് കോയ സഖാഫി (ഹിദായത്തുസ്സിബ്‌യാൻ മദ്‌റസ ആറങ്ങാട്ടുപറമ്പ്, മലപ്പുറം), കെ സി ഹുസൈൻ സഖാഫി (അൽ മദ്‌റസത്തുൽ ഇസ്തിഖാമ വെണ്ണക്കാട് -കോഴിക്കോട്) എന്നിവരാണ് അവാർഡിനർഹരായ അധ്യാപകർ. സ്ഥാപനത്തിലെ സൗകര്യങ്ങൾ, ഭരണ നിർവഹണം, അധ്യാപകരുടെ പ്രകടനം, പഠന നിലവാരം, നവീന ബോധന രീതികൾ, പരീക്ഷാ ഫലങ്ങൾ, പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ ശീലങ്ങള്‍, അച്ചടക്കം എന്നിവ പരിഗണിച്ചാണ് മദ്‌റസകൾക്കുള്ള അവാർഡ് നൽകുന്നത്.
മത ഭൗതിക വിദ്യാഭ്യാസ യോഗ്യതകൾ, പാസായ കോഴ്‌സുകൾ, അധ്യാപനത്തിലെ നൈപുണികൾ, സേവനകാലം, സാമൂഹിക സാന്ത്വന പ്രവർത്തനങ്ങൾ, കൃത്യനിഷ്ഠ, പ്രതിബദ്ധത, സംഘടനാ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അധ്യാപകർക്കുള്ള അവാർഡ് നൽകുന്നത്.

ഈ മാസം 14ന് ഉച്ചക്ക് 12 ന് സമസ്ത സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ത്വാഹാ തങ്ങൾ, സൂര്യ അബ്ദുൽ ഗഫൂർ ( ചെയർമാൻ മദ്‌റസാ ക്ഷേമ നിധി ബോർഡ്), സി മുഹമ്മദ് ഫൈസി (ചെയർമാൻ കേരള ഹജ്ജ് കമ്മിറ്റി), പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, വി പി എം ഫൈസി വില്ല്യാപ്പള്ളി, അബൂഹനീഫൽ ഫൈസി തെന്നല, റാശിദ് ബുഖാരി, ഡോ.അബ്ദുൽ അസീസ് ഫൈസി ചെറുവാടി, സി പി സൈതലവി ചെങ്ങര തുടങ്ങിയവർ പങ്കെടുക്കും.