ഖത്വറിനെ തളച്ച് നീലക്കടുവകള്‍; ഇന്ത്യക്ക് വിജയതുല്യ സമനില

Posted on: September 11, 2019 12:19 am | Last updated: September 11, 2019 at 12:04 pm

ദോഹ: ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്വറിനെ അവരുടെ നാട്ടിൽ സമനിലയില്‍ തളച്ച് നീലക്കടുവകള്‍ കരുത്ത് കാട്ടി. ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം യോഗ്യതാ മത്സരത്തില്‍ ഖത്വറിനെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടിയ സ്റ്റിമാച്ചിന്‍റെ പട ഇതിലും വലുത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

വിജയത്തെക്കാള്‍ മധുരമുള്ള മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച ഗുര്‍പ്രീത് സിംഗ് സന്ധു ഇന്ത്യയുടെ വന്‍മതിലായി. ഖത്വറിന്റെ ഒരു ഡസനോളം മികച്ച ഗോളവസരങ്ങള്‍ നിശ്ഫലമാക്കി ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു സന്ധു.

ആദ്യമത്സരത്തില്‍ ഒമാനോട് അവസാന നിമിഷം വിജയം കൈവിട്ട ഇന്ത്യക്ക് ഈ വിജയം ഏറെ ഊര്‍ജം പകരും. സമനിലയോടെഗ്രൂപ്പ് ഇയില്‍ ആദ്യ പോയിന്റ് കരസ്ഥമാക്കിയിരിക്കുകയാണ് ഇന്ത്യ. ഖത്വത്തറാകട്ടെ അഫ്ഗാനിസ്താനെ അര ഡസന്‍ ഗോളുകള്‍ക്ക് തകര്‍ത്ത ടീമായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതൽ എല്ലാവരും പ്രതീക്ഷിച്ചത് പോലെ ഖത്വർ തന്നെയാണ് ആധിപത്യം പുലർത്തിയത്.
എന്നാൽ ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിംഗും പ്രതിരോധ നിരയിൽ ജിങ്കനും ആദിൽ ഖാനും ഉറച്ച് നിന്നതോടെ ഖത്വറിന് ഗോൾ നേടാനുള്ള വഴികൾ മുഴുവൻ അടയുകയായിരുന്നു. കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ഏഷ്യൻ എതിരാളികൾക്കെതിരെ 25 ഗോളുകൾ അടിച്ചു കയറ്റിയ ഖത്വർ ആക്രമണ നിരയെയാണ് സന്ദേശ് ജിങ്കനും ആദിൽ ഖാനും ചേർന്ന ഇന്ത്യൻ പ്രതിരോധം വരച്ച വരയിൽ നിർത്തിയത്.