വ്യക്തി രാഷ്ട്രീയത്തോട് ലീഗ് സലാം ചൊല്ലുകയാണോ?

ഫാസിസത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചാണ് കുഞ്ഞാലിക്കുട്ടി ഡല്‍ഹിക്ക് ഫ്ളൈറ്റ് പിടിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ലിമെന്റിലെ സാന്നിധ്യവും ചര്‍ച്ചയിലെ പങ്കാളിത്തവും ശരാശരിക്കും താഴെയായിരുന്നു. അഹമ്മദിനെയോ ബഷീറിനെയോ അതിജയിക്കാവുന്ന എന്തെങ്കിലും രാഷ്ട്രീയ ഗുണം കുഞ്ഞാലിക്കുട്ടിയില്‍ ഉണ്ടായിരുന്നില്ല. എന്നല്ല, കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ എത്തുന്നതോടെ ലീഗ് നിലപാടുകളില്‍ വലിയ തോതിലുള്ള ഇടര്‍ച്ചയുണ്ടാകുന്നു. മോദി സര്‍ക്കാറിന്റെ രണ്ടാമൂഴത്തിലാണ് ഇത് കൂടുതല്‍ പ്രകടമാകുന്നത്. മുത്വലാഖ്, കശ്മീര്‍, യു എ പി എ ഭേദഗതി തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ലീഗ് പാര്‍ലിമെന്റ് മെമ്പര്‍മാര്‍, വിശിഷ്യാ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ കുഞ്ഞാലിക്കുട്ടി എന്തെടുക്കുകയായിരുന്നു എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നത് പാര്‍ട്ടിയില്‍ നിന്ന്‌ തന്നെയാണ്. കഴിഞ്ഞയാഴ്ച നടന്ന പാര്‍ട്ടിയുടെ നേതൃ യോഗത്തിലും യൂത്ത് ലീഗ് കൗണ്‍സിലിലും ഈ ചോദ്യമുയര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തില്‍ നേതൃത്വത്തിന്റെ ഇടപെടലുകള്‍ ദുര്‍ബലമാണ്, കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇടപെടുന്നില്ല എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് യൂത്ത് ലീഗ് പ്രമേയത്തിലുള്ളത്. പാര്‍ട്ടിയെ സ്വന്തം കക്ഷത്തിലിറുക്കിക്കൊണ്ടു നടക്കാന്‍ ഇനിയും നിങ്ങളെ അനുവദിക്കില്ല എന്ന് ദേശീയ ജനറല്‍ സെക്രട്ടറിക്ക് വ്യക്തമായ സന്ദേശം നല്‍കാനെങ്കിലും ഇത്തരം ചര്‍ച്ചകളും വിമര്‍ശനങ്ങളും കാരണമാകുമെങ്കില്‍ അത് ലീഗ് രാഷ്ട്രീയത്തിലെ വഴിത്തിരിവായിരിക്കുമെന്നതില്‍ സന്ദേഹമില്ല.
Posted on: September 10, 2019 11:52 am | Last updated: September 10, 2019 at 11:53 am

സി എച്ച് മുഹമ്മദ്‌കോയക്ക് ശേഷം മുസ്‌ലിം ലീഗില്‍ ഒരു കിംഗ് മേക്കറേ ഉണ്ടായിട്ടുള്ളൂ; അത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. അദ്ദേഹം ആഗ്രഹിച്ചതേ പിന്നീട് ആ പാര്‍ട്ടിയില്‍ നടന്നിട്ടുള്ളൂ. ആഗ്രഹിച്ച പദവികള്‍, അത് അധികാരത്തിലായാലും പാര്‍ട്ടിയിലായാലും അദ്ദേഹത്തിന് കൈവന്നിട്ടുണ്ട്. പറ്റില്ല എന്ന് മറുത്തൊരു ശബ്ദം അദ്ദേഹത്തിന് കേള്‍ക്കേണ്ടി വന്നിട്ടില്ല. യു ഡി എഫ് മന്ത്രിസഭയില്‍ ലീഗിനുള്ള വകുപ്പുകളില്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടത് അദ്ദേഹമെടുക്കും. ശേഷിക്കുന്നതേ മറ്റുള്ളവര്‍ക്ക് കിട്ടൂ. അതാണ് പാര്‍ട്ടിയിലെ “ജനാധിപത്യ’ വഴക്കം!

കൊരമ്പയില്‍ അഹമ്മദ് ഹാജി അന്തരിച്ചതിനു ശേഷം പാര്‍ട്ടി സംവിധാനം പൂര്‍ണമായും കുഞ്ഞാപ്പ കൈയൊതുക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറിയാകാനും ദേശീയ ജനറല്‍ സെക്രട്ടറിയാകാനുമൊക്കെയുള്ള തീരുമാനം അദ്ദേഹം സ്വന്തം നിലക്ക് കൈക്കൊള്ളുകയും പാര്‍ട്ടി അതിന് അംഗീകാരം നല്‍കുകയുമായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്തും അതു തന്നെയായിരുന്നു സ്ഥിതി. മന്ത്രിസ്ഥാനത്തു നിന്നുള്ള കുഞ്ഞാലിക്കുട്ടിയുടെ രാജിക്ക് വേണ്ടിയുള്ള മുറവിളി ശക്തമായപ്പോള്‍ അദ്ദേഹം പറഞ്ഞത്, ശിഹാബ് തങ്ങള്‍ പറഞ്ഞാലേ രാജിവെക്കൂ എന്നാണ്. തന്റെ മനസ്സറിഞ്ഞേ തങ്ങള്‍ തീരുമാനമെടുക്കൂ എന്ന ഉത്തമ വിശ്വാസമായിരുന്നു ആ പ്രതികരണത്തിനു പിറകില്‍. അതുതന്നെയാണ് സംഭവിച്ചത്. രാജിവെക്കേണ്ട സമയം കുഞ്ഞാലിക്കുട്ടി തന്നെയാണ് കുറിച്ചത്. മന്ത്രിസഭയിലേക്ക് തന്റെ പകരക്കാരനായി വിശ്വസ്തനായ ഇബ്‌റാഹീം കുഞ്ഞിനെ നിര്‍ദേശിച്ചതും കുഞ്ഞാപ്പ. താന്‍ കൈകാര്യം ചെയ്ത ഏറ്റവും സുപ്രധാനമായ വകുപ്പുകള്‍ തന്നെ ഇബ്‌റാഹീം കുഞ്ഞിന് വേണമെന്നും അദ്ദേഹം നിര്‍ബന്ധം പിടിച്ചു.

തിരുവായ്ക്ക് എതിര്‍വാ ഉണ്ടായിരുന്നില്ല. കുഞ്ഞാപ്പ തീരുമാനിക്കും, പാര്‍ട്ടി അത് അംഗീകരിക്കും, പ്രസിഡന്റ് അത് പ്രഖ്യാപിക്കും. അതായിരുന്നു സമീപകാലം വരെയുള്ള നില. പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പറഞ്ഞയാളെ, കെ ടി ജലീലിനെ പുറന്തള്ളാന്‍ അധിക സമയം വേണ്ടിവന്നില്ല. മലപ്പുറത്ത് നിന്നൊരു ലീഗ് നേതാവ് പാര്‍ട്ടി വിട്ടാല്‍ പിന്നെ അയാള്‍ക്ക് പൊതുജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. അതും, കുഞ്ഞാലിക്കുട്ടിയോട് ഇടഞ്ഞു പുറത്തുപോയ ഒരാള്‍ക്ക് അതിജീവനം നന്നേ പ്രയാസമാകും. എന്നിട്ടും ജലീല്‍ വീണുപോകാതിരുന്നത് നിര്‍ണായക നേരത്ത് സി പി എം കൈ പിടിച്ചതുകൊണ്ട് മാത്രമാണ്. ജലീല്‍ മാത്രമല്ല, കുഞ്ഞാപ്പയുടെ രാഷ്ട്രീയ ഭാവനകള്‍ക്കപ്പുറത്തേക്ക് ചിന്തിച്ചവര്‍ക്കെല്ലാം നിശ്ശബ്ദരാകുകയോ പുറത്തു പോകേണ്ടി വരികയോ ചെയ്തിട്ടുണ്ട്. ബാബരി തകര്‍ച്ചക്ക് പിറകെ, കോണ്‍ഗ്രസുമായി കേരളത്തിലുള്ള ഭരണസഖ്യം ലീഗ് വിടണമെന്ന് ആവശ്യപ്പെട്ട ഇബ്‌റാഹീം സുലൈമാന്‍ സേട്ടിനെ പുറന്തള്ളിയതില്‍ മുഖ്യറോള്‍ കുഞ്ഞാലിക്കുട്ടിക്കായിരുന്നു എന്ന് ആര്‍ക്കാണറിയാത്തത്? സേട്ടു സാഹിബിനൊപ്പം നിന്ന നേതാക്കളെ പേട്ടു തേങ്ങകള്‍ എന്നു വിളിച്ചാക്ഷേപിക്കാനും അദ്ദേഹത്തിന് മടിയുണ്ടായില്ല.

ഇ അഹമ്മദ് മരണപ്പെട്ട ഒഴിവില്‍ മലപ്പുറത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനുള്ള തീരുമാനത്തോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ ലീഗിലെ പിടി അയഞ്ഞു തുടങ്ങിയത്. മറ്റു പലരുടെയും പേരുകള്‍ മലപ്പുറത്തേക്ക് പറഞ്ഞു കേട്ടിരുന്നെങ്കിലും ഒടുവില്‍ അവതരിച്ചത് വേങ്ങര എം എല്‍ എ ആയിരുന്ന സാഹിബ് തന്നെ. അദ്ദേഹം മനസ്സിലാഗ്രഹിച്ചത് പാര്‍ട്ടി മാനത്തുകണ്ടു. മലപ്പുറത്ത് നിന്ന് മികച്ച ഭൂരിപക്ഷത്തില്‍ തന്നെ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വേങ്ങരയില്‍ അതോടെ ഉപ തിരഞ്ഞെടുപ്പായി. കുഞ്ഞാലിക്കുട്ടിയുടെ മനസ്സിലെ സ്ഥാനാര്‍ഥി വിശ്വസ്താനുയായി കെ എ ലത്തീഫായിരുന്നു. അവസാന നിമിഷം വരെ ലത്തീഫിനു വേണ്ടിയാണ് അദ്ദേഹം വാദിച്ചത്. പക്ഷേ, പിന്തുണക്കുമെന്ന് പ്രതീക്ഷിച്ചവര്‍ പോലും അദ്ദേഹത്തെ കൈവിട്ടു. കെ എന്‍ എ ഖാദറിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഇ ടി ബഷീറും പി വി അബ്ദുല്‍ വഹാബും കെ പി എ മജീദും നിലപാടെടുത്തു. ലീഗില്‍ ഇ ടി ബഷീര്‍ പിടിമുറുക്കുമെന്ന ഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടി ഇറക്കിക്കളിച്ച കാര്‍ഡായിരുന്നു കെ പി എ മജീദ് എന്നോര്‍ക്കണം. അങ്ങനെയാണ് പാര്‍ട്ടിക്ക് 2011ല്‍ രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ഉണ്ടാകുന്നത്. മജീദിന് സംഘടനാ കാര്യവും ബഷീറിന് പൊതു കാര്യവുമായിരുന്നു ചുമതല. രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ക്ക് വഹിക്കാന്‍ മാത്രം ഭാരം പാര്‍ട്ടിയില്‍ വന്നുചേര്‍ന്നത് കൊണ്ടായിരുന്നില്ല ഭരണ ഘടനയില്‍ ഇല്ലാത്ത ഈയൊരു വീതം വെപ്പ്. പാര്‍ട്ടി സംവിധാനം ഇ ടി ബഷീറിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് തടയുകയായിരുന്നു ആശ്രിതനായ മജീദിനെ കളത്തിലിറക്കിയതിന്റെ ലക്ഷ്യം.

ഫാസിസത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചാണ് കുഞ്ഞാലിക്കുട്ടി ഡല്‍ഹിക്ക് ഫ്‌ളൈറ്റ് പിടിച്ചത്. ഇ ടി മുഹമ്മദ് ബഷീര്‍ പാര്‍ലിമെന്റില്‍ തിളങ്ങി നില്‍ക്കുന്ന നാളുകളായിരുന്നു അത്. അദ്ദേഹത്തെപ്പോലെത്തന്നെ പ്രാഗത്ഭ്യമുള്ള മറ്റൊരാളെ പാര്‍ലിമെന്റിലെത്തിക്കുന്നതിനു പകരം യു ഡി എഫ് രാഷ്ട്രീയത്തില്‍ മാധ്യസ്ഥ്യം കളിച്ചുമാത്രം പരിചയമുള്ള കുഞ്ഞാപ്പ ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാനെടുത്ത തീരുമാനത്തിനു പിറകില്‍ ലക്ഷ്യങ്ങള്‍ പലതായിരുന്നു. മോദിക്ക് ശേഷം രാഹുല്‍ വരികയും ബഷീര്‍ കേന്ദ്ര മന്ത്രിയാകുകയും ചെയ്യുന്ന സാഹചര്യം കുഞ്ഞാലിക്കുട്ടി മനക്കണ്ണില്‍ കണ്ടു. അത് തടയാന്‍ സ്വന്തം ഇടം ഡല്‍ഹിയിലേക്ക് പറിച്ചു നടുകയല്ലാതെ മറ്റൊരുപായവും കുഞ്ഞാലിക്കുട്ടിക്ക് മുമ്പിലുണ്ടായിരുന്നില്ല. ബഷീര്‍ മന്ത്രിപദവിയില്‍ അവരോധിക്കപ്പെടുകയും ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ കരുത്തനാകുകയും ചെയ്യുന്ന സാഹചര്യം കേരളത്തിലെ പാര്‍ട്ടിയിലും ഉണ്ടാക്കിയേക്കാവുന്ന പ്രതിസന്ധി -ബഷീര്‍ വിഭാഗം കൂടുതല്‍ ശക്തരാകുന്നത്- ഒഴിവാക്കാന്‍ കൂടിയായിരുന്നു ആ പറിച്ചുനടല്‍. കേരളത്തിലെ മറ്റേത് നേതാവിനെ ഡല്‍ഹിയിലേക്ക് വിട്ടാലും ബഷീറിനെ മറികടക്കാന്‍ കഴിയുമായിരുന്നില്ല. അതായിരുന്നു കുഞ്ഞാലിക്കുട്ടി എം എല്‍ എ സ്ഥാനം രാജിവെച്ച് എം പി കുപ്പായമണിയാനുണ്ടായ കാരണം എന്ന് തന്നെ അനുമാനിക്കാം.

ഒന്നാം മോദി സര്‍ക്കാറിനു ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണല്ലോ ജനാധിപത്യവാദികള്‍ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കേന്ദ്ര മന്ത്രിസഭയില്‍ അഹമ്മദിന് ശേഷം ലീഗിന്റെ പ്രതിനിധിയാകുന്നത് കുഞ്ഞാലിക്കുട്ടി ആയേനെ. അതിനു വേണ്ടിയുള്ള നിലമൊരുക്കല്‍ കാലമായിരുന്നു ലോക്സഭാംഗം എന്ന നിലയില്‍ കുഞ്ഞാലിക്കുട്ടിയുടെ ആദ്യ ടേമിലെ രണ്ട് വര്‍ഷങ്ങള്‍. അസമില്‍, യു പിയില്‍, രാജസ്ഥാനില്‍, മധ്യപ്രദേശില്‍, കര്‍ണാടകയില്‍… എവിടെയും കുഞ്ഞാലിക്കുട്ടി നിറഞ്ഞുനില്‍ക്കാന്‍ ശ്രമിച്ചു. പുതിയ സര്‍ക്കാറുകളുടെ അധികാരാരോഹണം, ദുരിതാശ്വാസം, ആള്‍ക്കൂട്ട ആക്രമണങ്ങള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍- കാര്യം എന്താകട്ടെ, അവിടെയെല്ലാം കുഞ്ഞാലിക്കുട്ടിയെ കണ്ടു. പ്രതിപക്ഷ കക്ഷികളുടെ ഒത്തുചേരലുകളില്‍ മറ്റ് തിരക്കുകള്‍ക്ക് അവധി നല്‍കി അദ്ദേഹം സാന്നിധ്യമറിയിച്ചു. അപ്പോഴും പാര്‍ലിമെന്റില്‍ അദ്ദേഹം മോശം നിലയിലായിരുന്നു.

ഫാസിസത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് നാടുകടന്ന അദ്ദേഹത്തിന്റെ പാര്‍ലിമെന്റിലെ സാന്നിധ്യവും ചര്‍ച്ചയിലെ പങ്കാളിത്തവും ശരാശരിക്കും താഴെയായിരുന്നു. അഹമ്മദിനെയോ ബഷീറിനെയോ അതിജയിക്കാവുന്ന എന്തെങ്കിലും രാഷ്ട്രീയ ഗുണം കുഞ്ഞാലിക്കുട്ടിയില്‍ ഉണ്ടായിരുന്നില്ല. എന്നല്ല, കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ ലോക്‌സഭാംഗമായി എത്തുന്നതോടെ ലീഗ് നിലപാടുകളില്‍ വലിയ തോതിലുള്ള ഇടര്‍ച്ചയുണ്ടാകുന്നു. നിര്‍ണായക വിഷയങ്ങളില്‍ പോലും കൃത്യമായ നിലപാട് സ്വീകരിക്കാനാകാതെ ലീഗ് പരുങ്ങുന്നു. മോദി സര്‍ക്കാറിന്റെ രണ്ടാമൂഴത്തിലാണ് ഇത് കൂടുതല്‍ പ്രകടമാകുന്നത്. “അടിസ്ഥാനപരമായി ലീഗ് നേതാക്കളെല്ലാം കച്ചവടക്കാരാണ്. എങ്ങാനും മോദിയുടെയും അമിത് ഷായുടെയും പേരുകള്‍ മിണ്ടിയാല്‍ പൂട്ടിക്കളയുമോ എന്നാണ് പേടി!’ എന്നാണ് ഇതേക്കുറിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മുത്വലാഖ്, കശ്മീര്‍, യു എ പി എ ഭേദഗതി തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ലീഗ് പാര്‍ലിമെന്റ് മെമ്പര്‍മാര്‍, വിശിഷ്യാ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ കുഞ്ഞാലിക്കുട്ടി എന്തെടുക്കുകയായിരുന്നു എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നത് പാര്‍ട്ടിയില്‍ നിന്നു തന്നെയാണ്.
കഴിഞ്ഞയാഴ്ച നടന്ന പാര്‍ട്ടിയുടെ നേതൃ യോഗത്തിലും അതിനു ശേഷം നടന്ന യൂത്ത് ലീഗ് കൗണ്‍സിലിലും ഈ ചോദ്യമുയര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലീഗ് നേതൃ യോഗത്തില്‍ കെ എം ഷാജിയും കെ എസ് ഹംസയും പാര്‍ട്ടി എം പിമാരുടെ നിരുത്തരവാദിത്വത്തെ കുറിച്ച് വിമര്‍ശമുന്നയിച്ചു എന്നാണ് വാര്‍ത്തകള്‍. ഹംസയും കുഞ്ഞാലിക്കുട്ടിയും മീറ്റിംഗില്‍ ഒന്നിലേറെ പ്രാവശ്യം വാഗ്വാദത്തിലേര്‍പ്പെട്ടതായും കേള്‍ക്കുന്നു. തൊട്ടു പിറകെയാണ് യൂത്ത് ലീഗ് കൗണ്‍സിലിലെ പ്രമേയം പുറത്തെത്തിയത്. അതും ലക്ഷ്യം വെക്കുന്നത് കുഞ്ഞാലിക്കുട്ടിയെ തന്നെയാണ്. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തില്‍ നേതൃത്വത്തിന്റെ ഇടപെടലുകള്‍ ദുര്‍ബലമാണ്, സേഫ് സോണ്‍ പൊളിറ്റിക്‌സ് കളിക്കുകയാണ് നേതാക്കള്‍, കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ദേശീയ നേതൃത്വം ഫലപ്രദമായി ഇടപെടുന്നില്ല എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് യൂത്ത് ലീഗ് പ്രമേയത്തിലുള്ളത്. നേരെ ചൊവ്വേ പറഞ്ഞാല്‍, ഇപ്പോഴത്തെ നേതൃത്വത്തിനു കീഴില്‍ പാര്‍ട്ടിക്ക് ഒരു മുന്നേറ്റവും പ്രതീക്ഷിക്കാനില്ലെന്ന, അവിശ്വാസ പ്രമേയമാണ് യുവജന സംഘടനയുടെ കൗണ്‍സിലില്‍ അവതരിപ്പിക്കപ്പെട്ടത്.

പാര്‍ട്ടിയില്‍ ഇത്തരം വിമര്‍ശങ്ങള്‍ വലിയ ചലനമൊന്നും സൃഷ്ടിക്കില്ല. എങ്കിലും ലീഗിന്റെ ഏറ്റവും മുകളറ്റത്തുള്ള ആള്‍ക്കെതിരെ, കുഞ്ഞാലിക്കുട്ടിക്കെതിരെ ശബ്ദിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകുന്നു എന്നത് ചെറിയ കാര്യമല്ല. പാര്‍ട്ടിയെ സ്വന്തം കക്ഷത്തിലിറുക്കിക്കൊണ്ട് നടക്കാന്‍ ഇനിയും നിങ്ങളെ അനുവദിക്കില്ല എന്ന് ദേശീയ ജനറല്‍ സെക്രട്ടറിക്ക് വ്യക്തമായ സന്ദേശം നല്‍കാനെങ്കിലും ഇത്തരം ചര്‍ച്ചകളും വിമര്‍ശനങ്ങളും കാരണമാകുമെങ്കില്‍ അത് ലീഗ് രാഷ്ട്രീയത്തിലെ വഴിത്തിരിവായിരിക്കുമെന്നതില്‍ സന്ദേഹമില്ല.

എന്ന് മാത്രമല്ല, കേരളത്തിലെ സാമുദായിക ജീവിതത്തില്‍ കാര്യമായ പൊളിച്ചെഴുത്തിനും അത് നിമിത്തമായേക്കും. കേരളത്തിലെ ഇരു വിഭാഗം സുന്നികളെ വിഘടിപ്പിച്ചു നിര്‍ത്തുന്നതില്‍ ലീഗിന്റെ, വിശിഷ്യാ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് രഹസ്യമല്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐക്യ ചര്‍ച്ചകളെപ്പോലും ആകും വിധം തുരങ്കം വെക്കാന്‍ നോക്കിയിട്ടുണ്ട് കുഞ്ഞാലിക്കുട്ടി. അത് മുഖവിലക്കെടുക്കാതെ ചര്‍ച്ചയുമായി മുന്നോട്ടു പോകാന്‍ ഇ കെ വിഭാഗം സന്നദ്ധമായതു കൊണ്ടാണ് പത്തിലേറെ സിറ്റിംഗുകള്‍ നടന്നത്. അതിന്റെ ആത്യന്തിക ഫലപ്രാപ്തി എന്തായിരുന്നാലും, പ്രാദേശികമായും മറ്റുമുള്ള കടുത്ത വിഭാഗീയതക്കും സംഘര്‍ഷത്തിനും ഒരളവോളം തടയിടാന്‍ ഈ ഒത്തിരിപ്പിനു സാധിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം അവസാനിക്കുന്നത് ആ നിലക്ക് സമുദായത്തിന് പൊതുവില്‍ ഗുണമായിത്തീരാനാണ് സാധ്യത. ഇനി കുഞ്ഞാലിക്കുട്ടി ശക്തനായി തുടര്‍ന്നാല്‍ പോലും ഇ കെ വിഭാഗം ബഹുമാന്യനായ ജിഫ്രി തങ്ങളുടെ നേതൃത്വത്തില്‍ അതിനെ മറികടന്നും മുന്നോട്ടു പോകുമെന്നാണ് കരുതേണ്ടത്.

ലീഗിന്റെ കാര്യമതല്ല. പാര്‍ട്ടിയിലെ ക്രൗഡ് പുള്ളറാണ് കുഞ്ഞാലിക്കുട്ടി. പ്രവര്‍ത്തകരുമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന നേതാവ്. അദ്ദേഹത്തെ അവഗണിച്ചും മൂലക്കിരുത്തിയും ഒരു പ്രയാണം ലീഗിന് ഇന്നത്തെ നിലയില്‍ അചിന്ത്യമാണ്; അതിസാഹസികവും. പാര്‍ട്ടിയിലെ സ്വേച്ഛാധിപത്യ പ്രവണതകള്‍ക്ക് തടയിടാനെങ്കിലും ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ക്ക് സാധിച്ചാല്‍ ലീഗിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രധാന നാഴികക്കല്ലാകും.
അര്‍ഹതപ്പെട്ടവര്‍ക്ക് ഉയര്‍ന്നു വരാനും യുവ നേതാക്കള്‍ക്ക് കൂടുതല്‍ അധികാര പങ്കാളിത്തം കിട്ടാനും അത് സഹായകമാകും. അങ്ങനെ നോക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വാളെടുത്തുകൊണ്ട് ലീഗ് രാഷ്ട്രീയം പുതിയ കുതിപ്പിലേക്ക് ചുവടു വെക്കുന്നു എന്നുതന്നെ നിരീക്ഷിക്കേണ്ടിവരും.