പിന്തുണക്കാം

Posted on: September 9, 2019 1:47 pm | Last updated: September 9, 2019 at 1:47 pm

“ബഹിരാകാശ ദൗത്യങ്ങളെല്ലാം ബുദ്ധിമുട്ടേറിയതാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പര്യവേക്ഷണ വാഹനമിറക്കാനുള്ള ഐ എസ് ആര്‍ ഒയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തെ പ്രശംസിക്കുന്നു. നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഭാവിയിലെ ബഹിരാകാശ പദ്ധതികള്‍ നമുക്ക് ഒരുമിച്ച് യാഥാര്‍ഥ്യമാക്കാമെന്നു പ്രതീക്ഷിക്കുന്നു’- ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം സമ്പൂര്‍ണ വിജയത്തിലെത്താതെ പോയതിന് പിറകെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നടത്തിയ ട്വീറ്റാണിത്. രണ്ട് കാര്യങ്ങള്‍ ഈ ട്വീറ്റില്‍ അടങ്ങിയിരിക്കുന്നു. ഒന്ന്, ചന്ദ്രയാന്‍ ദൗത്യം ബഹിരാകാശ ഗവേഷണത്തില്‍ പുതിയ വെളിച്ചം പകര്‍ന്നിരിക്കുന്നുവെന്ന് നാസ വിലയിരുത്തുന്നു. രണ്ട്, ഭാവിയില്‍ സംയുക്ത ഗവേഷണത്തിനുള്ള സാധ്യത ആരായുന്നു അമേരിക്കന്‍ ഏജന്‍സി. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ നേടിയെടുത്ത ബഹുമാന്യമായ സ്ഥാനം കൂടി ട്വീറ്റില്‍ അടയാളപ്പെട്ടു കിടക്കുന്നുണ്ട്. സോഫ്റ്റ് ലാന്‍ഡിംഗില്‍ പരാജയപ്പെട്ടെങ്കിലും ചന്ദ്രയാന്‍ രണ്ട് ദൗത്യത്തെ വിശേഷിപ്പിക്കാനുള്ള ഏറ്റവും നല്ല വാക്ക് “പ്രചോദനം’ എന്ന് തന്നെയാണ്.

ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയെന്നും ഓര്‍ബിറ്റര്‍ അതിന്റെ ചിത്രം പകര്‍ത്തിയെന്നുമാണ് ഐ എസ് ആര്‍ ഒ ഏറ്റവും ഒടുവില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ലാന്‍ഡറുമായി ആശയവിനിമയം ഇതുവരെ സാധ്യമായിട്ടില്ലെന്നും അതിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഐ എസ് ആര്‍ ഒ മേധാവി കെ ശിവന്‍ പറയുന്നു. ചന്ദ്രനില്‍ നിന്നുള്ള ഏറ്റവും കുറഞ്ഞ ദൂരമായ 35 കിലോമീറ്ററെത്തിയപ്പോഴാണ് വിക്രം ലാന്‍ഡര്‍ ഇറങ്ങുന്നതിനുള്ള കമാന്‍ഡ് നല്‍കിയത്. ശനിയാഴ്ച പുലര്‍ച്ചെ 1.50ന് ലാന്‍ഡര്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ ചന്ദ്രന്റെ ഏഴ് കിലോമീറ്റര്‍ പരിധിയിലെത്തി. തുടര്‍ന്ന് 1.52ന് ഫൈന്‍ ബ്രേക്കിംഗ് ഘട്ടം തുടങ്ങുന്നത് വരെ സിഗ്നലുകള്‍ ലഭിച്ചു. ചെരിഞ്ഞ പാതയില്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡറിനെ കുത്തനെ ഇറക്കേണ്ട ഫൈന്‍ ലാന്‍ഡിംഗ് ഘട്ടമായിരുന്നു അടുത്തത്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെ എത്തി ശാസ്ത്ര ലോകത്തിന് പ്രതീക്ഷ പകര്‍ന്നെങ്കിലും ലാന്‍ഡറില്‍ നിന്നുള്ള സന്ദേശം പതിമൂന്ന് മിനുട്ടുകള്‍ മാത്രം ശേഷിക്കെ നിലക്കുകയായിരുന്നു. ലാന്‍ഡര്‍ ചന്ദ്രനിലേക്ക് ഇറങ്ങാന്‍ തയ്യാറെടുക്കുന്ന സമയത്ത് പേടകത്തിന്റെ വേഗം മണിക്കൂറില്‍ 6,048 കിലോമീറ്ററായിരുന്നു. ഇത് മണിക്കൂറില്‍ ഏഴ് കിലോമീറ്ററായി ചുരുക്കി വേണമായിരുന്നു ചന്ദ്രനില്‍ ഇറങ്ങേണ്ടത്. ഇതിനായി വേഗം കുറക്കുന്നതിനിടയിലാണ് ലാന്‍ഡറില്‍ നിന്നുള്ള സന്ദേശം നഷ്ടമായത്. അതോടെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും നഷ്ടമായെന്ന് ഉറപ്പാകുകയായിരുന്നു.

ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ പതിച്ചതിന്റെ ദിശ, വേഗം തുടങ്ങിയവ കൃത്യമായി പരിശോധിക്കുന്നതിലൂടെ മാത്രമേ പേടകം പുനരുജ്ജീവിപ്പിക്കാനാകുമോയെന്ന് വ്യക്തമാകുകയുള്ളൂ. ഓര്‍ബിറ്റര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്നത് ഏറെ പ്രതീക്ഷ പകരുന്നതാണ്.

ഇതുവഴി പുതിയ ദൗത്യം കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് ശാസ്ത്ര സമൂഹത്തിന്റെ വിലയിരുത്തല്‍. ഈ മിഷന്‍ നല്‍കിയ അനുഭവ സമ്പത്ത് തന്നെയാണ് ഇതിന്റെ യഥാര്‍ഥ വിജയം. പിഴവുകളില്ലാതെ നിരവധി ഘട്ടങ്ങള്‍ പിന്നിട്ടാണല്ലോ ചന്ദ്രയാന്‍ ഒന്ന് നിശ്ശബ്ദതയുടെ വിധിയില്‍ എത്തിയത്. ആ ഘട്ടങ്ങളെല്ലാം ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ യശസ്സ് അമ്പിളിയോളം ഉയര്‍ത്തിയിട്ടുണ്ട്. ചന്ദ്രയാന്‍ ഒന്ന് ചന്ദ്രനിലെ ജലസാന്നിധ്യം സ്ഥിരീകരിക്കുന്നതില്‍ വിജയിച്ചിരുന്നു. മംഗള്‍യാനും വലിയ ആത്മവിശ്വാസം പകര്‍ന്നു. ഓരോ ദൗത്യവും പുതിയ പാഠങ്ങള്‍ സമ്മാനിക്കുന്നുണ്ട്. ഇന്ത്യക്ക് മാത്രമല്ല ലോകത്തിനാകെ വഴികാട്ടിയായ നേട്ടമായി വേണം ചന്ദ്രയാന്‍ രണ്ടിനെ കാണാന്‍. മറ്റൊരു രാജ്യവും ലക്ഷ്യമിട്ടിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ തന്നെ ഇറങ്ങാന്‍ തീരുമാനിച്ചത് മുതല്‍ ധീരമായ ചുവടുവെപ്പിന്റെ മാതൃകകള്‍ എമ്പാടും ചന്ദ്രയാന്‍ രണ്ടില്‍ കാണാനാകും. തദ്ദേശീയമായ റോക്കറ്റ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ജി എസ് എല്‍ വി മാര്‍ക്ക് മൂന്നിന്റെ കാര്യക്ഷമത മാത്രം മതിയാകും നമുക്ക് അഭിമാനിക്കാന്‍. പേടകങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാന്‍ ഇന്ത്യന്‍ സങ്കേതങ്ങളെയാണ് ഇന്ന് ലോക രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്.
ചാന്ദ്ര ദൗത്യങ്ങളില്‍ പരാജയം പുത്തരിയല്ല. ഈ രംഗത്ത് ഏറ്റവും ആധികാരികത അവകാശപ്പെടുന്ന അമേരിക്കയുടെ ആദ്യ ഘട്ട പരീക്ഷണങ്ങളില്‍ മിക്കതും പരാജയമായിരുന്നു. സോവിയറ്റ് യൂനിയന്‍ നടത്തിയ മൂന്ന് ഡസന്‍ ദൗത്യം പരാജയപ്പെട്ടിടത്താണ് ഇരുപതെണ്ണത്തില്‍ വിജയിച്ചത്. ചൈനയും ഇസ്‌റാഈലുമെല്ലാം പരാജയപ്പെട്ടിട്ടുണ്ട്. പരാജയത്തിന്റെ ആഘാതം കുറച്ച് കാണുകയോ പെരുപ്പിച്ച് കാണിക്കുകയോ പാടില്ല. ശാസ്ത്ര പരീക്ഷണത്തെ മുന്നോട്ട് നയിക്കാന്‍ ഈ രണ്ട് സമീപനവും ഗുണം ചെയ്യില്ല. ഇന്ത്യയെപ്പോലുള്ള ഒരു വികസ്വര രാജ്യത്തിന് മനുഷ്യരുടെ ജീവിതവുമായി നേരിട്ട് ബന്ധമുള്ള നിരവധിയായ പ്രശ്‌നങ്ങളുണ്ട്. ആവശ്യത്തിന് സമ്പത്തില്ലായ്മ പ്രശ്‌ന പരിഹാരത്തെ ദുഷ്‌കരമാക്കുന്നുമുണ്ട്. അതുകൊണ്ട് ചന്ദ്രയാനായി ചെലവഴിച്ച 978 കോടി അമൂല്യം തന്നെയാണ്. ഖജനാവില്‍ നിന്ന് അത്രയും കോടി നഷ്ടപ്പെടുമ്പോള്‍ ചോദ്യങ്ങള്‍ ഉയരുകയും ചെയ്യും.

ഗവേഷണവും പരീക്ഷണവും പുതിയ ദൗത്യങ്ങളും ഏറ്റെടുത്ത് വിജയങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് ഈ ചോദ്യങ്ങള്‍ക്കുള്ള ശരിയുത്തരം. വീണ്ടും ഉദയമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് ആ അര്‍ഥത്തിലായിരിക്കും. ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതി ഐ എസ് ആര്‍ ഒക്ക് മുന്നിലുണ്ട്. ചന്ദ്രയാന്‍ മൂന്നും ഒരുങ്ങുന്നുണ്ട്. നിരാശരാകാതെ ഈ ചുവടുകളിലേക്ക് കരുതലോടെ നീങ്ങുകയാണ് ശാസ്ത്ര സംഘം ഇപ്പോള്‍ ചെയ്യേണ്ടത്. അവരെ പിന്തുണക്കാം.