രാജസ്ഥാനില്‍ ഗുണ്ടാ സംഘം പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു; ലോക്കപ്പില്‍ നിന്ന് കൊടും ക്രിമനലിനെ മോചിപ്പിച്ചു

Posted on: September 6, 2019 9:08 pm | Last updated: September 7, 2019 at 12:14 pm

ജയ്പൂര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ എ കെ 47 തോക്കുകളുമായി എത്തിയ അക്രമിസംഘം പോലീസ് ലോക്കപ്പില്‍ നിന്ന് കൊടും ക്രിമിനലിനെ മോചിപ്പിച്ചു. ഇന്ന് രാവിലെ ബെഹ്‌റോര്‍ പോലീസ് സ്‌റ്റേഷനിലാണ് ബോളിവുഡ് സിനിമക്ക് സമാനമായ സംഭവം നടന്നത്. മൂന്ന് വാഹനങ്ങളിലായെത്തിയ ഇരുപതോളം വരുന്ന സംഘം പോലീസ് സ്‌റ്റേഷനും നേരെ 40 റൗണ്ട് വെടിയുതിര്‍ത്തു. പ്രാണരക്ഷാര്‍ഥം പോലീസുകാര്‍ ചിതറിയോടിയപ്പോള്‍ സ്‌റ്റേഷനകത്തേക്ക് ഓടിക്കയറിയ സംഘം കൊടും ക്രിമിനലായ വിക്രം ഗുര്‍ജാറിനെ ലോക്കപ്പില്‍ നിന്ന് മോചിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു.

ഇതുകൊണ്ടും സംഭ്രമജനകവും നാടകീയവുമായ സംഭവവികാസങ്ങള്‍ അവസാനിച്ചില്ല. മടങ്ങിപ്പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കേടായതിനെ തുടര്‍ന്ന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് വാനില്‍ കയറി കടന്നുകളഞ്ഞു. പിക്കപ്പില്‍ മുഴുവന്‍ പേരെയും കൊള്ളാതെ വന്നതിനെ തുടര്‍ന്ന് തോക്ക് ചൂണ്ടി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ ശേഷം ഒരു സ്‌കോര്‍പിയോ വാഹനവും റാഞ്ചി. പോലീസ് ക്രിമിനല്‍ സംഘത്തെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. ഇവരെ കണ്ടെത്തുന്നതിനായി സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പിനെ രാജസ്ഥാന്‍ ഡി ജി പി. ഭൂപേന്ദ്ര യാദവ് നിയോഗിച്ചിട്ടുണ്ട്.

ഹരിയാനയിലെ ഗുണ്ടാത്തലവന്‍ കുല്‍ദീപിന്റെ സംഘത്തില്‍ പെട്ടയാളാണ് ഗുര്‍ജാര്‍. പോലീസ് കോണ്‍സ്റ്റബിളിനെ ഉള്‍പ്പടെ അഞ്ചു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഇയാള്‍. ഗുര്‍ജാറിന്റെ തലക്ക് പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയാണ് പോലീസ് ഇയാളെ പിടികൂടി ലോക്കപ്പിലടച്ചിരുന്നത്.

സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ നിയമ ക്രമസമാധനാ നില വിലയിരുത്തുന്നതിന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പോലീസ് ഉദ്യോഗസ്ഥന്മാരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു.