‘കേരളം ഇന്ത്യയുടെ ഭാഗം’; ഹൈക്കോടതി ജഡ്ജിക്കും ചീഫ് സെക്രട്ടറിക്കും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം

Posted on: September 6, 2019 1:54 pm | Last updated: September 6, 2019 at 4:19 pm

ന്യൂഡല്‍ഹി: കണ്ടനാട് പള്ളിത്തര്‍ക്കത്തില്‍ ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതി. സുപ്രീം കോടതി ഉത്തരവ് മറികടന്നു തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ട ഹൈക്കോടതി ജഡ്ജിക്കെതിരെയാണ് സുപ്രീംകോടതി രൂക്ഷ വിമര്‍ശമുയര്‍ത്തിയത്. സുപ്രീംകോടതി വിധി മറികടക്കാന്‍ ഹൈക്കോടതി ജഡ്ജിക്ക് ആര് അധികാരം നല്‍കിയെന്നും ജഡ്ജിക്കെതിരെ നടപടി വേണ്ടിവരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

സുപ്രീംകോടതി ഉത്തരവുകള്‍ നിരന്തരം കേരളത്തില്‍ ലംഘിക്കപ്പെടുന്നു. കേരളവും ഇന്ത്യയുടെ ഭാഗമാണ്. ഉത്തരവ് നടപ്പാക്കാത്ത ചീഫ് സെക്രട്ടറിയെയും വിമര്‍ശിച്ച സുപ്രീംകോടതി, തല്‍സ്ഥിതി തുടരാനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. കണ്ടനാട് പള്ളിത്തര്‍ക്ക കേസില്‍ 2017ലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷവിമര്‍ശമുണ്ടായത്. ഓര്‍ത്തഡോക്‌സ് സഭക്ക് ആരാധന നടത്താനായിരുന്നു 2017ലെ സുപ്രീം കോടതി വിധി. ഈ വിധി നിലനില്‍ക്കെ യാക്കോബായ സഭക്ക് കൂടി ആരാധനക്ക് അനുമതി ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ഇടക്കാല ഉത്തരവിറക്കി. ഇത് ചോദ്യം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് അരുണ്‍മിശ്ര കടുത്ത ഭാഷയില്‍ ഹൈക്കോടതി ജഡ്ജിയെ വിമര്‍ശിച്ചത്.