Connect with us

Socialist

സോഷ്യല്‍ മീഡിയ ഉപയോഗം കരുതലോടെ; കാന്തപുരത്തിന്റെ കുറിപ്പ്

Published

|

Last Updated

“അധ്യാപക ദിനം – ചാരിറ്റി ഡേ” ഇന്നത്തെ ദിവസം സവിഷേതകൾ നിറഞ്ഞതാണ്. സ്നേഹമസൃണമായ നിരവധി സന്ദേശങ്ങളും അഭിനന്ദനങ്ങളും ലഭിച്ച ഈ സമയത്ത് ഗുണപരമായ ഒരു കാര്യം കുറിക്കണമെന്ന് തോന്നുന്നു. സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. നേരത്തെ പൊതുസമൂഹത്തിലേക്ക് എത്തിയിരുന്ന, പ്രചരിക്കപ്പെട്ടിരുന്ന വിവരങ്ങൾ മാധ്യമ സ്ഥാപനങ്ങളിലെ നിരവധി പേരുടെ നോട്ടവും എഡിറ്റിങ്ങും കഴിഞ്ഞു ഏറെക്കുറെ കൃത്യമായ വിധത്തിലായിരുന്നു. എന്നാൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ വന്നതോടെ ആർക്കും വാര്‍ത്തകള്‍  സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും സാധിക്കുന്ന അവസ്ഥയാണ്. പലപ്പോഴും, വസ്തുതാപരമാണോ അല്ലെയോ എന്നറിയാതെ ആളുകൾ അവ പ്രചരിപ്പിക്കുന്നു. കേരളത്തിൽ കഴിഞ്ഞ വര്ഷം ഉണ്ടായ ഒരു ഹർത്താലും, അത് ആസൂത്രണം ചെയ്തവരെ പിന്നീട് പോലീസ് പിടികൂടിയപ്പോൾ ഉണ്ടായ കാര്യങ്ങളും എല്ലാവരും ഓർക്കുന്നുണ്ടാവും. വിശ്വാസിയുടെ ലക്ഷണം, സത്യം മാത്രം പറയലും പ്രചരിപ്പിക്കലും ആണ്. എങ്ങനെയാണ് ഒരു വിവരം/ വാർത്ത നമ്മുടെ അടുത്തു എത്തിയാൽ കൈകാര്യം ചെയ്യേണ്ടത് എന്ന് ഖുർആൻ തന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ.

വിവിധ തലങ്ങളിൽ സാമൂഹികവും സാംസ്കാരികവും ജീവകാരുണ്യപരവുമായ ഇടപെടലുകൾ നടത്തുന്നവരെ സംബന്ധിച്ച് പലപ്പോഴും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങൾ നടത്താൻ സോഷ്യൽ മീഡിയ ഉപയോഗിക്കപ്പെടുന്ന സാഹചര്യം നമുക്കിടയിലുണ്ട്. ജീവകാരുണ്യ രംഗത്തു കേരളത്തിൽ സജീവമായ വ്യക്തികൾക്കെതിരെ ഈയിടെ ഉണ്ടായ വിമർശനങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നു. അടിസ്ഥാനമില്ലാത്ത കിംവദന്തികളാണ് നിരവധി പേർ പ്രചരിപ്പിക്കുന്നത്. തെറ്റായ അത്തരം പ്രചാരണങ്ങൾക്ക് ഇരയാകുന്ന വ്യക്തികളും അവരുടെ കുടുംബങ്ങളും അനുഭവിക്കുന്ന മാനസിക പ്രയാസം നാം ഊഹിക്കുന്നതിലും വലുതായിരിക്കും. നാമറിയാതെ, വ്യക്തികൾക്കെതിരെ നാം അപവാദപ്രചരണം നടത്തുന്നു. ഒരർത്ഥത്തിൽ അവരെ ശിക്ഷിക്കുന്നു.

ഇത്തരം ഉപചാപങ്ങളിൽ അടുത്തിടെ ശ്രദ്ധയിൽപെട്ട ഒന്നാണ്, പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസുഫലിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന തെറ്റായ പ്രചാരണം. പതിറ്റാണ്ടുകളുടെ അടുപ്പമുണ്ട് അദ്ദേഹവുമായി. എല്ലാവർക്കും അറിയാവുന്ന പോലെ, വിദ്യാഭ്യാസപരവും ജീവകാരുണ്യപരവുമായ സംരംഭങ്ങൾക്ക് വലിയ സഹായങ്ങൾ നൽകുന്ന വ്യക്തിയാണ് അദ്ദേഹം. മർകസുമായി ബന്ധപ്പെട്ടു എത്രയോ ആളുകളുടെ ബുദ്ധമുട്ടുകൾ അറിഞ്ഞു അദ്ദേഹം നേരിട്ട് സഹായം തന്നിട്ടുണ്ട്. ഈയിടെ എന്റെ പ്രിയപ്പെട്ട ശിഷ്യൻ കെ.എം ബഷീറിനെ ദാരുണമായ മരണം നടന്നപ്പോൾ, ആ കുടുംബത്തിന്റെ അവസ്ഥകൾ അന്വേഷിച്ചു അദ്ദേഹം എന്നെ വിളിക്കുകയും, ചെറിയ രണ്ടു കുട്ടികൾ അടങ്ങുന്ന കുടുംബത്തിന് പത്തു ലക്ഷം രൂപ നൽകുകയും ചെയ്യുകയുമുണ്ടായി. ഇങ്ങനെ, പല സന്ദർഭങ്ങളിലും ആവശ്യപ്പെടുക പോലും ചെയ്യാതെ കാര്യങ്ങൾ കണ്ടറിഞ്ഞു നേരിട്ട് ആളുകളെ സഹായിക്കുന്ന സമീപനമാണ് എം.എ യൂസുഫലി സ്വീകരിക്കാറുള്ളത്. അദ്ദേഹത്തിനെതിരെ നടക്കുന്ന അപവാദപ്രചാരണങ്ങൾ ശരിയല്ല.

പ്രളയമടക്കമുള്ള അനിവാര്യ ഘട്ടത്തിൽ സമൂഹ മാധ്യമങ്ങളെ ഏറ്റവും നല്ലതിന് വേണ്ടി ഉപയോഗിച്ച മലയാളികൾ മറ്റു സമയങ്ങളിലും ഔചിത്യം പാലിക്കണമെന്ന് മറന്നുപോവരുത്. സമൂഹത്തിനു ഗുണകരമായത് ചെയ്യാനും അത്തരം നന്മകൾ ചെയ്യുന്നവരെ പ്രചോദിപ്പിക്കാനുമാവണം നമ്മുടെ വാക്കും എഴുത്തും. ഭിന്നതയും വിദ്വേഷവും വളർത്തുന്ന എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതാവണം നമ്മുടെ ഇടപെടലുകൾ.

കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാരുടെ ഫേസ്ബുക്ക് പോസ്റ്റ്‌