Connect with us

Kerala

പി ജെ ജോസഫിനെതിരെ യു ഡി എഫ് കണ്‍വന്‍ഷനില്‍ പ്രതിഷേധം; മുന്നണി നേതാക്കള്‍ക്ക് മുമ്പിലിട്ടായിരുന്നു പ്രതിഷേധം

Published

|

Last Updated

പാലായില്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പി ജെ ജോസഫ് പ്രസംഗിക്കുന്നതിനിടെ പ്രതിഷേധിച്ചവരോട് ജോസ് കെ മാണി ശാന്തരായി ഇരിക്കാന്‍ ആവശ്യപ്പെടുന്നു

കോട്ടയം: പാലായില്‍ യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിടെ കേരള കോണ്‍ഗ്രസ് എം നേതാവ് പി ജെ ജോസഫിന് തെറിവിളിയും കൂവലും. ജോസ് കെ മാണിയെ അനുകൂലിക്കുന്ന കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പി ജെ ജോസഫിനെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള യു ഡി എഫിന്റെ മുതിര്‍്ന്ന നേതാക്കളുടെ മുമ്പിലിട്ട് കൂവിയത്. പി ജെ ജോസഫ് കണ്‍വന്‍ഷനിലെത്തിയത് മുതല്‍ പ്രസംഗിച്ച് മടങ്ങുന്നതുവരെ പലപ്പോഴും കൂവലും ഗോ ബാക്ക് വിളിയുമുണ്ടായി.

ജോസഫ് പ്രസംഗിക്കാന്‍ എഴുനേറ്റത് മുതല്‍ കൂവലിന്റെ ശക്തി വര്‍ധിപ്പിച്ചു. ഇടക്കിടക്ക് സദസ്സില്‍ നിന്ന് തെറിവിളിയുമുണ്ടായി. കൂവല്‍ ശക്തമായപ്പോള്‍ ഇടക്ക് ജോസ് കെ മാണി പ്രവര്‍ത്തകരോട് ശാന്തരായിരിക്കാന്‍ കൈക്കൊണ്ട് ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ നില്‍ക്കുന്ന ഭാഗത്തേക്ക് എത്തി ചില പ്രവര്‍ത്തകര്‍ ജോസഫിന് ഗോ ബാക്ക് വിളിച്ചു. ജോസഫിനെ കൂവിയും ജോസ് കെ മാണിക്കും സ്ഥാനാര്‍ഥി ജോസ് ടോമിനും ജയ് വിളിച്ചും പ്രവര്‍ത്തകര്‍ വികാര പ്രവര്‍ത്തനം നടത്തുമ്പോള്‍ വേദിയിലുണ്ടായിരുന്ന യു ഡി എഫ് നേതാക്കള്‍ മൗനം പാലിച്ചു.

നിങ്ങളുടെ എല്ലാ വികാരങ്ങളും താന്‍ മനസ്സിലാക്കുന്നുവെന്ന് ജോസഫ് പറഞ്ഞപ്പോഴാണ് സദസ്സില്‍ നിന്ന് തെറിവിളിയുണ്ടായത്. സ്ഥാനാര്‍ഥിയെ അനുകൂലിക്കുന്നവരാണു തന്നെ തെറിവിളിച്ചതെന്ന് കരുതുന്നില്ലെന്നായിരുന്നു ജോസഫിന്റെ പ്രതികരണം.ജോസ് ടോമിനെ വിജയിപ്പക്കണമെന്ന് ജോസഫ് പറഞ്ഞപ്പോള്‍ മാത്രം സദസ്സില്‍ നിന്ന് കൈയടിയുണ്ടായി. പ്രസംഗം ദീര്‍ഘിപ്പിക്കാതെ അവസാനിപ്പിക്കുന്നതായി ജോസ്ഫ് പറഞ്ഞപ്പോഴും കൂവലായിരുന്നു സദസ്സിന്റെ പ്രതികരണം.

Latest